Quantcast

ഐജാസ് ഒരു മാതൃകാ ബുദ്ധിജീവി

അന്തരിച്ച ഐജാസ് അഹമ്മദിനെ ഡോ. പി.കെ പോക്കർ ഓർക്കുന്നു

MediaOne Logo
ഐജാസ് ഒരു മാതൃകാ ബുദ്ധിജീവി
X

ഐജാസ് അഹമ്മദിനെ ആദ്യമായി ഇരുപതു വർഷങ്ങക്കപ്പുറം കോഴിക്കോട്ടേക്ക് കൊണ്ടുവന്നത് മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി.ഗോവിന്ദ പിള്ളയായിരുന്നു. അദ്ദേഹത്തോടൊപ്പം കോഴിക്കോട് സർവകലാശാലയിലും പിന്നീട് കോഴിക്കോട് ടൗണിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലും ഐജാസ് പ്രഭാഷണങ്ങൾ നടത്തി. കോഴിക്കോട്ടെ പ്രബുദ്ധമായ ഒരു സദസ്സിന് മുന്നിൽ അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചപ്പോൾ വേദിയിൽ അധ്യക്ഷം വഹിച്ചിരുന്നത് ഞാനായിരുന്നു. മൂന്നാം ദിവസം കണ്ണൂരിൽ കോളജ് അധ്യാപകരുടെ (AK-GCT) സംസ്ഥാന സമ്മേളനത്തിലും ഐജാസ് പ്രഭാഷണം നടത്തിയ ശേഷം കോഴിക്കോട് എയെർപോർട്ടിൽ നിന്നാണ് തിരിച്ചു പോയത്. അതിനിടയിൽ ഏതാണ്ട് ഒഴിവുള്ള മുഴുവൻ സമയവും ഹോട്ടൽ മുറിയിൽ ഞാനും അദ്ദേഹവുമായി സംഭാഷണത്തിലായിരുന്നു. അപനിർമാണ ദാർശനികനായ ദറിദയെ പരിചയപ്പെടുത്തുന്ന എന്റെ ലേഖനം ദേശാഭിമാനി വാരികയിൽ വന്നതിന് ശേഷമായിരുന്നു. ഐജാസിന്റെ ന്യൂ ലെഫ്റ്റ് റെവ്യൂയിൽ (NLR) ദറിദയെ വിമർശിക്കുന്ന ലേഖനം വന്ന സമയവും ആയിരുന്നു. ഇന്നത്തേതിൽ നിന്നും വിഭിന്നമായി ആഗോള തലത്തിലുള്ള ധൈഷണിക ചലനങ്ങൾ മലയാളികൾ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന സമയം.

സ്വാഭാവികമായും ഞങ്ങളുടെ സംഭാഷണം മാർക്സിൽ തുടങ്ങി പോസ്റ്റ് മോഡേണിസത്തിലൂടെ അന്നത്തെ ഇന്ത്യൻ അവസ്ഥയും ലോക സാഹചര്യവും എല്ലാം ഉൾകൊള്ളുന്നതായിരുന്നു. ഐജാസ് ലാളിത്യം കൊണ്ടും സുതാര്യതകൊണ്ടും എന്നെ അത്ഭുതപ്പെടുത്തി. നിലപാടുകളിൽ പല വിയോജിപ്പുകളും ഉണ്ടായിരുന്നെങ്കിലും അറിവിന്റെ ആഴവും പരപ്പും ആഗോള തലത്തിലുള്ള പരിചയ സമ്പത്തും എന്നെ ശരിക്കും വിസ്മയിപ്പിച്ചു. ലോക വൈജ്ഞാനിക ഭൂപടത്തിൽ ഴാക്ക് ദറിദക്കും ഫ്രെഡെറിക്ക് ജെയിംസനും ടെറി ഈഗിൾടാനും എഡ്വർഡ്ക സയീദിനും സമശീർഷകനായ അക്കാദമിക ബുദ്ധിജീവിയാണെന്ന യാതൊരു നാട്യവും ഐജാസിൽ കണ്ടില്ല. തിരിച്ചു യാത്രയാകുമ്പോൾ കോഴിക്കോട്ടെ ഹോട്ടലിൽ നിന്നും എയർപോാർട്ടിലെത്തുന്നത് വരെ അദ്ദേഹം എന്നോടു സംസാരിക്കുകയായിരുന്നു. ആ സംസാരം മിക്കവാറും ഫ്രഞ്ച് ദാർശിനികനായ അൽത്തൂസ്സെരുടെ ശിഷ്യനായ ബാലിബാരെ കുറിച്ചായിരുന്നു.

