കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വാർഷിക അറ്റാദായം 98.16 കോടി രൂപ: ചരിത്രത്തിലെ മികച്ച പ്രകടനം
കോർപ്പറേഷന്റെ വായ്പാ ആസ്‌തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം, മൊത്ത ആസ്തി (Net worth) 1328.83 കോടി രൂപയായി വർദ്ധിക്കുകയും ചെയ്തു.

തിരുവനന്തപുരം: സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) 2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ രേഖപ്പെടുത്തിയത് കോർപറേഷന്റെ 72 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. 2024-25 സാമ്പത്തികവർഷത്തിലെ അറ്റാദായം 98.16 കോടി രൂപയാണെന്ന് കോർപറേഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. തൊട്ട് മുൻപത്തെ വർഷത്തെ വാർഷികലാഭത്തിൽ നിന്നും 32.56 ശതമാനം വർധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുവർഷ കാലയളവിൽ കോർപറേഷന്റെ അറ്റാദായത്തിൽ ഏകദേശം 14 മടങ്ങ് (1392 ശതമാനം) വർധനവാണുണ്ടായിരിക്കുന്നത്.
കോർപ്പറേഷന്റെ വായ്പാ ആസ്‌തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം, മൊത്ത ആസ്തി (Net worth) 1328.83 കോടി രൂപയായി വർദ്ധിച്ചത് കെ എഫ് സിയുടെ ശക്തമായ സാമ്പത്തികവളർച്ചയുടെ സൂചകമാണ്.
2024–25 സാമ്പത്തിക വർഷത്തിൽ സർക്കാർ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചത് കെ.എഫ്.സിയുടെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 28.26 ശതമാനമായി വർധിക്കാൻ സഹായകമായി. ഇത് എൻ.ബി.എഫ്.സികൾക്ക് റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന കുറഞ്ഞ നിരക്കായ 15 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. കൂടാതെ, മൊത്തം നിഷ്ക്രിയ ആസ്തി (Gross NPA) 2.67% ആയും (2.88ശതമാനം ആയിരുന്നത്) അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 0.61ശതമാനം ആയും (0.68ശതമാനം ആയിരുന്നത്) കുറച്ച് ആസ്തി ഗുണമേന്മയിലും കെ എഫ് സി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ, എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കുമായി 4002.57 കോടി രൂപയുടെ വായ്പകളാണ് കെ.എഫ്.സി അനുവദിച്ചത്. ആകെ വായ്പാ വിതരണം 3918.40 കോടി രൂപയും ആകെ വായ്പാ തിരിച്ചടവ് 3980.76 കോടി രൂപയുമാണ്.
സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങൾ ലാഭകരമായി പ്രവർത്തിപ്പിക്കുക എന്നത് ഇടതുപക്ഷ സർക്കാരിൻ്റെ നയമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളാ ഫിനാൻഷ്യൽ കോർപറേഷനിലെ ഇതുവരെയുള്ള സർക്കാർ മൂലധനം 920 കോടി രൂപയാണ്. അതിൽ 500 കോടി രൂപയും നിക്ഷേപിച്ചത് ഈ സർക്കാരിൻ്റെ കാലത്താണ്. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 5 ശതമാനം മുതലുള്ള പലിശനിരക്കിൽ വായ്പകൾ നൽകുന്ന ഒരു പൊതുമേഖലാധനകാര്യസ്ഥാപനം പുരോഗതിയുടെ പാതയിലാകുന്നത് സംസ്ഥാനത്തെ വ്യവസായമേഖലയുടെയും ധനസ്ഥിതിയുടെയും പുരോഗതി കൂടിയാണ് സൂചിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
2 കോടി രൂപ വരെ 5 ശതമാനം പലിശയ്ക്ക് വായ്പ നൽകുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വഴി 3028 സംരംഭങ്ങൾക്കായി 1032.89 കോടി രൂപ വായ്പയായി അനുവദിക്കുകയും, തത്ഫലമായി പ്രത്യക്ഷമായും പരോക്ഷമായും 81,634 തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മികവുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആശയ രൂപീകരണം മുതൽ കമ്പനികളുടെ വിപുലീകരണം വരെയുള്ള ഓരോ ഘട്ടത്തിലും സമഗ്രമായ പിന്തുണയും വായ്പാ സഹായവും ലഭ്യമാക്കുന്ന 'കെ എഫ് സി- സ്റ്റാർട്ടപ്പ് കേരള പദ്ധതി’യിലൂടെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് 5.6 ശതമാനം പലിശനിരക്കിൽ ഈടില്ലാതെ വായ്പ ലഭ്യമാകും. ഇതുകൂടാതെ സ്റ്റാർട്ടപ്പുകൾക്ക് പർച്ചേസ് ഓർഡറുകൾ നടപ്പിലാക്കുന്നതിനും വെഞ്ച്വർ ഡെബ്റ്റ് ഫണ്ടിങിനും പത്തുകോടി രൂപവരെയുള്ള വായ്പയും ലഭ്യമാണ്. പദ്ധതി വഴി ഇതുവരെ 72 കമ്പനികൾക്കായി 95.20 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്. ഇതുവഴി പ്രത്യക്ഷമായും പരോക്ഷമായും 1730 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം അവസാനത്തോടെ 10,000 കോടി രൂപയുടെ വായ്പാ ആസ്തി നേടാനാണ് കെ.എഫ്.സി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഈ വലിയ ലക്ഷ്യം കൈവരിക്കുന്നതിനായി, എം.എസ്.എം.ഇകൾ, ടൂറിസം വ്യവസായം, സ്റ്റാർട്ടപ്പുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിക്കാൻ കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട്. ഈ കഴിഞ്ഞ ബജറ്റിൽ സ്റ്റാർട്ടപ്പുകളുടെ വായ്പാ പരിധി പത്തുകോടിയിൽ നിന്നും പതിനഞ്ച് കോടി രൂപയാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എഫ്.സിയുടെ ശക്തമായ സാമ്പത്തിക പ്രകടനം, പ്രത്യേകിച്ച് 1% ൽ താഴെയുള്ള ഏറ്റവും കുറഞ്ഞ അറ്റ നിഷ്ക്രിയ ആസ്തി, കോർപ്പറേഷന്റെ വിവേകപൂർണ്ണമായ വായ്പാനടപടികളെയാണ് സൂചിപ്പിക്കുന്നതെന്ന് കെ.എഫ്.സി എം.ഡി. ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് പറഞ്ഞു. ഈ റെക്കോർഡ് പ്രകടനം കേരളത്തിന്റെ വ്യാവസായിക, സംരംഭക മുന്നേറ്റത്തിൽ കെ.എഫ്.സി യുടെ പ്രാധാന്യത്തെയാണ് അടയാളപ്പെടുത്തുന്നത്. കേരളത്തിലെ എം.എസ്.എം.ഇ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരമായ സാമ്പത്തികവളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനും കെ എഫ് സി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ഡോ. ശ്രീറാം കൂട്ടിച്ചേർത്തു.
പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനും കെ.എഫ്.സി ഈ വർഷം സമഗ്രമായ ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ ഓഫീസുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണവും ജീവനക്കാർക്ക് ഗുണനിലവാരമുള്ള പരിശീലനം നൽകുന്നതും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

