Quantcast

ടിആർപി കുളത്തിലെ മാധ്യമങ്ങൾ

വാർത്തകൾ വസ്തുതകളോടെ റിപ്പോർട്ട് ചെയ്യുക എന്നതിനേക്കാൾ തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന രീതിയിലേക്ക് ക്രമേണ മുഖ്യധാരാ മാധ്യമങ്ങൾ മാറുന്നു. പത്രം വായിക്കുന്നതിനേക്കാൾ അത് വിൽക്കപെടുന്നതിലേക്കും, ചാനലുകൾ വിവിധ വാർത്തകൾ അറിയിക്കുക എന്നതിൽ നിന്ന് കൂടുതൽ ദൃശ്യ മികവോടെ, പശ്ചാത്തല ശബ്ദങ്ങളുടെ അകമ്പടിയോടെ പ്രേക്ഷകരിലേക്ക് എത്തിച്ച് കൂടുതൽ നേരം സ്ക്രീനിന് മുന്നിൽ പിടിച്ചിരുത്തുക എന്നതിലേക്കും വഴിമാറി. തത്ഫലമായി മാധ്യമങ്ങളുടെ ധർമം തന്നെയും അട്ടിമറിക്കപ്പെടുകയും സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിന് പകരം നിലനിൽക്കുന്ന അധീശ അധികാര വ്യവസ്ഥയെ താങ്ങി നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്

MediaOne Logo
ടിആർപി കുളത്തിലെ മാധ്യമങ്ങൾ
X

ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾ ബാക്കി മൂന്ന് ഘടകങ്ങളെ പോലെ ജനാധിപത്യ വ്യവഹാരത്തിനകത്ത് നടത്തുന്ന കൊടുക്കൽ വാങ്ങലുകളെ കുറിച്ചുള്ള ആത്മവിമർശനം ഈ സഹചര്യത്തിൽ പ്രസക്തമാണ്. കൃത്യമായ വാർത്തകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ അടിസ്ഥാന ധർമമായി മനസിലാക്കപ്പെടാറുള്ളത്. സാമൂഹിക മാധ്യമങ്ങളുടെ ജനകീയവത്കരണത്തിലൂടെ വാർത്തകൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പ്രചരിക്കാൻ തുടങ്ങിയതോടെ സാമ്പ്രദായിക മാധ്യമങ്ങളുടെ നിലനിൽപ്പ് തന്നെ ഒരുവേള ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. കൂടുതൽ ആഴത്തിലുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങളിലൂടെയും, സിനിമ, കായിക വാർത്തകൾക്ക് കൂടുതൽ ദൃശ്യത നൽകിയുമൊക്കെ അച്ചടി-ദൃശ്യ മാധ്യമങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ അച്ചടി-ദൃശ്യ മാധ്യമ വ്യവഹാരങ്ങൾ സാമൂഹിക മാധ്യമങ്ങളുടെ ഫോർമാറ്റിലേക്ക് കൊണ്ട് വരുന്നതിലേക്ക് വരെ മുഖ്യധാരാ മാധ്യമങ്ങളെ കൊണ്ടെത്തിച്ചു. അപ്പോഴും സാമൂഹിക മാധ്യമങ്ങൾ അതിന്റെതായ രീതിയിൽ വേറിട്ട് നിന്നു. മുഖ്യധാരാ മാധ്യമങ്ങൾക്ക് ഉണ്ടായ പ്രധാന മേന്മ വാർത്തകളുടെ ആധികാരികതയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വാർത്തകൾ വേഗത്തിൽ പ്രചരിക്കുമെങ്കിലും വാർത്തകളുടെ ആധികാരികത പലപ്പോഴും ഒരു ചോദ്യചിഹ്നമായിരുന്നു.

ഇന്നത്തെ സവിശേഷ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും മാധ്യമ സ്ഥാപനങ്ങളുടെ കോർപ്പറേറ്റുവത്കരണവും കാരണം അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ ആധികാരികതയും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടായികൊണ്ടിരിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഇത് കൂടുതൽ പ്രതിസന്ധികൾക്ക് കരണമാവുന്നുണ്ടെങ്കിലും അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ മറ്റൊരു മേന്മയായ ദൃശ്യത(visibility)യെ പ്രയോജനപെടുത്തുന്ന പ്രവർത്തനരീതിയിലേക്ക് മുഖ്യധാരാ മാധ്യമങ്ങൾ ചുവടുമാറ്റുന്നു. അതിൽ തന്നെ നിലനിൽക്കുന്ന സാമൂഹിക അധികാര ശ്രേണിയെ അതേപടി നിലനിർത്തി കൊണ്ടും അതിനോട് ഒരുവിധത്തിലുമുള്ള വിമർശനങ്ങൾ സ്വീകരിക്കാതെയും അവയെ കാല്പനികവൽക്കരിച്ചു കൊണ്ട് തങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടത് നൽകി അവരെ തൃപ്തിപ്പെടുത്തുക എന്ന സമീപനം മാധ്യമങ്ങൾ കൈക്കൊള്ളുന്നു. ഇവിടെയാണ് പത്രങ്ങളുടെ കോപ്പിയുടെ എണ്ണവും ചാനലുകളുടെ ടിആർപി റേറ്റിങ്ങും രംഗപ്രവേശനം ചെയ്യുന്നത്.