ഇന്ത്യൻ ഫാഷിസത്തെ സംബന്ധിക്കുന്ന ഉൾകാഴ്ച എം.എൻ വിജയന്റേതുപോലെ മൂർച്ചയുള്ളതായിരുന്നു. ബാബരി മസ്ജിദു തകർത്തതോടുകൂടി ഇന്ത്യയിൽ സംഘ്പരിവാർ പുതിയ ദിശയിലേക്ക് നീങ്ങുകയാണെന്ന് ഐജാസ് അസന്ദിഗ്ധമായി നിരൂപിച്ചു. ഒരു പക്ഷേ, ഇന്ത്യൻ ഫാഷിസമെന്ന് സംഘ്പരിവാർ രാഷ്ട്രീയത്തെ ആദ്യം സ്ഥാനപ്പെടുത്തിയത് ഐജാസ് ആയിരിയക്കും. മുസോളിനിയുടെ ജയിലിൽ നിന്നും ക്രൂര പീഡനങ്ങൾക്കിടയിൽ ഇറ്റലിയൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രെട്ടറി ആയിരുന്ന അന്റോണിയോ ഗ്രാംഷി എഴുതിയ ജയിൽ കുറിപ്പുകളെ മുൻനിർത്തിയായിരുന്നു ഐജാസിന്റെ ഈ ദിശയിലുള്ള ആദ്യ ലേഖനം.

കേരളത്തിലെ അദ്ദേഹത്തിന്റെ സന്ദർശന വേളയിലും ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീഷണിയാണ് ഇന്ത്യ നേരിടാൻ പോകുന്ന വലിയ വിപത്തെന്നു ആവർത്തിച്ചു. എന്നാൽ, പിന്നീട് 2019 ആകുമ്പോൾ ഈ നിലപാടിൽ ഐജാസ് അയവു വരുത്തിയതായി കാണാൻ കഴിയും. കുത്തകകളുടെ വമ്പിച്ച പിന്തുണ ബി.ജെ.പിക്ക് ലഭിക്കുന്നതും കോർേപറേറ്റ് താൽപര്യം നടപ്പാക്കാൻ ബി.ജെ.പി സന്നദ്ധമാകുന്നതും നിരീക്ഷിച്ചു കൊണ്ട് ഉദാര ജനാധിപത്യത്തിന്റെ മാതൃകയിലേക്ക് ബി.ജെ.പി ഭരണം മാറുമെന്ന പ്രത്യാശ ജീവിത സായാഹ്നത്തിൽ അദ്ദേഹം പ്രകടിപ്പിച്ചതായും കാണാം.

ഇടതു പക്ഷ മതേതര രാഷ്ട്രീയം ശക്തിപ്പെടുകയും ഉദാര ജനാധിപത്യത്തെയും തീവ്ര വലതുപക്ഷത്തെയും നേരിടുകയും ചെയ്യുകയാണ് വേണ്ടതെന്ന മാർക്സിസ്റ്റ് നിലപാടാണ് എെജാസ് വെച്ചുപുലർത്തിയത്.

ഇസ്രായേലിനെ നാസിവത്കരിക്കുന്നതിനെയും എെജാസ് നിശിതമായി വിമർശിച്ചിരുന്നു. ഒരു ജനതയെ വംശീയ വിദ്വേഷാധിഷ്ടിത രാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണ് ഹിറ്റ്ലർ ചെയ്തത്. സമാനമായ രീതിയിൽ ഇസ്രായേലിനെ നാസിവൽകരിച്ച് പശ്ചിമേഷ്യയിൽ സമാധാന ജീവിതം അസാധ്യമാക്കുന്ന രാഷ്ട്രീയത്തെയാണ് ഐജാസ് വിമർശിച്ചത്.

ഐജാസിന്റെ സൈദ്ധാന്തികവും ദാർശനികവുമായ നിലപാടുകൾക്ക് ചില പ്രത്യേകതകൾ ഉണ്ടെന്ന് കാണാം. അതിലൊന്ന് ഉപയോഗിക്കുന്ന ഭാഷയിലും ശൈലിയിലും പ്രകടിപ്പിക്കുന്ന മൗലീക ഭാവമാണ്. മറ്റൊന്ന് ആധുനികോത്തര ചിന്തകളെ വിമർശിക്കുകയും അതേസമയം ആധുനികോത്തരമായ ഒരു ശൈലി രചനയിൽ പിന്തുടരുകയും ചെയ്തു. ദറിദയുടെ മാർക്സിന്റെ ഭൂതങ്ങളെ വിമർശിക്കുമ്പോളും ഞങ്ങൾ ഒരേ തൂവൽ പക്ഷികളാണെന്ന് പറയാനും ശ്രദ്ധിക്കുന്നു.

TAGS :

Next Story