ഇടക്കിടെ ഇ.എം.എസ് എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു ‘What is happening in Muslim community? - പി.ടി കുഞ്ഞിമുഹമ്മദിന്റെ പുസ്തകം പി.ടി നാസർ വായിക്കുന്നു
പി.ടി. കുഞ്ഞിമുഹമ്മദ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട് എം.എൽ.എയായി സത്യപ്രതിജ്ഞക്ക് കാത്തുനിൽക്കുമ്പോഴുള്ള ഒരു രംഗമുണ്ട്. ‘പ്രതിപക്ഷ നേതാവ് വി.എസും പിണറായി വിജയനും ഒക്കെയുണ്ട്. " ദൃഢപ്രതിജ്ഞയല്ലേ?" എന്ന് ആരോ ചോദിക്കുന്നുണ്ട്. "പിന്നെ, സംശയമെന്താ?" എന്ന് പിണറായിയുടെ മറുപടിയുണ്ട്. " ഞാൻ ഒന്നും മിണ്ടിയില്ല. ചില പത്രക്കാർ അത് കേട്ടിരുന്നു. ഞാൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്’

നമ്മുടെ ശ്രീരാമേട്ടനുണ്ടല്ലോ, അവരുടെ വി.കെ. ശ്രീരാമൻ. അതന്നേയ്, മുഖ്യമന്ത്രി പിണറായിയുടെ പ്രാതൽ മീറ്റിങ്ങിലൊക്കെ പൗരപ്രമുഖനായി ക്ഷണിക്കപ്പെടുന്ന ശ്രീരാമേട്ടൻ. ആള് പഴയ
കോൺഗ്രസ്സാത്രേ! മണ്ഡലം പ്രസിഡൻ്റ് !!
പി. ടി.കെ, അതായത് പി.ടി.കുഞ്ഞിമുഹമ്മദ് ex MLA സാക്ഷി. മൂപ്പരുടെ ആത്മകഥയിലേക്ക് ശ്രീരാമേട്ടൻ വരുന്നത്, കോൺഗ്രസുകാരനായിട്ടാ....... " പടത്തിൻ്റെ (അശ്വത്ഥാമാവ്) പ്രിവ്യൂ തൃശൂരിലെ രാഗം തിയേറ്ററിൽ ആഘോഷപൂർവ്വം നടന്നു. അതിന് ഒരാഴ്ച മുമ്പ് കെ.എൻ. ശശിധരൻ ആജാനുബാഹുവായ ഒരു ചെറുപ്പക്കാരനെ വീട്ടിൽ കൊണ്ടുവന്ന് കോൺഗ്രസിൻ്റെ മണ്ഡലം പ്രസിഡൻ്റാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി. നടൻ വി.കെ. ശ്രീരാമനായിരുന്നു അത് ".
പി.ടി.കെ യുടെ ആത്മകഥയായ "എൻ്റെ കലാപ സ്വപ്നങ്ങളിൽ " കഥാപാത്രങ്ങളിങ്ങനെ അമ്പരപ്പിച്ചുകൊണ്ടാണ്. അരങ്ങേറുന്നത്.
വേറൊരാൾ വരുന്നത് കണ്ടോ: "ഒരു തകരപ്പെട്ടിയുമായാണ് തൃശൂർ കിഴക്കേക്കോട്ടയിലെ കോസ്‌മോപോളിറ്റൻ ഹോസ്റ്റലിൽ ഒരു സായംസന്ധ്യക്ക് ഞാനെത്തിയത്. വരാന്തയിലൊരു ബെഞ്ച് കിടപ്പുണ്ടായിരുന്നു. പെട്ടി അരികിലായിവെച്ച് ഞാൻ ബെഞ്ചിലിരുന്നു. ഉമ്മ ആരും കാണാതെ എൻ്റെ കൈയ്യിൽ അഞ്ചു രൂപ വെച്ചു തന്നിരുന്നു, ഫീസിനു പുറമെ. ഞാൻ വരാന്തയിൽ നിശ്ശബ്ദനായി ഇരിക്കുമ്പോൾ ഒരു തോർത്തുമുണ്ട് തലയിൽ കെട്ടി, ലുങ്കിയുടുത്ത് തടിച്ച് ഉയരം കുറഞ്ഞ ഒരാളുണ്ട് പാട്ടുപാടി മുകളിൽനിന്ന് ഇറങ്ങിവരുന്നു. 'വെള്ളിച്ചിലങ്കയണിഞ്ഞുംകൊണ്ടൊരുപെണ്ണ്' എന്ന പാട്ടിനൊപ്പം സത്യൻ്റെ അംഗവിക്ഷേപങ്ങളോടൊപ്പം വന്നത് കെ.ആർ.മോഹനനായിരുന്നു. ബി.എസ്.സി ഫൈനൽ ഇയർ വിദ്യാർത്ഥിയാണ്. എന്നെ കണ്ടപ്പോൾ ചിരിച്ച് അടുത്തുവന്നു." ഞാൻ മോഹനൻ. കെ.എസ് രാമൻ മാഷെ മോനാണ്. നിന്നെ കണ്ടിട്ടുണ്ട്, നീ പഞ്ചായത്താഫീസിൽ ഊണ് കഴിക്കാൻ വരുമ്പോൾ, അവിടെ നായയെ കൊല്ലുന്നത് കാണാൻ ഞാൻ വന്നു നിൽക്കാറുണ്ടായിരുന്നു " ചാവക്കാട് സ്കൂളിൽ പഠിപ്പിക്കുമ്പോൾ ഞാൻ ഉച്ചക്ക് ഊണ് കഴിച്ചിരുന്നത് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായ അമ്മാവൻ്റെ ഓഫീസിൽ വെച്ചായിരുന്നു ".
