"എന്റെ അഭിമാനമാണ് നീ": എന്ന വാക്കിനു പിന്നിൽ ശ്വാസംമുട്ടുന്ന കുട്ടികൾ; നാർസിസിസ്റ്റിക് പാരന്റിങ് തിരിച്ചറിയാം
"എന്റെ കുട്ടി ആരായിരിക്കുന്നോ, ആ വ്യക്തിത്വത്തിൽ ഞാൻ അഭിമാനിക്കുന്നു." ആരോഗ്യകരമായ മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഏറ്റവും മനോഹരമായ അടിസ്ഥാനം ഈയൊരു വാചകത്തിലാണ് കുടികൊള്ളുന്നത്. എന്നാൽ നാർസിസിസ്റ്റിക് പാരന്റിങ് (Narcissistic Parenting) ഇതിൽ നിന്നും തികച്ചും വ്യത്യസ്തവും അപകടകരവുമായ മറ്റൊരു അലിഖിത നിയമത്തിലാണ് പ്രവർത്തിക്കുന്നത്: "എന്റെ കുട്ടി സമൂഹത്തിന് മുന്നിൽ എന്നെ വലിയവനാക്കണം, എന്റെ തീരുമാനങ്ങളെ എപ്പോഴും ശരിവെക്കണം, എന്റെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റണം." സ്വന്തം ഈഗോയെയും കുട്ടിയുടെ വ്യക്തിത്വത്തെയും വേർതിരിച്ചുകാണാൻ ഒരു രക്ഷിതാവിന് കഴിയാതെ വരുമ്പോൾ, ആ കുട്ടി പിന്നീട് ഒരു സ്വതന്ത്ര വ്യക്തിയല്ലാതാകുന്നു...

"എന്റെ കുട്ടി ആരായിരിക്കുന്നോ, ആ വ്യക്തിത്വത്തിൽ ഞാൻ അഭിമാനിക്കുന്നു." ആരോഗ്യകരമായ മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഏറ്റവും മനോഹരമായ അടിസ്ഥാനം ഈയൊരു വാചകത്തിലാണ് കുടികൊള്ളുന്നത്. എന്നാൽ നാർസിസിസ്റ്റിക് പാരന്റിങ് (Narcissistic Parenting) ഇതിൽ നിന്നും തികച്ചും വ്യത്യസ്തവും അപകടകരവുമായ മറ്റൊരു അലിഖിത നിയമത്തിലാണ് പ്രവർത്തിക്കുന്നത്: "എന്റെ കുട്ടി സമൂഹത്തിന് മുന്നിൽ എന്നെ വലിയവനാക്കണം, എന്റെ തീരുമാനങ്ങളെ എപ്പോഴും ശരിവെക്കണം, എന്റെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റണം."
സ്വന്തം ഈഗോയെയും കുട്ടിയുടെ വ്യക്തിത്വത്തെയും വേർതിരിച്ചുകാണാൻ ഒരു രക്ഷിതാവിന് കഴിയാതെ വരുമ്പോൾ, ആ കുട്ടി പിന്നീട് ഒരു സ്വതന്ത്ര വ്യക്തിയല്ലാതാകുന്നു. പകരം, രക്ഷിതാവിന് സമൂഹത്തിന് മുന്നിൽ കാണിക്കാനുള്ള ഒരു കണ്ണാടിയോ പ്രതിരൂപമോ (Extension of the parent) ആയി അവർ മാറുന്നു. ഇത്തരം സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ പഠിക്കുന്ന ഒരു പാഠമുണ്ട്: "ഇവിടെ സ്നേഹം എന്നത് വെറുതെ കിട്ടുന്ന ഒന്നല്ല; അതൊരു കച്ചവടമാണ്."
നാർസിസിസ്റ്റിക് പാരന്റിങ്ങിന്റെ മനശാസ്ത്രപരമായ വശങ്ങളും, അത് ഒരു കുട്ടിയുടെ വ്യക്തിത്വത്തെ എങ്ങനെ തകർക്കുന്നുവെന്നും, മുതിർന്നതിനു ശേഷമെങ്കിലും ഈ വിഷമവൃത്തത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം എന്നും നമുക്ക് പരിശോധിക്കാം.
