Quantcast

ഇറാന്റെ ആണവപദ്ധതി തൽകാലം സുരക്ഷിതം; ഇനിയെന്ത്?

ന്യൂയോർക് ടൈംസ് ഇന്ന് രാവിലെ പുറത്തുവിട്ട ഇറാൻ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ ടെക്സ്റ്റ് മെസേജുകളിൽ ഇറാനിൽ ഇത് സൃഷ്ടിച്ച പരിഭ്രാന്തി വ്യക്തമാണ്. അതിങ്ങനെ വായിക്കാം: ‘‘എവിടെയാണ് നമ്മുടെ എയർ ഡിഫൻസ്’’, ‘‘എങ്ങനെയാണ് ഇസ്രയേലിന് അവർക്ക് ഇഷ്ടമുള്ളതുപോലെ കടന്നുവരാനും നമ്മുടെ മുതിർന്ന കമാൻഡർമാരെ കൊല്ലാനും കഴിയുന്നത്?’’, ‘‘ഇതൊന്നും തടയാൻ നമുക്ക് കഴിയില്ലെന്നാണോ’’. ഇത്രയും കനത്ത ആക്രമണം മുൻകൂട്ടി കാണുന്നതിലും പ്രതിരോധം തീർക്കുന്നതിലും സംഭവിച്ച ഇന്‍റലിജൻസ്, പ്രതിരോധ പാളിച്ചകൾക്ക് നേരെയും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

MediaOne Logo
ഇറാന്റെ ആണവപദ്ധതി തൽകാലം സുരക്ഷിതം; ഇനിയെന്ത്?
X

     

വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ തുടങ്ങിയ കനത്ത ആക്രമണത്തിന്‍റെ ആദ്യഘട്ടത്തിന് ശേഷം ഇറാന്‍റെ ആണവപദ്ധതിക്ക് കാര്യമായ തകരാറുകൾ സംഭവിച്ചതായി സൂചനകളില്ല. ചില ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെടുകയും ആണവപദ്ധതികളുടെ ആണിക്കല്ലായ നതൻസ് നിലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആണവശേഷിയെ ബാധിക്കുന്ന നിലയിൽ അതൊന്നും എത്തിയിട്ടില്ലെന്നാണ് കരുതപ്പെടുന്നത്. ഭൂമിക്ക് മുകളിലുള്ള ന്യൂക്ലിയർ ഫ്യുവൽ പ്രൊഡക്ഷൻ സൈറ്റും ഇലക്ട്രിക്കൽ സപ്ലൈ സെന്‍ററുകളുമാണ് നതൻസിൽ തകർന്നത്. ഇസ്ഫഹാൻ ഉൾപ്പെടെ ആണവ നിലയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ബോംബ് നിർമാണത്തിന് തൊട്ടടുത്ത നിലയിൽ സമ്പുഷ്ടീകരിച്ച ന്യൂക്ലിയർ ഫ്യുവലിന് അപകടമൊന്നും സംഭവിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെ നതൻസ് ആക്രമിച്ചതിന് പിന്നാലെ വൈകുന്നേരത്തോടെയാണ് ഇസ്ഫഹാനിൽ ആക്രമണമുണ്ടായത്. ബോംബ് നിർമാണത്തിന്‍റെ അവസാന ഘട്ടങ്ങളിലൊന്നായ യുറേനിയം വാതകത്തെ ലോഹമാക്കി മാറ്റുന്ന പ്രവൃത്തികൾ നടക്കുന്ന ലാബുകളിലാണ് ബോംബ് വീണത്. ഇന്‍റർനാഷനൽ ആറ്റമിക് എനർജി ഏജൻസി (ഐഎഇഎ)ഡയറക്ടർ ജനറൽ റഫേൽ മരിയാനോ ഗ്രോസി ഏതാണ്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ ഐഎഇഎയുടെ നിരീക്ഷക സംഘം ഇസ്ഫഹാൻ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ പരിശോധിച്ചിരുന്നു. അതുകൊണ്ട് തന്നെ അറിയപ്പെടുന്ന ആണവകേന്ദ്രങ്ങളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ഐഎഇഎക്ക് നല്ല ധാരണയുണ്ട്.