ഈ കഥാപാത്രങ്ങൾക്കൊപ്പം പിന്നെയും റോളുകളണ്ട്...
" ഒരു ദിവസം രാത്രി ഏതാണ്ട് പന്ത്രണ്ടു മണിക്ക് റഹീം വക്കീലുമായി നടൻ ശ്രീരാമൻ എത്തുന്നു. മുറ്റത്തു നിന്നുകൊണ്ട് ശ്രീരാമൻ വിളിച്ചു ചോദിച്ചു " എടീ ഐഷാ, നീയെന്താ വിചാരിച്ചത്, കുഞ്ഞിമുഹമ്മദിനെ എന്നും ഇങ്ങനെ അകത്ത് പൂട്ടയിടാമെന്നാണോ?" കോളിങ്ങ് ബെല്ലടിച്ചു. വാതിൽ തുറന്ന് ഭാര്യയും ഞാനും ചിരിച്ചു കൊണ്ട് പുറത്തേക്ക് ചെന്നു. ശ്രീരാമൻ എൻ്റെ ഭാര്യയോടു പറഞ്ഞു, "ഇവൻ നാടിനുംകൂടി വേണ്ടപ്പെട്ടവനാണ്. അതു നീ മനസ്സിലാക്കണം".
കെ.ആർ.മോഹനൻ്റെ രംഗം: " ഒന്നാംതരം നടനായിരുന്നു മോഹനൻ. ക്ലാസിൽ വരാതെ മുറിയിലിരുന്ന് മോഹനൻ കണ്ണാടിയിൽ നോക്കി വ്യത്യസ്ത ഭാവഹാവാദികൾ അഭിനയിച്ച് നേരംകളയും. ഡോക്ടറാക്കാനാണ് രാമൻ മാഷ് തീരുമാനിച്ചിരുന്നത്. അതിനാണ് സുവോളജി മെയിൻ എടുത്ത് ബി.എസ്.സിക്ക് ചേർത്തത്. ഒരു ദിവസം സത്യനെപോലെ പുകയൂതി ഒറ്റക്ക് ആസ്വദിച്ച് ഇരിക്കുമ്പോൾ ആരോ മുറിയുടെ വാതിലിൽ മുട്ടി. മോഹനൻ നാടകീയ സ്വരത്തിൽ പറഞ്ഞു "യെസ്. ഗെറ്റിൻ!"
വാതിൽ തുറന്നു വന്നത് രാമൻ മാഷായിരുന്നു. അന്ന് വീട്ടിൽ ചെന്നപ്പോൾ മോഹനന് തല്ലു കിട്ടിയകാര്യം അടുത്തിടെയും മോഹനൻ്റെ പെങ്ങൾ പറഞ്ഞു.
കഥാപാത്രങ്ങൾ മാത്രമല്ല, ജീവിതത്തിൻ്റെ ഗതിവിഗതികളും അമ്പരപ്പിക്കും. സിനിമയിലേയും രാഷ്ട്രീയത്തിലേയും ട്വിസ്റ്റുകൾ ഉള്ളുകള്ളികൾ ഒളിപ്പിക്കാതെ കാണിച്ചുതരുന്നുണ്ട്.