അഹങ്കാരവും 'നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡറും
ഈ വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഒരു ക്ലിനിക്കൽ യാഥാർഥ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, അല്പം സ്വാർഥത കാണിക്കുന്നവരെയോ മുൻകോപികളെയോ ഒക്കെ 'നാർസിസിസ്റ്റ്' എന്ന് വളരെ എളുപ്പത്തിൽ മുദ്രകുത്തുന്ന പ്രവണതയുണ്ട്. എന്നാൽ നാർസിസിസ്റ്റിക് സ്വഭാവവിശേഷങ്ങൾ (Narcissistic traits) കാണിക്കുന്നത് മുഴുവൻ 'നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ' (NPD) എന്ന മാനസിക വൈകല്യമാകണമെന്നില്ല. എൻപിഡി എന്നത് കൃത്യമായ മാനസികാരോഗ്യ നിർണയങ്ങളിലൂടെ സ്ഥിരീകരിക്കുന്ന ഒരു ഡിസോർഡറാണ്. താൻ വലിയവനാണെന്ന അമിതമായ ചിന്ത, എപ്പോഴും മറ്റുള്ളവരിൽ നിന്നുള്ള പ്രശംസ ലഭിക്കണമെന്ന വാശി, സഹാനുഭൂതിയുടെ പൂർണമായ അഭാവം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഒരു രക്ഷിതാവിന് ഈ ഡിസോർഡർ ഉണ്ടെങ്കിലും ഇല്ലെങ്കിലും, അവർ കാണിക്കുന്ന ഈ സ്വഭാവദൂഷ്യങ്ങൾ കുട്ടികളിൽ ഏൽപ്പിക്കുന്ന വൈകാരിക ചൂഷണവും മനഃശാസ്ത്രപരമായ നിയന്ത്രണവുമാണ് അവരുടെ ഭാവിയെ തകർക്കുന്നത്.
അവർ കുട്ടികളിൽ നിന്ന് ആഗ്രഹിക്കുന്നതെന്ത്?
ഒരു നാർസിസിസ്റ്റിക് രക്ഷിതാവ് യഥാർഥത്തിൽ തങ്ങളുടെ കുട്ടികളിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത്? മനശാസ്ത്രപരമായ നിയന്ത്രണം (Psychological Control), ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു 'പെർഫോമൻസ്'. കുട്ടിയെ അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കുന്നതിന് പകരം, കുട്ടിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും ഇവർ പൂർണമായി നിയന്ത്രിക്കുന്നു. ഇത് പ്രധാനമായും മൂന്ന് രീതിയിലാണ് നടപ്പിലാക്കുന്നത്:
Conditional Love: (നിബന്ധനകളോടെയുള്ള സ്നേഹം)
കുട്ടിക്ക് മികച്ച മാർക്ക് കിട്ടുമ്പോഴോ, രക്ഷിതാവിന് മറ്റുള്ളവരോട് വമ്പു പറയാൻ കഴിയുന്ന നേട്ടങ്ങൾ ഉണ്ടാകുമ്പോഴോ, എന്തിനും തലയാട്ടുമ്പോഴോ മാത്രം സ്നേഹം നൽകുക. കുട്ടി സ്വന്തമായി ഒരു അഭിപ്രായം പറയുകയോ പരാജയപ്പെടുകയോ ചെയ്താൽ ഈ സ്നേഹം ഉടനടി പിൻവലിക്കപ്പെടും.
Emotional Invalidation: (വികാരങ്ങളെ റദ്ദാക്കൽ)
കുട്ടിയുടെ സങ്കടങ്ങൾക്കും വികാരങ്ങൾക്കും ഇവിടെ യാതൊരു വിലയുമുണ്ടാകില്ല. കുട്ടി സങ്കടം പറഞ്ഞാൽ ഉടനെ, "നിനക്ക് വല്ലാത്ത സെൻസിറ്റിവിറ്റിയാണ്" എന്നോ, "നിനക്ക് വേണ്ടി ഞാൻ എന്റെ ജീവിതം മുഴുവൻ കഷ്ടപ്പെട്ടിട്ട് എന്നോടാണോ നീ സങ്കടം പറയുന്നത്" എന്നോ പറഞ്ഞ് വിഷയത്തെ സ്വന്തം ഇരവാദത്തിലേക്ക് മാറ്റും.
Guilt Induction & Image Management: (കുറ്റബോധം ജനിപ്പിക്കലും ഇമേജ് സംരക്ഷണവും)
"നിനക്ക് വേണ്ടി ഞാൻ എന്റെ ജീവിതം നശിപ്പിച്ചു" എന്ന സ്ഥിരം പല്ലവിയിലൂടെ കുട്ടിയിൽ എപ്പോഴും ഒരുതരം കുറ്റബോധം സൃഷ്ടിക്കും. ഒപ്പം "നീ ഇങ്ങനെ ചെയ്താൽ നാട്ടുകാർ എന്ത് പറയും" എന്ന ചോദ്യത്തിലൂടെ അവരുടെ സ്വാതന്ത്ര്യത്തെ റദ്ദാക്കുകയും ചെയ്യും.
