Quantcast

ജനാധിപത്യത്തിൽ 'ഗവർണറുടെ പ്രീതി'ക്ക് എന്താണ് സ്ഥാനം? അത് സാധുവാണോ?

പല കേസുകളില്‍ സുപ്രിംകോടതി 'പ്രീതി'യെ വിശദീകരിച്ചിട്ടുണ്ട്

MediaOne Logo

അഭിമന്യു എം

  • Published:

    26 Oct 2022 11:30 AM GMT

ജനാധിപത്യത്തിൽ ഗവർണറുടെ പ്രീതിക്ക് എന്താണ് സ്ഥാനം? അത് സാധുവാണോ?
X

'ശ്രീ കെ.എൻ ബാലഗോപാലിന്റെ (ധനമന്ത്രി) പ്രസംഗം ഞാൻ അദ്ദേഹത്തിന് ചൊല്ലിക്കൊടുത്ത സത്യവാചകത്തിന്റെ ലംഘനമല്ലാതെ മറ്റൊന്നുമല്ല. സത്യവാചകത്തെയും ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും മനഃപൂർവ്വം ലംഘിക്കുന്ന ഒരു മന്ത്രിക്ക് എന്റെ പ്രീതി തുടർന്നും അനുഭവിക്കാനാകില്ല. ഈ സാഹചര്യത്തിൽ, ശ്രീ കെ.എൻ ബാലഗോപാലിലുള്ള എന്റെ പ്രീതി നഷ്ടമായി. വിഷയം നിങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ച് ഭരണഘടനാപരമായ ഉചിത നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.'

ധനമന്ത്രി കെ.എൻ ബാലഗോപാലിനെ മന്ത്രിസഭയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങളാണിത്. മന്ത്രിയിലുള്ള തന്റെ പ്രീതി നഷ്ടമായതു കൊണ്ട് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് നീക്കണം എന്ന ആവശ്യമാണ് ഗവർണർ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ട് ഗവർണർ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതെന്ന് രാഷ്ട്രീയവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്താണ് ഗവർണറുടെ പ്രീതി. ജനാധിപത്യ സംവിധാനത്തിൽ പ്രീതിക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ? പരിശോധിക്കുന്നു.

സംസ്ഥാന മന്ത്രിസഭകൾ അധികാരമേൽക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് 164(1)ൽ ഭരണഘടന പ്രീതിയെ കുറിച്ച് പറയുന്നതിങ്ങനെ;

മുഖ്യമന്ത്രിയെ നിയമിക്കേണ്ടത് ഗവർണറാണ്. മുഖ്യമന്ത്രിയുടെ ശിപാർശ പ്രകാരം മറ്റു മന്ത്രിമാരെ നിയമിക്കേണ്ടതും ഗവർണറാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ പ്രീതി (pleasure) ഉള്ള കാലം അധികാരത്തിലിരിക്കാം. (The chief Minister shall be appointed by the Governor and the other Ministers shall be appointed by the Governor on the advice of the Chief Minister, and the Ministers shall hold office during the pleasure of the Governor.)

സംസ്ഥാന സർക്കാറിനു മേൽ ഗവർണർക്കുള്ള പ്രീതി പോലെ രാഷ്ട്രപതിക്കുമുണ്ട് ഈ അധികാരം. സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും പ്രതിരോധ ഉദ്യോഗസ്ഥരെയും രാഷ്ട്രപതി നിയമിക്കുന്നത് ഈ പ്രീതിക്കു പുറത്താണ്. ഇതിന് രാഷ്ട്രപതിയുടെ പ്രീതി പ്രമാണം (Doctrine of Pleasure) എന്നു പറയും. പ്രസിഡണ്ടിന്റെ അധികാരം എന്ന നിലയിലാണ് സംസ്ഥാനത്ത് രാഷ്ട്രപതിയുടെ പ്രതിനിധിയായ ഗവർണർ ഈ പ്രമാണം ആസ്വദിക്കുന്നത്. നിയമിക്കുന്നത് രാഷ്ട്രപതിയാണ് എങ്കിലും ഹൈക്കോടതി, സുപ്രിംകോടതി ജഡ്ജിമാർക്കു മേൽ രാഷ്ട്രപതിക്ക് ഈ പ്രീതി അധികാരം ഉപയോഗിക്കാനാകില്ല. ജുഡീഷ്യറി നിഷ്പക്ഷമായി നിലനിർത്തുന്നതിനു വേണ്ടിയാണിത്.