ജീവിതമെന്ന മഹാനാടകം നമുക്ക് പിടുത്തം കിട്ടാത്തതാണ് എന്ന് ഈ പുസ്തകം പറഞ്ഞു തരുന്നുണ്ട്.
മഗിരിബ് എന്ന സിനിമ വന്നപ്പോൾ "ഒരു നിരൂപകനെഴുതി, 'ഇത് ഏതു സമൂഹത്തിലും സംഭവിക്കാവുന്ന കഥയാണ്. പിന്നീടെന്തിനാണ് പി.ടി. ഇത് മുസ്ലിം പശ്ചാത്തലത്തിൽ പറഞ്ഞത് ?" ഇത്തരത്തിലുള്ള സംസാരങ്ങളും മഗിരിബിനെച്ചൊല്ലിയുണ്ടായി. ചെറിയ തോതിൽ എതിർ പ്രചാരണങ്ങൾ തന്നെയുണ്ടായി.
'പരദേശി' യുടെ സ്വിച്ചോൺ കർമത്തിൻ്റെ ദിവസം പത്രക്കാരായി സംസാരിക്കുന്നു." പലരും പല ചോദ്യങ്ങളുമുന്നയിച്ചു. പ്രത്യേകിച്ച് മുസ്‍ലിം സിനിമ എന്ന നിലയിൽ. എം.പി.ബഷീർ സ്വകാര്യമായി പറഞ്ഞു. " എപ്പോഴാണ് സെക്കുലർ സിനിമയെടുക്കുക എന്ന് ചോദിക്കാത്തത് ഭാഗ്യം". ഈയൊരു ബ്രാൻ്റിങ്ങ് എനിക്ക് മാത്രമായിരുന്നു. അടൂർ ഗോപാലകൃഷ്ണനോ, കെ.ആർ മോഹനനോ മാറ്റർക്കെങ്കിലുമോ ഉണ്ടായിരുന്നില്ല".
" മുസ്ലിം സമുദായത്തിൽ എന്താണ് നടക്കുന്നത് " എന്ന തലക്കെട്ടിൽ ഒരധ്യായംതന്നെയുണ്ട്. 1994ൽ ഗുരുവായൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നതും ജയിച്ച് എം.എൽ.എ.യാകുന്നതുമെല്ലാം വിവരിച്ചതിന് ശേഷമുള്ള അധ്യായം.
"തിരുവനന്തപുരത്ത് എത്തിയപ്പോൾ ഞാനാദ്യം പോയത് ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണാനായിരുന്നു. ഇ.എം.എസ് സ്വതസിദ്ധമായ പുഞ്ചിരിയോടെ സ്വീകരിച്ചു. എന്നോട് ഇ.എം.എസ് ഒരു കാര്യം ചോദിച്ചു: "മുസ്ലിംലീഗിന് എത്ര വോട്ട് കിട്ടി". എനിക്ക് ഇതിലൊന്നും ഒരു വിവരവുമില്ലല്ലോ. യു.ഡി.എഫിന് കിട്ടിയ വോട്ട് ഞാൻ പറഞ്ഞു. " മുപ്പതിനായിരം''. ഇ.എം.എസിൻ്റെ ചോദ്യം പിടികിട്ടിയ ബേബിജോൺ (തൃശൂരിലെ സി.പി.എം നേതാവ്) തിരുത്തി,
"പതിനയ്യായിരം''. പിന്നീട് നമ്മൾ കാണുന്നത് പത്രത്തിലൂടെ അതിനുള്ള ഇ.എം.എസിൻ്റെ വിശദീകരണമാണ്. ഇ.എം.എസിന് ബേബി ജോണിൻ്റെ മറുപടിയിൽ നിന്ന് ഒരുകാര്യം വ്യക്തമായി. നല്ലൊരു ശതമാനം മുസ്ലിം ജനവിഭാഗം മുസ്ലിംലീഗിൽ നിന്നുപോയി. അതേ സമയം, സി.പി.ഐ.എമ്മിൽ എത്തിയില്ല. പകരം പി.ഡി.പി യിലേക്ക് പോയി. ഈ രാഷ്ട്രീയ യാഥാർത്ഥ്യത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കണം. മതമൗലികവാദത്തെക്കുറിച്ചുള്ള ഇ.എം.എസിൻ്റെ പ്രസിദ്ധമായ ആ ലേഖനം ഉരുത്തിരിഞ്ഞതെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ കാണാനുള്ള അപൂർവ്വമായ രാഷ്ട്രീയ വൈഭവം അദ്ദേഹത്തിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഒരൊറ്റ പ്രതികരണത്തിൽ നിന്ന് നിരവധി പ്രശ്നങ്ങൾ അദ്ദേഹം അനുമാനിക്കുകയും അതിനെക്കുറിച്ച് വിവാദമായ ആ ലേഖനം എഴുതുകയും ചെയ്തു....