ഇത്തരം സാഹചര്യത്തിൽ വളരുന്ന കുട്ടി ഭയാനകമായ ഒരു പാഠം പഠിക്കുന്നു: "ഞാൻ എന്താണോ അതിന്റെ പേരിലല്ല, ഞാൻ എന്ത് നേടുന്നു എന്നതിന്റെ പേരിലാണ് എന്നെ എല്ലാവരും സ്നേഹിക്കുന്നത്."
നാർസിസിസ്റ്റിക് കുടുംബത്തിലെ റോളുകൾ (Roles and Rules)
തങ്ങളുടെ പൂർണ നിയന്ത്രണം നിലനിർത്താൻ, നാർസിസിസ്റ്റിക് രക്ഷിതാക്കൾ കുടുംബത്തിൽ കുട്ടികൾക്ക് അലിഖിതമായ ചില റോളുകൾ നൽകി അവരെ ഭിന്നിപ്പിച്ചു ഭരിക്കാറുണ്ട്:
- സുവർണ കുട്ടി (The Golden Child): ഈ കുട്ടിയെ എപ്പോഴും പുകഴ്ത്തുകയും രക്ഷിതാവിന്റെ ഈഗോയുടെ ഏറ്റവും മികച്ച ഉൽപ്പന്നമായി അവതരിപ്പിക്കുകയും ചെയ്യും. ഇവർക്ക് എല്ലാ സ്വാതന്ത്ര്യവും കിട്ടുമെങ്കിലും, എപ്പോഴും 'പെർഫെക്റ്റ്' ആയിരിക്കണം എന്ന ഭയങ്കരമായ സമ്മർദം ഇവർ അനുഭവിക്കുന്നുണ്ടാകും. ഇത് കടുത്ത ഉത്കണ്ഠയിലേക്കും വ്യക്തിത്വമില്ലായ്മയിലേക്കും നയിക്കും.
- ബലിയാട് (The Scapegoat): എപ്പോഴും സത്യങ്ങൾ വിളിച്ചു പറയുന്ന, അല്ലെങ്കിൽ വിമതനായ കുട്ടിയായിരിക്കും ഇത്. കുടുംബത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കുറ്റപ്പെടുത്തുന്നത് ഇവരെയായിരിക്കും. ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിക്കുന്നത് ഇവരാണെങ്കിലും, കുടുംബത്തിലെ ഈ വിഷലിപ്തമായ അവസ്ഥയെ ആദ്യം തിരിച്ചറിയുന്നതും ഈ കുട്ടികളായിരിക്കും.
- മൗനം പാലിക്കുന്ന പങ്കാളി (The Enabler Parent): പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നാർസിസിസ്റ്റായ പങ്കാളിയെ പിന്തുണയ്ക്കുന്ന, അല്ലെങ്കിൽ കുട്ടികളെ സംരക്ഷിക്കാൻ തയാറാകാത്ത രക്ഷിതാവ്. ഇവർ പലപ്പോഴും ഈ ചൂഷണങ്ങളെ ന്യായീകരിക്കാറാണ് പതിവ്.
വിജയിക്കുന്ന കുട്ടികൾ എന്ന മിഥ്യാധാരണ (The "High-Achieving" Paradox)
നാർസിസിസ്റ്റിക് പാരന്റിങ്ങിന്റെ ഏറ്റവും വലിയ സങ്കീർണത, അത് പുറമെ നോക്കുമ്പോൾ വളരെ വിജയകരമായ ജീവിതം നയിക്കുന്ന കുട്ടികളെ സൃഷ്ടിച്ചേക്കാം എന്നതാണ്. താൻ എന്ത് നേടുന്നു എന്നതിനെ ആശ്രയിച്ചാണ് തനിക്ക് സ്നേഹം ലഭിക്കുന്നത് എന്ന് പഠിച്ചതുകൊണ്ട്, ഈ കുട്ടികൾ അക്കാദമികമായി മികച്ച നിലവാരം പുലർത്തുന്നവരും ഉയർന്ന ലക്ഷ്യങ്ങളുള്ളവരുമാകും. എന്നാൽ ഈ ബാഹ്യമായ വിജയങ്ങൾക്കുള്ളിൽ വലിയൊരു മാനസിക തകർച്ച ഒളിഞ്ഞിരിപ്പുണ്ടാകും.
