Quantcast

സ്വന്തം ജീവന്‍ വെടിഞ്ഞ് ഇരട്ടക്കുട്ടികളെ രക്ഷിച്ച് ഒരമ്മ; മാതൃസ്നേഹത്തിന്‍റെ വറ്റാത്ത മാതൃകയായി ഹിലാരി

തിങ്കളാഴ്ചയാണ് അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്ന ഹിലാരിയുടെ കാര്‍ ഡേവിസണിനടുത്തുള്ള ഐ -96ന്‍റെ പ്രവേശന പാതയിൽ വച്ച് അപകടത്തില്‍ പെടുന്നത്

MediaOne Logo

  • Published:

    5 March 2021 8:15 AM GMT

സ്വന്തം ജീവന്‍ വെടിഞ്ഞ് ഇരട്ടക്കുട്ടികളെ രക്ഷിച്ച് ഒരമ്മ; മാതൃസ്നേഹത്തിന്‍റെ വറ്റാത്ത മാതൃകയായി ഹിലാരി
X

അമ്മ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളിയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണില്‍ നിന്നുള്ള ഹിലാരി ഗലാസ്ക എന്ന 29 കാരി. സ്വന്തം ജീവന്‍ പോലും അവഗണിച്ച് മക്കളെ മരണമുഖത്ത് നിന്നും രക്ഷിച്ച് സ്വയം മരണത്തിലേക്ക് നടന്നുനീങ്ങിയാണ് ഹിലാരി ലോകത്തിന് മുന്നില്‍ മാതൃസ്നേഹത്തിന്‍റെ വറ്റാത്ത മാതൃകയായത്.

തിങ്കളാഴ്ചയാണ് അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്ന ഹിലാരിയുടെ കാര്‍ ഡേവിസണിനടുത്തുള്ള ഐ -96ന്‍റെ പ്രവേശന പാതയിൽ വച്ച് അപകടത്തില്‍ പെടുന്നത്. നിയന്ത്രണം വിട്ട ഒരു കാര്‍ ഹിലാരിയുടെ കാറിന്‍റെ പിന്‍ഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതം മുഴുവനേറ്റത് ഹിലാരിക്കായിരുന്നു. കുട്ടികളുടെ മേല്‍ ഒരു പരിച പോലെ നിന്ന് അവള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഹിലാരി അപകട സ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു.

ശരിക്കും മകളുടെ ശരീരമാണ് കുഞ്ഞുങ്ങളെ രക്ഷിച്ചതെന്ന് ഹിലാരിയുടെ അമ്മ ജോഡി കെല്ലി പറഞ്ഞു. '' അമ്മ കണ്ണുകള്‍ തുറന്ന് ഞങ്ങളെ നോക്കി, പിന്നെ മെല്ലെ അടച്ചു. പിന്നീട് ഒരിക്കലും തുറന്നിട്ടില്ല'' സംഭവത്തെക്കുറിച്ച് ഇരട്ടക്കുട്ടികള്‍ ഇങ്ങിനെ പറഞ്ഞതായി കെല്ലി പറയുന്നു. ശക്തയും സ്നേഹനിധിയുമായ അമ്മയെന്നാണ് കെല്ലി മകളെ വിശേഷിപ്പിച്ചത്. നിസാര പരിക്കുകളേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരട്ടക്കുട്ടികളെ കൂടാതെ എട്ട് വയസുള്ള ഒരു കുഞ്ഞുമുണ്ട് ഹിലാരിക്ക്.

സംഭവത്തില്‍ മിഷിഗണ്‍ സ്റ്റേറ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് കാരണക്കാരനായ 25 കാരന്‍ സസ്പെന്‍ഡ് ചെയ്ത ലൈസന്‍സുമായിട്ടാണ് വാഹനമോടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. അപകടം നടന്ന ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സക്കായി അഡ്മിറ്റാവുകയും ചെയ്തു. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

TAGS :

Next Story