Quantcast

റെയ്സിനാ കുന്നിലെ ക്ലാപ്പനക്കാരൻ

കടുത്ത ജീവിത ബുദ്ധിമുട്ടുകളുടെ കുട്ടിക്കാലത്ത് നിന്നും രാഷ്ട്രപതിയുടെ സെക്രട്ടറിയായി വളർന്ന ക്രിസ്റ്റി ഫെർണാണ്ടസ് വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് നിശബ്ദമായി കേരളത്തിന് വേണ്ടി പ്രവർത്തിച്ച ഒരു മനുഷ്യനെ കൂടിയാണ്.

MediaOne Logo
Obituary for Christy Fernandez
X

കടുത്ത ജീവിത ബുദ്ധിമുട്ടുകളുടെ കുട്ടിക്കാലത്ത് നിന്നും രാഷ്ട്രപതിയുടെ സെക്രട്ടറിയായി വളർന്ന ക്രിസ്റ്റി ഫെർണാണ്ടസ് വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് നിശബ്ദമായി കേരളത്തിന് വേണ്ടി പ്രവർത്തിച്ച ഒരു മനുഷ്യനെ കൂടിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ ക്രിസ്റ്റിക്ക് പിതാവിനെ നഷ്ടമായി. വീടിനടുത്തുള്ള സെന്റ് ജോസഫ് എൽ പി സ്‌കൂളിലും ക്രിസ്തുരാജ ഹൈസ്‌കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. സഹോദരി ഡെയ്‌സി ഫെർണാണ്ടസ് ആണ് ലക്ഷ്യബോധവും ഈശ്വര വിശ്വാസവും പകർന്നു നൽകിയത്.

എം എസ് സി സുവോളജിയിൽ ഒന്നാം റാങ്ക് നേടി വിജയിച്ചു ഗവേഷകനായിരിക്കുമ്പോഴാണ് ജീവിതത്തിന്റെ ഗതി മാറുന്നത്. സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ പാസായ ക്രിസ്റ്റി ഗുജറാത്ത് കേഡറിൽ ജില്ലാ വികസന ഓഫീസർ ആയിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ജില്ലാ കളക്ടർ ആയപ്പോൾ പുതിയ ആശയങ്ങൾ പരീക്ഷിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. എത്ര വലിയ കുഴപ്പം പിടിച്ച ജോലിയും കൃത്യമായ ആസൂത്രണത്തോടെ ചെയ്യുകയും ചെറു ചിരിയോടെ അതിഥികളെ വരവേൽക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനായിട്ടാണ് കൂടെ ജോലി ചെയ്തവർ ഓർത്തെടുക്കുന്നത്.

ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ നഗര വികസന വകുപ്പിന്റെയും വിനോദ സഞ്ചാരവകുപ്പിന്റെയും പ്രിൻസിപ്പൽ ആയ ശേഷമാണു ഡൽഹിയിലേക്ക് കർമ്മ മണ്ഡലം മാറുന്നത്. രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയാകുന്ന കാലത്താണ് കേരളത്തിലെ പല വികസന പദ്ധതികളും ചുവപ്പ് നാടയിൽ നിന്നും അഴിച്ചു മാറ്റുന്ന ജോലി അദ്ദേഹം ചെയ്തത്. അതിലൊന്നായിരുന്നു കാലങ്ങളായി അനുമതിയാകാതിരുന്ന കൊല്ലം ബൈപ്പാസ് . കൊല്ലം കണ്ടാൽ ഡൽഹി പോലും വേണ്ടെന്നു വയ്ക്കും എന്നായിരുന്നു ക്രിസ്റ്റിയെ കുറിച്ചുള്ള അടുപ്പക്കാരുടെ കമന്റ് .

കരുനാഗപ്പള്ളിയിലാണ് ജന്മ സ്ഥലം എന്നറിഞ്ഞതോടെ തന്നോടുള്ള ഇഷ്ടം പതിന്മടങ്ങായി വർദ്ധിച്ചതായി മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പിഡിറ്റി ആചാരി ഓർത്തെടുക്കുന്നു. ഡൽഹിയിലെ വസതിയിലേക്ക് ക്ഷണിച്ചു ഊണ് വിളമ്പി നൽകുന്ന വീട്ടുകാരനായി അദ്ദേഹം പലപ്പോഴും മാറി. മലയാളത്തെയും മലയാള സാഹിത്യത്തെയും ചേർത്തുപിടിച്ച ഒരാളായിട്ടാണ് ക്രിസ്റ്റിയെ രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറി വേണു രാജാമണി ഓർത്തെടുക്കുന്നത്.

