Quantcast

കലി തുള്ളുന്നത് കാണാന്‍ കൊള്ളാം

MediaOne Logo

admin

  • Published:

    7 July 2016 1:12 AM GMT

കലി തുള്ളുന്നത് കാണാന്‍ കൊള്ളാം
X

കലി തുള്ളുന്നത് കാണാന്‍ കൊള്ളാം

സമീര്‍- ദുല്‍ഖര്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന കലിയില്‍ അസാധാരണമായി ഒന്നുമില്ല. പക്ഷേ പ്രണയവും തമാശയും അടിപിടിയുമെല്ലാം ചേര്‍ന്ന് ചെറുപ്പക്കാരെയും കുടുംബങ്ങളെയും ആകര്‍ഷിക്കും.

ചാര്‍ലിയുടെ വന്‍വിജയത്തിനും മികച്ച നടനുള്ള പുരസ്കാര ലബ്ധിക്കും ശേഷം താരമൂല്യം ഉയര്‍ന്ന ദുല്‍ഖറും പ്രേമത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയ സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയ്ക്ക് സ്വാഭാവികമായും കലിയെ കുറിച്ച് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ കാണും. പോരാത്തതിന് നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന സിനിമയിലൂടെ ദൃശ്യഭാഷയുടെ പുതിയ സാധ്യതകള്‍ കണ്ടെത്തിയ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രം. സമീര്‍- ദുല്‍ഖര്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന കലിയില്‍ അസാധാരണമായി ഒന്നുമില്ല. ഒരുതരത്തിലുമുള്ള രാഷ്ട്രീയവും ഈ സിനിമയില്‍ ഉരുത്തിരിയുന്നുമില്ല. അതേസമയം പ്രണയവും തമാശയും ഉദ്വേഗവും അടിപിടിയുമെല്ലാം ചേര്‍ന്ന് ചെറുപ്പക്കാരെയും കുടുംബങ്ങളെയും ആകര്‍ഷിക്കും വിധം വലിച്ചുനീട്ടാത്ത ഒരു ചിത്രം- അതാണ് കലി. കഥയില്‍ വലിയ ആഴമില്ലെങ്കിലും ചിത്രസംയോജനം, ഛായാഗ്രഹണം തുടങ്ങി സാങ്കേതികമായി മികച്ച് നില്‍ക്കുന്ന ഒരു ചിത്രം കൂടിയാണിത്.

മൂക്കത്താ ദേഷ്യം എന്ന് ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പ്രിയപ്പെട്ടവരില്‍ ആരോടെങ്കിലും പറയാത്തവരായി ആരുമുണ്ടാവില്ല. അതുകൊണ്ടുതന്നെ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന സിദ്ധാര്‍ഥ് എന്ന കഥാപാത്രം നമുക്ക് പരിചയമുള്ള ആരെങ്കിലുമൊക്കെയായി സിനിമയുടെ ഏതെങ്കിലുമൊക്കെ ഘട്ടത്തില്‍ താദാത്മ്യപ്പെടും. സെക്കന്‍റ് ഷോയിലും തീവ്രത്തിലുമൊക്കെ രോഷംകൊള്ളുന്ന ദുല്‍ഖറിനെ കണ്ടിട്ടുണ്ട്. പക്ഷേ ദേഷ്യം അടിസ്ഥാന സ്വഭാവമായ ഒരു കഥാപാത്രം ആവശ്യപ്പെടുന്ന അഭിനയത്തിലെ സൂക്ഷ്മതയും കൃത്യതയും പുലര്‍ത്തി സിദ്ധാര്‍ഥിന്‍റെ റോള്‍ വ്യത്യസ്തമാക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. സായി പല്ലവി അവതരിപ്പിക്കുന്ന അഞ്ജലിയാകട്ടെ ആരോടും വഴക്കിനൊന്നും പോവാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഭാര്യയാണ്. പൂമുഖ വാതിലില്‍ എപ്പോഴും സ്നേഹം വിതയ്ക്കുന്ന ഭാര്യയായതിനാല്‍ അഞ്ജലിയുടെ ഡയലോഗുകളില്‍ പലതും നമ്മള്‍ കേട്ടുപഴകിയതാണ്. അതേസമയം സര്‍വാധിപത്യം നായകന് നല്‍കാതെ നായികയ്ക്ക് ഇടം നല്‍കിയിട്ടുണ്ടെന്നത് അഭിനന്ദനീയമാണ്. സായി പല്ലവിയുടെ മുറിമലയാളം ആദ്യഘട്ടത്തില്‍ നല്ലപോലെ കല്ലുകടിയാവുന്നു. മലര്‍ മിസ് പെട്ടെന്ന് ശുദ്ധമലയാളം പറഞ്ഞാല്‍ പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമോ എന്ന തോന്നലില്‍ ആവണം അവരെകൊണ്ടുതന്നെ ഡബ്ബ് ചെയ്യിച്ചത്. പക്ഷേ വളര്‍ന്നതും പഠിച്ചതും ഊട്ടിയില്‍ എന്ന് ബുദ്ധിപൂര്‍വ്വം പറയിപ്പിച്ചുകൊണ്ട് അഞ്ജലിയുടെ ഭാഷാപ്രതിസന്ധിയെ പതുക്കെ സിനിമ മറികടക്കുന്നുമുണ്ട്.

