Quantcast

ഈ പരിണാമത്തില്‍ ഒരു പുതുമയുമില്ല

MediaOne Logo

admin

  • Published:

    21 March 2016 6:37 AM GMT

ഈ പരിണാമത്തില്‍ ഒരു പുതുമയുമില്ല
X

ഈ പരിണാമത്തില്‍ ഒരു പുതുമയുമില്ല

sdsd

നഗരത്തെ വിറപ്പിച്ച വില്ലന്‍റെയും ആ വില്ലനെ വിറപ്പിച്ച നായകന്‍റെയും കഥ കേട്ട് ഇത് പോക്കിരിയല്ലേ എന്ന ചോദ്യവുമായെത്തിയ രസമുള്ള ട്രെയിലര്‍ കണ്ട് പുതുമ തേടി ഡാര്‍വിന്‍റെ പരിണാമത്തിന് കയറിയാല്‍ നിരാശപ്പെടും. പോക്കിരിയുടെ കുറച്ച് ഭാഗമെടുത്തിട്ടുണ്ടെങ്കിലും മെയ്ക്കിങ് അടിപൊളിയായിരിക്കും എന്ന ട്രെയിലറിലെ ഡയലോഗും നായകന്‍റെ പേര് നല്‍കാതെ വില്ലന്‍റെ പേര് സിനിമയ്ക്ക് നല്‍കിയതുമെല്ലാം പരിഗണിക്കുമ്പോള്‍ ചില സ്പൂഫ് സാധ്യതകള്‍ സിനിമ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ന്യായമായും പ്രതീക്ഷിക്കും. പക്ഷേ പ്രമേയത്തിലോ അവതരണത്തിലോ ദൃശ്യഭാഷയിലോ ഒരു പ്രത്യേകതയും ഈ സിനിമയ്ക്ക് അവകാശപ്പെടാനില്ല. പൃഥ്വി രാജിന്‍റെ താരമൂല്യം ബോക്സ് ഓഫീസില്‍ എന്തെങ്കിലും ചലനമുണ്ടാക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

സാധാരണക്കാരന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ധൈര്യം സംഭരിച്ച് വില്ലനെ അടിച്ചുനിരത്തുന്നത് എത്രയോ സിനിമകളില്‍ ഇതിനകം കണ്ടുകഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ കിരീടത്തിലെ മോഹന്‍ലാല്‍ ആവാം ആ സീരീസിലെ സിനിമകളില്‍ ആദ്യം ഓര്‍മ വരിക. ഈ സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന അനില്‍ ആന്‍റോ എന്ന കഥാപാത്രവും നിയമവും നീതിയും തുണയ്ക്കാതായപ്പോള്‍ സ്വന്തം നിലയ്ക്ക് പ്രതികാരം ചെയ്യാനിറങ്ങിയതാണ്. ആദ്യ പകുതിയിലെ ഈ സാധാരണക്കാരന്‍റെ ശരീരഭാഷയോട് പൃഥ്വി നീതിപുലര്‍ത്തിയിട്ടുണ്ട്. പക്ഷേ സീരിയല്‍ കണ്ട് മരുമകളോട് പോരെടുക്കുന്ന അമ്മായിയമ്മ, ഭര്‍ത്താവിന്‍റെ തണലില്‍ അടങ്ങിയൊതുങ്ങി കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭാര്യ, നായകന്‍റെ വാലായി നല്ലവരായ കൂട്ടുകാര്‍ എന്നിങ്ങനെ ക്ലീഷെ കഥാസന്ദര്‍ഭങ്ങള്‍ ബോറടിപ്പിക്കുന്നു.