നാർസിസിസ്റ്റായ രക്ഷിതാക്കളുടെ ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികൾക്ക് ഒരിക്കലും ആ നേട്ടങ്ങൾ ആസ്വദിക്കാൻ കഴിയില്ല. പരാജയപ്പെടുമോ എന്ന നിരന്തരമായ ഭയം, അപൂർണതകളോടുള്ള പേടി (Perfectionism), തനിക്ക് ഇതിനുള്ള കഴിവില്ലെന്ന തോന്നൽ (Imposter syndrome) എന്നിവ ഇവരെ എപ്പോഴും വേട്ടയാടും. ഒരു നിമിഷം പോലും ഇവർക്ക് റിലാക്സ് ചെയ്യാൻ കഴിയില്ല, കാരണം "പെർഫോമൻസ് നിർത്തിയാൽ എന്റെ വില പോകും" എന്ന് അവരുടെ തലച്ചോർ വിശ്വസിച്ചുപോയിട്ടുണ്ട്. പുറമെ കാണുന്ന വിജയം ഒരിക്കലും മാനസികാരോഗ്യത്തിന്റെ ലക്ഷണമാകണമെന്നില്ല.
ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘാതങ്ങൾ
ബാല്യകാലത്തെ ഒരു അതിജീവന തന്ത്രമായി തുടങ്ങുന്ന കാര്യങ്ങൾ മുതിരുമ്പോൾ സ്വയം നശിപ്പിക്കുന്ന ശീലങ്ങളായി (Self-sabotaging behavior) മാറുന്നു:
- ബാല്യകാലം: കടുത്ത ഉത്കണ്ഠ, തെറ്റുകൾ വരുത്തുമോ എന്ന ഭയം, എപ്പോഴും രക്ഷിതാക്കളുടെ മുഖഭാവം നോക്കി ജീവിക്കുന്ന അവസ്ഥ (Hyper-vigilance), വികാരങ്ങളെ ഉള്ളിലൊതുക്കൽ.
- കൗമാരം: അമിതമായ വഴക്കാളിത്തം അല്ലെങ്കിൽ അമിതമായ വിധേയത്വം, സ്വന്തമായി താൻ ആരാണെന്ന ആശയക്കുഴപ്പം (Identity confusion), സമപ്രായക്കാരുമായി ഇടപഴകാനുള്ള ബുദ്ധിമുട്ട്.
- യൗവനം/മുതിർന്ന കാലം: എല്ലാവരെയും പ്രീതിപ്പെടുത്താൻ ശ്രമിക്കുക, വ്യക്തിപരമായ അതിരുകൾ (Boundaries) വെക്കാനുള്ള ബുദ്ധിമുട്ട്, ടോക്സിക് ആയ പ്രണയബന്ധങ്ങളിൽ ചെന്ന് ചാടുക, തിരസ്കരിക്കപ്പെടുമോ എന്ന കടുത്ത ഭയം, സ്വന്തം തീരുമാനങ്ങളെപ്പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ.
സംസ്കാരവും നാർസിസിസവും: ഒരു പ്രധാന വ്യത്യാസം
പാരന്റിങ്ങിനെക്കുറിച്ച് പറയുമ്പോൾ നമ്മൾ തീർച്ചയായും നമ്മുടെ സംസ്കാരത്തെക്കൂടി മനസിലാക്കണം. കർശനമായ നിയമങ്ങൾ, വിദ്യാഭ്യാസത്തിലെ ഉയർന്ന പ്രതീക്ഷകൾ, കുട്ടികളുടെ കരിയറിലും വിവാഹത്തിലും ഇടപെടുക തുടങ്ങിയവ നമ്മുടെ സമൂഹത്തിൽ സാധാരണമാണ്.
കർക്കശക്കാരായ രക്ഷിതാക്കൾ എല്ലാവരും നാർസിസിസ്റ്റുകളല്ല. ഇതിലെ പ്രധാന വ്യത്യാസം ആ പെരുമാറ്റത്തിന് പിന്നിലെ മനഃശാസ്ത്രമാണ്. ഒരു രക്ഷിതാവ് കർശനമായി പെരുമാറുന്നത് അത് കുട്ടിയുടെ ഭാവിക്കും സുരക്ഷയ്ക്കും അനിവാര്യമാണെന്ന് അവർ ആത്മാർഥമായി വിശ്വസിക്കുന്നതുകൊണ്ടാണ്. എന്നാൽ നാർസിസിസ്റ്റിക് രക്ഷിതാവ് നിയമങ്ങൾ വെക്കുന്നത് കുട്ടിയുടെ വിധേയത്വം അവരുടെ ഈഗോയെ തൃപ്തിപ്പെടുത്തുന്നത് കൊണ്ടാണ്; കുട്ടിയുടെ സ്വാതന്ത്ര്യം അവർക്ക് ഒരു ഭീഷണിയായി തോന്നുന്നത് കൊണ്ടാണ്.