രാജപ്രീതിയാണോ ഇത്?

രാജ്യത്തെ പല നിയമങ്ങളെയും പോലെ പ്രീതി പ്രമാണത്തിന്റെ അടിസ്ഥാനവും ഇംഗ്ലണ്ടിൽനിന്നാണ്. ബ്രിട്ടനിൽ രാജാവിന്റെ/രാഞ്ജിയുടെ സവിശേഷാധികാരമാണ് ഡോക്ട്രൈൻ ഓഫ് പ്ലഷർ അല്ലെങ്കിൽ പ്രീതി പ്രമാണം. അപ്രീതിക്ക് പാത്രമായ ഏതു സിവിൽ സർവന്റിനെയും ബ്രിട്ടനിൽ രാജാവിന് ഒരു കാരണവും കൂടാതെ ചുമതലയിൽനിന്നു പിരിച്ചുവിടാം. വാക്ക് ഒന്നാണെങ്കിലും ഇംഗ്ലണ്ടിലേതു പോലെയല്ല ഇന്ത്യയിൽ ഈ അധികാരം ഉപയോഗിക്കുന്നത്.

1954ലെ ദ സ്റ്റേറ്റ് ഓഫ് ബിഹാർ വിഎസ് അബ്ദുൽ മജീദ്, 2006ലെ ഓംപ്രകാര് വിഎസ് സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ്, 1957ലെ ജസ്വന്ത് സിങ് വിഎസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ്, 1998ലെ യൂണിയൻ ഓഫ് ഇന്ത്യ വിഎസ് ബൽബീർ സിങ് തുടങ്ങി നിരവധി കേസുകളിൽ പ്രീതി പ്രമാണം സുപ്രിംകോടതി ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് രാജപ്രീതിക്ക് സമാനമായല്ല ഇന്ത്യയിലെ പ്ലഷർ ഡോക്ട്രൈൻ എന്നാണ് ഈ കേസുകളിലെല്ലാം കോടതി വിലയിരുത്തിയിട്ടുള്ളത്. കൂടാതെ, ഭരണഘടനയുടെ വകുപ്പ് 311 പ്രകാരം രാഷ്ട്രപതിയുടെ പ്രീതിക്ക് കീഴിൽ വരുന്ന ഉദ്യോഗസ്ഥർക്ക് അകാരണമായ പിരിച്ചുവിടലിൽ സംരക്ഷണവും നിഷ്‌കർഷിക്കുന്നുണ്ട്.

1974ലെ ഷംഷെർ സിങ് വിഎസ് സ്‌റ്റേറ്റ് ഓഫ് പഞ്ചാബ് കേസിൽ പ്രസിഡണ്ടിന്റെ പ്രീതി കൊണ്ടർത്ഥമാക്കുന്നത് മന്ത്രിസഭയുടെ പ്രീതിയാണ് എന്ന് സുപ്രിംകോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അഥവാ, മന്ത്രിസഭയ്ക്ക് സഭയിൽ ഭൂരിപക്ഷം ഉള്ളിടത്തോളം ഗവർണറുടെ പ്രീതി തുടരും എന്നതാണ് ഈ വിധിയുടെ പൊരുൾ.

അതുകൊണ്ടു തന്നെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലവിൽ ഉപയോഗിച്ച 'പ്രീതി' ആയുധം ഭരണഘടനാപരമായി നിലനിൽക്കുന്ന ഒന്നല്ല. ഇനി, അമിതാധികാരം ഉപയോഗിച്ച് മന്ത്രിയെ നീക്കിയാൽ സംസ്ഥാന മന്ത്രിസഭയ്ക്ക് കോടതിയെ സമീപിക്കാനും കഴിയും.

TAGS :

Next Story