കൊച്ചിയെ വിറപ്പിക്കുന്ന ഡാര്‍വിന്‍റ (ചെമ്പന്‍ വിനോദ്) പാത്രസൃഷ്ടിയും പതിവിന്‍പടി തന്നെ. മലയാള സിനിമയില്‍ ഡോണ്‍ ആയാല്‍ മഴയില്‍ അനുയായികള്‍ കുട പിടിച്ച് ആനയിക്കുന്ന ഒരു സീന്‍ നിര്‍ബന്ധം ആണല്ലോ. പിന്നെ കൂളിംഗ് ഗ്ലാസ് വെയ്ക്കണം, ഇടയ്ക്ക് ദേഷ്യം വരുമ്പോള്‍ അനുയായികളുടെ കുടുംബത്തിലുള്ളവരെ ചീത്ത വിളിക്കണം തുടങ്ങിയ പതിവുകളൊന്നും ഈ വില്ലനും തെറ്റിച്ചിട്ടില്ല. രണ്ടാം പകുതിയില്‍ കൊച്ചിയെ വിറപ്പിച്ച പുലി എലിയാവുകയാണ്. നായകന്‍രെ ബുദ്ധിയും ഹാസ്യവും സമം ചേര്‍ത്ത് വില്ലനെ മര്യാദക്കാരനാക്കി മാറ്റുന്ന രംഗങ്ങള്‍ അസഹനീയമാണ്. വിശ്വസനീയമായ രീതിയില്‍ കൊച്ചിയെ വിറപ്പിച്ച വില്ലന്‍രെ പരിണാമം അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ വില്ലന്മാരെ ഇടിച്ചുനിരപ്പാക്കുന്ന പൃഥ്വിയെ കണ്ട് ഫാന്‍സ് കയ്യടിച്ചേക്കാം. പക്ഷേ പൃഥ്വിക്ക് പറയാന്‍ പഞ്ചുള്ള ഒരു ഡയലോഗ് പോലും സംഭാഷണത്തില്‍ ഇല്ല. അര്‍ഹതയുള്ളത് അതിജീവിക്കുമെന്ന ഡാര്‍വിന്‍റെ സിദ്ധാന്തം ക്ലൈമാക്സില്‍ പൃഥ്വിയെ കൊണ്ട് പറയിപ്പിച്ചിട്ടുണ്ടെങ്കിലും സ്വാഭാവികത ഇല്ലാതെ ആ ഡയലോഗ് അങ്ങനെ മുഴച്ചുനില്‍ക്കുകയാണ്.

സിനിമയുടെ തുടക്കം പശ്ചാത്തല വിവരണം വേണമെന്നത് അടുത്ത കാലത്ത് മലയാള സിനിമയുടെ കീഴ്‍വഴക്കമായിട്ടുണ്ടെന്ന് തോന്നുന്നു. ഈ സിനിമയില്‍ തുടക്കം മധ്യവും ഒടുക്കവുമെല്ലാം അശരീരി കേള്‍ക്കാം. പ്രേക്ഷകരെ ചിരിപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ഒരു കൂട്ടം ഹാസ്യതാരങ്ങളെയും അണിനിരത്തിയിട്ടുണ്ട്. ഇടയ്ക്കിടെ ഇവര്‍ ചിരിപ്പിക്കുന്നുണ്ട്. പക്ഷേ ഹാസ്യത്തിന് വേണ്ടി ഹാസ്യം സൃഷ്ടിക്കാന്‍ മുതിര്‍ന്നപ്പോള്‍ തിരക്കഥ കൈവിട്ട് ഏതോ വഴിക്ക് പോയി. ഛായാഗ്രഹണം, എഡിറ്റിംഗ്, പാട്ടുകള്‍ എല്ലാം ശരാശരി നിലവാരത്തില്‍ ഒതുങ്ങി.

അടുത്ത കാലത്ത് ബോക്സ് ഓഫീസിലെ തുടര്‍ച്ചയായ വിജയം കൊണ്ട് താരമൂല്യം ഉയര്‍ത്തിയ നടനാണ് പൃഥ്വി രാജ്. വേറെ ചില സിനിമകളാവട്ടെ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോഴും പൃഥ്വിയുടെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ അഭിനന്ദനം പിടിച്ചുപറ്റി. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ അത്രയേറെ ശ്രദ്ധ പുലര്‍ത്തുന്ന പൃഥ്വിക്ക് ഈ സിനിമയുടെ തെരഞ്ഞെടുപ്പില്‍ പിഴവ് പറ്റിയിരിക്കുന്നു.

TAGS :

Next Story