കുട്ടി വളരെ മാന്യമായി ഒരു കാര്യത്തോട് "നോ" പറഞ്ഞാൽ, കർക്കശക്കാരനായ രക്ഷിതാവ് ഒരുപക്ഷെ അതിനോട് വിയോജിക്കുകയോ വാദിക്കുകയോ ചെയ്തേക്കാം, എന്നാൽ അവർ കുട്ടിയോടുള്ള സ്നേഹം പിൻവലിക്കില്ല. എന്നാൽ ഒരു നാർസിസിസ്റ്റിക് രക്ഷിതാവ് കുട്ടിയുടെ "നോ" എന്ന വാക്കിനെ തന്നോടുള്ള വഞ്ചനയായി കണ്ട് വൈകാരികമായി അവരെ ഉപേക്ഷിക്കുകയോ (Emotional abandonment) കടുത്ത കോപം പ്രകടിപ്പിക്കുകയോ ചെയ്യും.
ഈ വിഷമവൃത്തത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം?
ഒരു നാർസിസിസ്റ്റിന്റെ കുട്ടി നാളെ മറ്റൊരു നാർസിസിസ്റ്റിക് രക്ഷിതാവായി മാറുമോ? ഒരിക്കലുമില്ല. മുതിർന്ന കുട്ടികൾക്ക് ഈ ചങ്ങല പൊട്ടിച്ചെറിയാൻ തീർച്ചയായും കഴിയും. അതിനുള്ള ചില വഴികൾ താഴെ പറയുന്നവയാണ്:
- നഷ്ടപ്പെട്ടതിനെയോർത്ത് സങ്കടപ്പെടുക (Grieving): നിങ്ങളുടെ രക്ഷിതാക്കൾ ഒരിക്കലും മാറാൻ പോകുന്നില്ല എന്ന സത്യം അംഗീകരിക്കുക. നിങ്ങൾക്ക് കിട്ടാതെ പോയ നിരുപാധികമായ സ്നേഹത്തിന് കാരണം ഒരിക്കലും നിങ്ങളല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം.
- അതിരുകൾ നിശ്ചയിക്കുക (Establishing Boundaries): നിങ്ങളുടെ സ്വന്തം മൂല്യവും രക്ഷിതാവിന്റെ പ്രതികരണങ്ങളും രണ്ടാണെന്ന് മനസിലാക്കുക. അനാവശ്യമായ വാഗ്വാദങ്ങളിൽ നിന്ന് മാറിനിൽക്കുക. വൈകാരികമായി പ്രതികരിക്കാതെ നിർവികാരമായി കേട്ട് നിൽക്കുന്ന "ഗ്രേ റോക്ക്" (Grey Rock method) രീതി ശീലിക്കുക.
- സ്വയം ഒരു രക്ഷിതാവാകുക (Reparenting Yourself): നിങ്ങൾക്ക് നിഷേധിക്കപ്പെട്ട സ്നേഹവും കരുണയും നിങ്ങൾ തന്നെ നിങ്ങൾക്ക് നൽകുക. നിങ്ങളുടെ വികാരങ്ങൾക്ക് വില കൽപ്പിക്കുക, തെറ്റുകൾ വരുത്തിയാൽ സ്വയം ശിക്ഷിക്കാതിരിക്കാൻ ശീലിക്കുക, അവർ അടിച്ചേൽപ്പിച്ചതിനപ്പുറം നിങ്ങളുടെ യഥാർഥ താല്പര്യങ്ങൾ കണ്ടെത്തുക.
നിങ്ങളുടെ ജീവിതത്തിൽ ഈ പാറ്റേണുകൾ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ, ഓർക്കുക; നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല. സ്നേഹത്തെ ഒരു ആയുധമായി ഉപയോഗിച്ച ഒരു ചുറ്റുപാടിനോട് നിങ്ങൾ വെറുതെ പ്രതികരിക്കുക മാത്രമായിരുന്നു. നിങ്ങളുടെ വ്യക്തിത്വം വീണ്ടെടുക്കാനും, ആരോഗ്യകരമായ അതിരുകൾ തീർക്കാനും, നിങ്ങൾ എല്ലാ അർഥത്തിലും പൂർണനാണെന്ന് മനസിലാക്കാനും ട്രോമ-ഇൻഫോംഡ് (Trauma-informed) ആയ ഒരു തെറാപ്പിസ്റ്റിന്റെയോ കൗൺസിലറുടെയോ സഹായം തേടുന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരിക്കും.
Adjust Story Font
16