വാർത്തകൾ വസ്തുതകളോടെ റിപ്പോർട്ട് ചെയ്യുക എന്നതിനേക്കാൾ തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന രീതിയിലേക്ക് ക്രമേണ മുഖ്യധാരാ മാധ്യമങ്ങൾ മാറുന്നു. പത്രം വായിക്കുന്നതിനേക്കാൾ അത് വിൽക്കപെടുന്നതിലേക്കും, ചാനലുകൾ വിവിധ വാർത്തകൾ അറിയിക്കുക എന്നതിൽ നിന്ന് കൂടുതൽ ദൃശ്യ മികവോടെ, പശ്ചാത്തല ശബ്ദങ്ങളുടെ അകമ്പടിയോടെ പ്രേക്ഷകരിലേക്ക് എത്തിച്ച് കൂടുതൽ നേരം സ്ക്രീനിന് മുന്നിൽ പിടിച്ചിരുത്തുക എന്നതിലേക്കും വഴിമാറി. തത്ഫലമായി മാധ്യമങ്ങളുടെ ധർമം തന്നെയും അട്ടിമറിക്കപ്പെടുകയും സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിന് പകരം നിലനിൽക്കുന്ന അധീശ അധികാര വ്യവസ്ഥയെ താങ്ങി നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്.

മുഖ്യധാര മാധ്യമങ്ങളുടെ സമീപകാല രീതികൾ പരിശോധിക്കുന്നത് ഇവിടെ പ്രസക്തമാണ്. പഹൽഗാം ആക്രമണവും അതിന്റെ പ്രതികരണമായ ഓപ്പറേഷൻ സിന്ദൂറിനെയും തുടർന്നുണ്ടായ ഇന്ത്യ പാക് സംഘർഷം ഇന്ത്യൻ മാധ്യമങ്ങൾക്ക്, പ്രത്യേകിച്ച് മലയാള മാധ്യമങ്ങൾക്ക്, ടെലിവിഷൻ റേറ്റിംഗ് പോയിന്റ് (ടിആർപി) വർധിപ്പിക്കാനുള്ള ഒരു "സുവർണാവസരമായി" മാറി. ഈ റിപ്പോർട്ടിങ്ങുകളിൽ ഉടനീളം മാധ്യമ ധാർമികതയും ഉത്തരവാദിത്തവും അവഗണിക്കപ്പെടുന്നുവെന്ന വിമർശനം ശക്തമാണ്. ഇന്ത്യ-പാക് സംഘർഷം, ചരിത്രപരമായി മാധ്യമങ്ങൾക്ക് ഉയർന്ന ടിആർപി നേടാനുള്ള വിഷയമാണ്. ദേശീയ മാധ്യമങ്ങളായ റിപബ്ലിക് ടിവി, ഇന്ത്യ ടുഡേ, ടൈംസ് നൗ തുടങ്ങിയവ വിദ്വംസക തലക്കെട്ടുകളോടെ 24x7 ചർച്ചകൾ സംഘടിപ്പിച്ചു. ഈ റിപ്പോർട്ടിംഗ് പലപ്പോഴും വസ്തുതകളെക്കാൾ ഉന്മാദ ദേശീയവാദപരമായ വികാരങ്ങൾ ആളിക്കത്തിക്കുന്നതിനും, യുദ്ധോന്മാദം സൃഷ്ടിക്കുന്നതിനും ഊന്നൽ നൽകിയുള്ളതായിരുന്നു. ചില ചാനലുകൾ അതിരുകൾ കടന്ന് യുദ്ധാഹ്വാനങ്ങൾ വരെ മുഴക്കുന്നുണ്ടായിരുന്നു.

മലയാള മാധ്യമങ്ങളും ഈ സംഘർഷത്തെ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. കേരളത്തിന്റെ വിദ്യാസമ്പന്നവും രാഷ്ട്രീയ ബോധമുള്ളതുമായ ജനതയെ ലക്ഷ്യമിട്ട് ഇതിൽ പല ചാനലുകളും 'ഇന്ത്യ-പാക് യുദ്ധ സാധ്യത' തലക്കെട്ടുകളോടെയാണ് പ്രൈം ടൈം ചർച്ചകൾ നയിച്ചത്. ദേശീയ മാധ്യമങ്ങളെപ്പോലെ, മലയാള മാധ്യമങ്ങളും ടിആർപി മത്സരത്തിൽ വീഴുന്നുണ്ട്. മലയാള മാധ്യമങ്ങൾ, ഇന്ത്യ-പാക് സംഘർഷത്തെ സൈനിക-രാഷ്ട്രീയ വീക്ഷണകോണിൽ മാത്രമാണ് ചർച്ച ചെയ്യുന്നത് എന്നതാണ് പ്രധാന വിമർശനം. രാജ്യം ഒരു യുദ്ധമുഖത്തേക്ക് നീങ്ങിയാൽ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ഏത് രൂപത്തിലായിരിക്കുമെന്നത് ആലോചനയാവുന്നില്ല. നമ്മുടെ മാധ്യമങ്ങളുടെ കാമറകൾ അവിടെയെത്തുന്നുമില്ല. കശ്മീരിലെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ, സൈനികവൽക്കരണം, മനുഷ്യാവകാശ ലംഘനങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ പലപ്പോഴും മാധ്യമങ്ങളിൽ അവഗണിക്കപ്പെടുന്നു. പലപ്പോഴും കശ്മീർ ജനതയുടെ പ്രശ്ങ്ങളെ പുറത്ത് കൊണ്ടുവരുന്നത് വിദേശ മാധ്യമങ്ങളാണ് എന്ന് കാണാം.

