Quantcast

പേജർ സ്‌ഫോടനം: വിമാന സുരക്ഷയിൽ മാറ്റങ്ങൾ വരുമോ?

വിമാനക്കമ്പനികൾ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ പുതിയ വിചിന്തനത്തിനാണ് ഈ സംഭവം അവസരമാകുന്നത്.

MediaOne Logo
പേജർ സ്‌ഫോടനം: വിമാന സുരക്ഷയിൽ മാറ്റങ്ങൾ വരുമോ?
X

പരസ്പര ബന്ധിതമായി ഇന്നത്തെ ലോകത്ത് വ്യോമയാന രംഗത്തെ സുരക്ഷ മുമ്പെന്നത്തേക്കാളും നിർണായകമാണ്. സെപ്തംബർ 17-ന് ലബനാനിൽ ഹിസ്ബുല്ല അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ ഒന്നിച്ച് പൊട്ടിത്തെറിപ്പിച്ചു കൊണ്ട് നടത്തിയ ആസൂത്രിതമായ ആക്രമണം ഉയർന്നുവരുന്ന ഒരു പുതിയ ഭീഷണിയെയാണ് ഉയർത്തിക്കാട്ടുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളെ തന്നെ ആയുധങ്ങളാക്കി ഉപയോഗിക്കുക എന്നതാണത്. ഈ സംഭവം വ്യോമയാന മേഖലയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്. വിമാനയാത്രക്കാർ കൈവശം വെക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റി പുനരാലോചന നടത്താൻ ഇത് കാരണമാകും.

ലബനാനിൽ സംഭവിച്ചത്

സെപ്തംബർ 17ന് ലബനാനിലും സിറിയയിലുമായി ഹിസ്ബുല്ല അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിഞ്ഞപ്പോൾ കുറഞ്ഞത് എട്ടുപേർ തത്സമയം മരിക്കുകയും 2,700 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരീക്ഷിക്കപ്പെടുന്നതിൽ നിന്നു രക്ഷപ്പെടാനായി മൊബൈൽ ഫോണുകൾക്കു പകരം ഉപയോഗിക്കാൻ വേണ്ടിയാണ് ഹിസ്ബുല്ല പേജറുകൾ വാങ്ങിയത്; അതുപക്ഷേ, സങ്കീർണമായ ഒരു ആക്രമണത്തിന് ഇരയാകുന്നതിലേക്കാണ് അവരെ നയിച്ചത്. ഭൂമിയിലാണ് ഇത് നടന്നതെങ്കിലും വ്യോമയാന മേഖലയ്ക്ക് ആശങ്ക പകരുന്നതാണ് ഈ സംഭവം. വിമാനങ്ങളിൽ യാത്രക്കാർ കൈവശം കരുതുന്ന ഉപകരണങ്ങളും സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടേക്കാം എന്നത് അസാധ്യമല്ല എന്നതാണ് ആശങ്കയ്ക്കുള്ള കാരണം.

വ്യോമയാന സുരക്ഷ; ഇത്ര മതിയോ?

ഇലക്ട്രോണിക് ഉപകരണങ്ങൾ സംബന്ധിച്ച് വിമാനക്കമ്പനികൾ കർശനമായ സുരക്ഷാചട്ടങ്ങളാണ് പാലിച്ചുവരുന്നത്; പ്രത്യേകിച്ചും കേടുവന്നാൽ പൊട്ടിത്തെറിക്കാനിടയുള്ള ലിഥിയം ഇയോൺ ബാറ്ററികളുടെ കാര്യത്തിൽ. എന്നാൽ, ലബനാനിലേതു പോലെ ദുഷ്ടബുദ്ധിയോടെ ക്ഷുദ്രകരമായ സോഫ്റ്റ്‌വെയറുകളോ സൂക്ഷ്മഘടകങ്ങളോ സ്ഥാപിച്ച് നിയന്ത്രിക്കുന്ന ഉപകരണങ്ങൾ അതിലും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പരമ്പരാഗത വെല്ലുവിളികളും, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സങ്കീർണമായ പുതിയ ഭീഷണികളും നേരിടുന്നതിന് വ്യോമയാന മേഖലയിലെ സ്‌ക്രീനിങ് പ്രക്രിയ വികസിക്കേണ്ടതുണ്ട്.