ക്രിസ്റ്റി ഫെർണാണ്ടസ് ഡൽഹി മലയാളികൾക്ക് ഒരു വിലപ്പെട്ട മേൽവിലാസമായിരുന്നു . മലയാളി സംഘടനകളെ അദ്ദേഹം രാഷ്‌ട്രപതി ഭവനിലേക്ക് വിളിച്ചു. അവിടെ പരിപാടികൾ സംഘടിപ്പിച്ചു. കെ. ആർ . നാരായണൻ രാഷ്ട്രപതിയായ ശേഷം ഏറ്റവും കൂടുതൽ മലയാളികൾ ഏറ്റവും കൂടുതൽ തവണ രാഷ്‌ട്രപതി ഭവനിൽ എത്തിയത് , ക്രിസ്റ്റി സെക്രട്ടറി ആയിരുന്ന കാലത്താണെന്നു കാർട്ടൂണിസ്റ്റ് സുധീർനാഥ് പറയുന്നു. ആർക്കും എന്ത് സഹായം ചോദിച്ചാലും ചെയ്തു കൊടുക്കുകയും പിന്നീട് അക്കാര്യം മറന്നുകളയുകയും ചെയ്യുന്ന പ്രകൃതമായിരുന്നു.

2014 കാലത്ത് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച ക്രിസ്റ്റി ഫെർണാണ്ടസിന്റെ അന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പ്രൊഫ കെ വി തോമസ് തോൽപ്പിച്ചെങ്കിലും സ്നേഹം കൊണ്ട് തിരികെ തോൽപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് മെനിഞ്ചൈറ്റിസ് ബാധിച്ച കാലത്തെ ക്രിസ്റ്റിയുടെ ഇടപെടൽ നിലവിൽ ഡൽഹി കേരള ഹൗസിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിനു മറക്കാനാവില്ല . ഭക്ഷ്യ മന്ത്രി ആയിരിക്കെയാണ് ഡൽഹിയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. നാൾക്ക് നാൾ അസുഖം കൂടി വരുന്നതല്ലാതെ കുറയുന്ന ലക്ഷണവുമില്ല. മകൻ ഡോ . ജോ ജോമസ് ആണ് കൂടെയുള്ളത് . എന്തെങ്കിലും അത്യാവശ്യം വന്നാൽ ബന്ധപ്പെടേണ്ട ഒരു നമ്പർ തോമസ് മകന്റെ കൈവശം നൽകിയിരുന്നു . ഒരു ദിവസം രാത്രി 12 മണിയോടെ കെ വി തോമസ് അബോധാവസ്ഥയിലായി . വിദഗ്ധ ചികിത്സയ്ക്കായി മികച്ച ആധുനിക സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്റ്റർ കൂടിയായ മകന് അറിയാം. പക്ഷെ പാതിരാത്രിയിൽ ആരെ ബന്ധപ്പെടും? പെട്ടെന്നാണ് പപ്പ നൽകിയ നമ്പർ ഓർത്തത്. ആ നമ്പറിലേക്ക് ഡയൽ ചെയ്തു . രാഷ്‌ട്രപതി ഭവനിലാണ് മറുതലയ്ക്കൽ ഫോൺ എടുത്തിരിക്കുന്നത്. ആശങ്കയോടെ ക്രിസ്റ്റിയോട് കാര്യങ്ങൾ ജോ പറഞ്ഞൊപ്പിച്ചു. പിന്നെയെല്ലാം മിന്നൽ വേഗത്തിലായിരുന്നു . രാഷ്‌ട്രപതി ഭവനിലെ ആംബുലന്സിലാണ്‌ കെ വി തോമസിനെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുന്നത്...ഇങ്ങനെ മനുഷ്യരുടെ കാവൽ മാലാഖയായി മാറിയ എത്രയോ അനുഭവങ്ങൾ .

വിരമിച്ചു നാട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത് സിവിൽ സർവീസിലേക്ക് കടന്നുവരാൻ താല്പര്യമുള്ളവർക്കായി ട്രിയൂൻ എന്ന അക്കാദമി സ്ഥാപിക്കുകയായിരുന്നു . ഒരു സ്വാധീനവും ഇല്ലാത്ത പാവപ്പെട്ടവരുടെ മക്കൾക്ക് ഈ മേഖലയിലേക്ക് കടന്നുവരാൻ കളമൊരുക്കുകയാണ് അദ്ദേഹം ചെയ്തത്.ക്ലാപ്പനയെ എന്നും ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന ക്രിസ്റ്റി ആ മണ്ണിൽ തന്നെയാണ് അലിഞ്ഞു ചേരുന്നത്. എറണാകുളത്തെ പൊതുദർശനത്തിനു ശേഷം കൊല്ലത്തേക്ക് അന്ത്യയാത്ര . ആറാം തിയതി രാവിലെ പതിനൊന്നരയ്ക്ക് ക്ലാപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരി കല്ലറയിലാണ്‌ സംസ്കാരം.


TAGS :

Next Story