....... ഇടയ്ക്കിടക്ക് എന്നെ കാണുമ്പോൾ ഇ.എം.എസ് എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു. "What is happening in Muslim community?." മുസ്ലിം കമ്മ്യൂണിറ്റിയെക്കുറിച്ച് എനിക്ക് ഇന്നത്തെ ഗ്രാഹ്യം അന്നുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഈ ചോദ്യം ചോദിക്കുന്നതെന്ന് എനിക്ക് ആദ്യം മനസ്സിലായിലായിരുന്നില്ല. പക്ഷേ, വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമുദായം അദ്ദേഹത്തിൻ്റെ ദൃഷ്ടിയിൽപ്പെട്ടു എന്നുള്ളതു തന്നെയായിരുന്നു ഒരു കാരണം. അദ്ദേഹത്തിന് അതേക്കുറിച്ച് ഒരു വ്യക്തമായ ചിത്രം ലഭിച്ചിരുന്നില്ല എന്നുകൂടി എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പലപ്പോഴും അത് ഇങ്ങനെ നമ്മളോടു ചോദിക്കുന്നത്. എനിക്ക് അത്ര വിവരമില്ല എന്നറിഞ്ഞിട്ടുപോലും എന്നോട് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ചോദിച്ചിട്ടുണ്ട്, "വാട്ടീസ് ഹാപ്പനിങ്ങ് ഇൻ മുസ്ലിം കമ്മ്യൂണിറ്റി " എന്ന്.
പി.ടി. കുഞ്ഞിമുഹമ്മദ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട് എം.എൽ.എയായി സത്യപ്രതിജ്ഞക്ക് കാത്തുനിൽക്കുമ്പോഴുള്ള ഒരു രംഗമുണ്ട്. പ്രതിപക്ഷ നേതാവ് വി.എസും പിണറായി വിജയനും ഒക്കെയുണ്ട്. " ദൃഢപ്രതിജ്ഞയല്ലേ?" എന്ന് ആരോ ചോദിക്കുന്നുണ്ട്. "പിന്നെ, സംശയമെന്താ?" എന്ന് പിണറായിയുടെ മറുപടിയുണ്ട്. " ഞാൻ ഒന്നും മിണ്ടിയില്ല. ചില പത്രക്കാർ അത് കേട്ടിരുന്നു. ഞാൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഞാൻ അത് ചെയ്തത് ശരിയായ ബോധ്യത്തിലാണ് ". എന്ന് പറഞ്ഞ് പി.ടി.കെ നിറുത്തുന്നില്ല. ആ ബോധ്യം എന്താണെന്നും അത് എങ്ങനെ ഉണ്ടായതാണെന്നും വിശദീകരിക്കുന്നുണ്ട്.
94 ലെ ഉപതെരഞ്ഞെടുപ്പിലും പിന്നീട് 96 ലെ പൊതു തെരഞ്ഞെടുപ്പിലും മത്സരിച്ചപ്പോൾ പ്രധാന പ്രവർത്തകരോടൊപ്പം മണ്ഡലത്തിൽ സ്വാധീനമുള്ള രണ്ട് തങ്ങന്മാരെ പോയി കണ്ട് അനുഗ്രഹം തേടിയ കഥയുണ്ട്. അത് ലീഗിനുണ്ടാക്കിയ ഇടങ്ങേറുണ്ട്. അതൊക്കെയും ഇവിടെയിപ്പോൾ വിശദീകരിക്കുന്നില്ല.
ഒരു സിനിമാക്കാരൻ്റെ ആത്മകഥയല്ലേ, ഹരം ശരിക്കും കിട്ടാൻ അതൊക്കെ നേരിട്ട് വായിച്ചു കാണുകയല്ലേ നല്ലത്. അതിനാൽ നിർത്തുന്നു. പല കാരണങ്ങളാൽ, നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
കോഴിക്കോട്ടെ ഇൻസൈറ്റ് പബ്ലിക്കയാണ് പ്രസാധനം. കേട്ടെഴുതിയത് പ്രശസ്ത പത്രപ്രവർത്തകനായ കോയ മുഹമ്മദാണ്.
Adjust Story Font
16