മലയാള മാധ്യമങ്ങൾ, ഒരു പരിധിവരെ സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴും ദേശീയ മാധ്യമങ്ങളുടെ വാർത്തകളെയും വീക്ഷണങ്ങളെയും വലിയ തോതിൽ ആശ്രയിക്കേണ്ടി വരുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലം, മലയാള മാധ്യമങ്ങളെ ദേശീയ മാധ്യമങ്ങളിൽ നിന്ന് ഒരു പരിധി വരെ വ്യത്യസ്തമാക്കുന്നുണ്ട്. കേരളത്തിലെ വൈവിധ്യമാർന്ന രാഷ്ട്രീയ ബോധവും, ഉയർന്ന സാക്ഷരതാ നിരക്കും, മാധ്യമങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തപരമായ റിപ്പോർട്ടിംഗ് ആവശ്യപ്പെടുന്നുണ്ട്.

വ്യാജവാർത്തകൾ, ഊഹാപോഹങ്ങൾ, വസ്തുതാ പരിശോധനയില്ലാത്ത റിപ്പോർട്ടുകൾ എന്നിവ മലയാള മാധ്യമങ്ങളിലും കാണുന്നത് മാധ്യമ ധാർമികതയെ കുറിച്ചുള്ള ചോദ്യമുയർത്തുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ പേരിൽ പോലും വ്യാജവാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ ഇവിടെയുള്ള മാധ്യമങ്ങൾക്ക് മടിയുണ്ടായില്ല. നൈമിഷികമായ ചില വികാരത്തള്ളിച്ചയിൽ ജനങ്ങളുടെ ആവേശം കത്തിച്ചുനിർത്തുന്നതിൽ വിവരങ്ങൾ ഫാക്ട് ചെക്ക് ചെയ്യാൻ പോലും മറന്നുപോകുന്നു എന്നത് ദൗർഭാഗ്യകരമാണ്. യഥാർത്ഥത്തിൽ മാധ്യമങ്ങൾ, ഉത്തരവാദിത്തപരമായ റിപ്പോർട്ടിംഗിന് മുൻഗണന നൽകണം. ഇന്ത്യ-പാക് സംഘർഷം പോലുള്ള സങ്കീർണ വിഷയങ്ങളിൽ, വസ്തുതാപരമായ വിശകലനം, വൈവിധ്യമാർന്ന വീക്ഷണങ്ങൾ, സമാധാന സന്ദേശം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതിന് മുമ്പ്, സ്വതന്ത്രമായ വസ്തുതാ പരിശോധന നടത്തുക. ഇത്, വ്യാജവാർത്തകളും ഊഹാപോഹങ്ങളും ഒഴിവാക്കാൻ സഹായിക്കും. കശ്മീർ ജനതയുടെ ദുരിതങ്ങളും, സംഘർഷത്തിന്റെ മാനുഷിക വശങ്ങളും റിപ്പോർട്ട് ചെയ്യുക. ഇത്, കാഴ്ചക്കാർക്ക് വിഷയത്തിന്റെ ആഴം മനസ്സിലാക്കാൻ സഹായിക്കും. യുദ്ധോന്മാദത്തിന് പകരം, സമാധാന ചർച്ചകൾക്കും, നയതന്ത്ര പരിഹാരങ്ങൾക്കും മുൻഗണന നൽകുക. ജനാധിപത്യ വ്യവഹാരത്തിനകത്ത് മാധ്യമങ്ങൾക്ക് നിർവഹിക്കാനുള്ള പ്രധാന ഉത്തരവാദിത്വവും അതാണ്. നീതി, സമാധാനം തുടങ്ങിയ മൂല്യങ്ങളെ മുൻനിർത്തി തങ്ങളുടെ വാർത്ത വിതരണ രീതിയെ പുനർ നിർവചിക്കാൻ മാധ്യമങ്ങൾ സന്നദ്ധമാവണം. അപ്പോഴാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ നാലാം തൂണായി മാധ്യമങ്ങൾ മാറുന്നത്.


TAGS :

Next Story