പരമ്പരാഗത സുരക്ഷയ്ക്കപ്പുറം

വിമാനക്കമ്പനികൾ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ പുതിയ വിചിന്തനത്തിനാണ് ഈ സംഭവം അവസരമാകുന്നത്. വ്യോമയാന രംഗത്ത് പരിഷ്‌കരം ആവശ്യമായ മൂന്ന് പ്രധാന മേഖലകൾ ഇവയാണ്:

1. സ്‌ക്രീനിങ് സാങ്കേതിക വിദ്യ പരിഷ്‌കരിക്കുക: ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ കണ്ടുപിടിക്കാനുദ്ദേശിച്ചുള്ളതാണ് ഇപ്പോഴത്തെ സ്‌ക്രീനിങ് പ്രക്രിയ. അതിനുപകരം, അത്യാധുനിക സി.ടി സ്‌കാനറുകളും നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന പരിശോധനാ ഉപകരണങ്ങളും ഉപയോഗിച്ച് യാത്രക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കണം. ഉപകരണങ്ങളിൽ സൂക്ഷ്മമായ അപകടങ്ങൾ പതിയിരിക്കുന്നുണ്ടോ എന്ന് വിമാനത്തിൽ കയറുന്നതിനുമുമ്പേ കണ്ടെത്താൻ ഇതുവഴി കഴിയും.

2. സൈബർ സെക്യൂരിറ്റി വിദഗ്ധരുമായുള്ള പങ്കാളിത്തം: വ്യോമയാന സുരക്ഷയിൽ സൈബർ വിദഗ്ധരെ കൂടി പങ്കാളികളാക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതാണ് ലബനാൻ സംഭവം. സൈബർ സെക്യൂരിറ്റി സ്ഥാപനങ്ങളുമായി കൈകോർക്കുക വഴി, ഇലക്ട്രോണിക് ഉപകരണങ്ങളിൽ പതിയിരിക്കുന്ന പുതിയതരം വെല്ലുവിളികൾ തിരിച്ചറിയാനും പ്രതിരോധം തീർക്കാനും വിമാനക്കമ്പനികൾക്കു കഴിയും.

3. യാത്രക്കാർക്കുള്ള ബോധവൽക്കരണം, ഉപകരണ സുരക്ഷ: നിർമാതാക്കളുടെ അംഗീകാരവും സർട്ടിഫിക്കേഷനുമുള്ള ഉപകരണങ്ങളുടെ പ്രാധാന്യത്തെപ്പറ്റി യാത്രക്കാരെ ബോധവൽക്കരിക്കുക എന്നത് പ്രധാനമാണ്. വ്യാജവും കൃത്രിമവുമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ അപകടങ്ങൾ സംബന്ധിച്ച് വിമാനക്കമ്പനികൾ ബോധവൽക്കരണം നടത്തണം.

വ്യോമയാന സുരക്ഷയുടെ ഭാവി

ഭീഷണികളുടെ വിതാനങ്ങൾ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ നിർണായകമായ ഓർമ്മപ്പെടുത്തലാണ് ലബനനിലെ സംഭവങ്ങൾ. ശക്തമായ സാങ്കേതിക കണ്ടുപിടിത്തം, രഹസ്യാന്വേഷണ ഏജൻസികളുമായുള്ള അടുത്ത പങ്കാളിത്തം, ഇലക്ട്രോണിക് ഉപകരണ സുരക്ഷയിൽ ശക്തമായ ശ്രദ്ധ എന്നിവ ഉൾപ്പെടുന്ന സമീപനമാണ് വ്യോമയാന വ്യവസായം സ്വീകരിക്കേണ്ടത്. അതുവഴി യാത്രക്കാരെ സംരക്ഷിക്കാനും ആകാശം സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാനും വിമാനക്കമ്പനികൾക്ക് കഴിയും.

നിയന്ത്രണ സംവിധാനങ്ങൾ ലബനാനിൽ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ബെയ്‌റൂത്തിലെ റാഫിക് ഹരിരി അന്താരാഷ്ട്ര എയർപോർട്ടിൽ പേജറുകളും വോക്കി ടോക്കികളും നിരോധിച്ചുകൊണ്ട് ലബനീസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കൈവശവും ലഗേജിലും ഈ നിരോധനം ബാധകമാണെന്നും, ഇത്തരം ഉപകരണങ്ങൾ പിടിച്ചെടുത്താൽ തിരികെ നൽകില്ലെന്നുമുള്ള വിവരം യാത്രക്കാർക്ക് കൈമാറണമെന്നും ലബനീസ് ഡി.ജി.സി.എ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story