യഥാർഥത്തിൽ ഇസ്രയേലിന്‍റെ ആസന്നമായ ആക്രമണത്തെ കുറിച്ചുള്ള ഇറാന്‍റെ ചില കണക്കുകൂട്ടലുകൾ പിഴച്ചതാണ് വെള്ളിയാഴ്ചയിലെ തിരിച്ചടിക്ക് കാരണമായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസുമായുള്ള ഇറാന്‍റെ ആണവചർച്ചകൾ പരാജയപ്പെട്ടാൽ മാത്രമാകും ഇസ്രയേൽ ആക്രമിക്കുകയെന്നാണത്രെ ഇറാൻ കണക്കുകൂട്ടിയിരുന്നത്. ഞായറാഴ്ച മസ്കത്തിൽ ആറാം വട്ട ചർച്ചകൾ നടക്കാനിരിക്കുന്നതിനിടയിൽ ഇസ്രയേൽ ആക്രമിക്കാൻ സാധ്യതയില്ലെന്ന് അവർ പ്രതീക്ഷിച്ചു. ആക്രമണം ആസന്നമാണെന്ന ഇസ്രയേലി, യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ചർച്ചയിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാന് മേൽ സമ്മർദം ചെലുത്താനുള്ള പ്രോപഗണ്ടയാകുമെന്നും കരുതി. അങ്ങനെയാണ് വേണ്ടത്ര കരുതലെടുക്കുന്നതിൽ ഇറാന് വീഴ്ച പറ്റിയത്. മുതിർന്ന മിലിറ്ററി കമാൻഡർമാർ സുരക്ഷിത താവളങ്ങളിലേക്ക് മാറുന്നതിന് പകരം സ്വന്തം വീടുകളിലും ഫ്ലാറ്റുകളിലും തന്നെ തുടർന്നു. ഒരിടത്ത് എല്ലാവരും കൂടിച്ചേരുന്നതിനെതിരായ നിർദേശങ്ങൾ അവഗണിച്ചാണ് റെവല്യൂഷണറി ഗാർഡിന്‍റെ എയ്റോസ്പേസ് യൂനിറ്റ് കമാൻഡർ ജനറൽ ആമിർ അലി ഹാജിസാദെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗം ചേർന്നത്. തെഹ്റാൻ മിലിറ്ററി ബേസിൽ അടിയന്തിര യുദ്ധയോഗം ചേരുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം ഉണ്ടായതും. ഹാജിസാദെ ഉൾപ്പെടെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെടുന്നതും.

ന്യൂയോർക് ടൈംസ് ഇന്ന് രാവിലെ പുറത്തുവിട്ട ഇറാൻ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ ടെക്സ്റ്റ് മെസേജുകളിൽ ഇറാനിൽ ഇത് സൃഷ്ടിച്ച പരിഭ്രാന്തി വ്യക്തമാണ്. അതിങ്ങനെ വായിക്കാം: ‘‘എവിടെയാണ് നമ്മുടെ എയർ ഡിഫൻസ്’’, ‘‘എങ്ങനെയാണ് ഇസ്രയേലിന് അവർക്ക് ഇഷ്ടമുള്ളതുപോലെ കടന്നുവരാനും നമ്മുടെ മുതിർന്ന കമാൻഡർമാരെ കൊല്ലാനും കഴിയുന്നത്?’’, ‘‘ഇതൊന്നും തടയാൻ നമുക്ക് കഴിയില്ലെന്നാണോ’’. ഇത്രയും കനത്ത ആക്രമണം മുൻകൂട്ടി കാണുന്നതിലും പ്രതിരോധം തീർക്കുന്നതിലും സംഭവിച്ച ഇന്‍റലിജൻസ്, പ്രതിരോധ പാളിച്ചകൾക്ക് നേരെയും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

‘‘ഇസ്രായേലിന്‍റെ ആക്രമണം നമ്മുടെ നേതൃത്വത്തെ ആശ്ചര്യപ്പെടുത്തി. കൃത്യമായ വ്യോമപ്രതിരോധത്തിന്‍റെ അഭാവവും വെളിപ്പെട്ടു. പ്രധാനപ്പെട്ട മിലിറ്ററി ബേസുകളും മറ്റ് കേന്ദ്രങ്ങളും പ്രതിരോധമൊന്നുമില്ലാതെ ആക്രമിക്കാൻ അവർക്കായി.’’- ഇറാൻ ചേംബർ ഓഫ് കൊമേഴ്സ് എനർജി കമ്മിറ്റി അംഗമായ ഹാമിദ് ഹുസൈനി ചോദിക്കുന്നു.

ഇസ്രായേലിന്‍റെ ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ 23 അംഗ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗം ചേർന്ന് രാജ്യത്തിന്‍റെ പ്രതികരണം എങ്ങനെയായിരക്കണമെന്ന് ചർച്ച ചെയ്തു. പ്രതികാരം വേണമെന്ന ഉറച്ച് ആവശ്യപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ, അതേസമയം തിരക്കുകൂട്ടേണ്ടന്നും നിർദേശിച്ചു. ഇതിന് ശേഷമാണ് ഇസ്രയേലിന് നേർക്ക് മിസൈൽ ആക്രമണം ഉണ്ടായത്. ആദ്യഘട്ട പ്രതികരണം എന്ന നിലയിൽ മിസൈൽ ആക്രമണം നടത്തിയെങ്കിലും എങ്ങനെയാണ് തുടർ നടപടികൾ വേണ്ടതെന്ന കാര്യത്തിൽ ഉന്നത നേതൃത്വത്തിൽ ഇപ്പോഴും അഭിപ്രായ സമന്വയമായില്ലെന്ന സൂചനയുമുണ്ട്. യു.എസിനെ കൂടി വലിച്ചിടുന്ന ദീർഘമായ യുദ്ധത്തിന് പലർക്കും താൽപര്യമില്ല. പ്രത്യേകിച്ച് മിസൈൽ, പ്രതിരോധ സംവിധാനങ്ങൾ നൂറുശതമാനം പ്രവർത്തനക്ഷമമല്ലാത്ത ഈ ഘട്ടത്തിൽ. പരമോന്നത നേതാവ് എന്ന നിലയിൽ ഖാംനഈയുടെ നേതൃപാടവവും കാര്യനിർവഹണ ശേഷിയും പരീക്ഷിക്കപ്പെടുന്ന അതിനിർണായക ഘട്ടം കൂടിയാണ് കടന്നുവരുന്നത്.

TAGS :

Next Story