ആദ്യപകുതിയിലെ കഥാപാത്ര ഡീറ്റെയിലിംഗില്‍ കുറേക്കൂടി വ്യത്യസ്തത കൊണ്ടുവരാമായിരുന്നു. സൌബിന്‍ ചിരിപ്പിച്ചെങ്കിലും ദുല്‍ഖര്‍ - സൌബിന്‍ സീനുകളില്‍ ഒരേ തമാശ തന്നെ ആവര്‍ത്തിച്ചുവരുന്നത് ബോറടിപ്പിക്കുന്നുണ്ട്. ആദ്യ പകുതിയില്‍ സിദ്ധാര്‍ഥിന്‍റെ ദേഷ്യം കൊണ്ടുവരുന്ന പൊല്ലാപ്പുകള്‍ തമാശ രൂപത്തിലാണ് അവതരിപ്പിച്ചതെങ്കില്‍ രണ്ടാം പകുതിയില്‍ കഥ ഉദ്വേഗജനകമാവുകയാണ്. ചക്കരയെന്ന ലോറി ഡ്രൈവറായി ചെമ്പന്‍ വിനോദ് തകര്‍ത്തഭിനയിച്ചു. ഡാര്‍വിന്‍റെ പരിണാമത്തിലെ പകച്ചുപോയ വില്ലനെയല്ല, അസ്സല്‍ വില്ലനെയാണ് ഈ സിനിമയില്‍ കാണാന്‍ കഴിയുക. വിനായകന്‍റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. രണ്ടാം പകുതിയില്‍ ഉദ്വേഗം ഉണ്ടെങ്കിലും എന്ത് സംഭവിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ കഴിയുമെന്നതിനാല്‍ മറ്റൊരു ചെറിയ ട്വിസ്റ്റ് കൊണ്ട് ഈ ദൌര്‍ബല്യം സിനിമ മറികടക്കുന്നു. സിനിമയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ കറുത്തവന്‍ വില്ലനാകുന്ന പതിവ് മലയാള സിനിമാ ശൈലിയില്‍ നിന്ന് ഈ സിനിമ വേറിട്ട് നടന്നില്ല എന്നത് ഒരു പോരായ്മയാണ്.

ആദ്യപകുതി വീടിനും ഓഫീസിനും ഇടയിലായതിനാല്‍ ഛായാഗ്രാഹകന് ക്രിയാത്മകമായി കാര്യമായി ഒന്നും ചെയ്യാനില്ല. രണ്ടാം പകുതിയിലെ ആ ഊട്ടിയാത്രയില്‍ ഗിരീഷ് ഗംഗാധരന്‍റെ ഛായാഗ്രഹണ മികവ് അറിയാനുണ്ട്. തട്ടും തടവുമില്ലാതെ ദൃശ്യങ്ങള്‍ ഒഴുക്കോടെ സ്ക്രീനിലെത്തിച്ച വിവേക് ഹര്‍ഷന്‍റെ എഡിറ്റിംഗും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കോപ്പിയടിയെന്ന് ആരോപണം ഉയര്‍ന്ന ഗോപീസുന്ദറിന്‍റെ പശ്ചാത്തല സംഗീതവും കഥാസന്ദര്‍ഭങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ്.

അടുത്തിടെ മലയാള സിനിമയുടെ അനിവാര്യ ഘടകമായി മാറിയ നെടുനീളന്‍ സാരോപദേശങ്ങളോ സദാചാര ഉദ്ബോധനമോ കലിയില്‍ ഇല്ല. സിനിമയുടെ ക്ലൈമാക്സായി എന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടാലും പിന്നെയും തുടരുന്ന, ബോറടിപ്പിക്കുന്ന പശ്ചാത്തല വിവരണവും ഇല്ല. പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ എല്ലാം തികഞ്ഞ നായകനെ അവതരിപ്പിക്കാതെ സിനിമയുടെ സ്വാഭാവികത നിലനിര്‍ത്താന്‍ കാണിച്ച ജാഗ്രതയും കൊള്ളാം. ഡയലോഗില്‍ അവസാനിപ്പിക്കാതെ ഒരു ദൃശ്യത്തില്‍ തീര്‍ത്ത അവസാന സീനിലും പുതുമയുണ്ട്.

TAGS :

Next Story