Quantcast

പഴയ കുപ്പിയിലെ മുന്തിരിച്ചാര്‍

MediaOne Logo

Sithara

  • Published:

    23 Jan 2017 4:23 PM GMT

പഴയ കുപ്പിയിലെ മുന്തിരിച്ചാര്‍
X

പഴയ കുപ്പിയിലെ മുന്തിരിച്ചാര്‍

പ്രണയം വിവാഹത്തോടെ അവസാനിക്കുന്നില്ലെന്നും മനസ്സുവെച്ചാല്‍ മുന്തിരിവള്ളികള്‍ പോലെ തളിര്‍ത്ത് പൂക്കുമെന്നുമുള്ള സന്ദേശം മഹത്തരം തന്നെയാണ്. പക്ഷേ നായികാനായകന്മാരെ ഈ തിരിച്ചറിവിലേക്ക് നയിക്കുന്ന കഥാപരിസരം ആവര്‍ത്തന വിരസവും കഥാപാത്രസൃഷ്ടി സ്ഥിരം വാര്‍പ്പ് മാതൃകയിലുമാണ് എന്നതാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ പോരായ്മ.

ദാമ്പത്യത്തിലെ സ്നേഹചോര്‍ച്ച പല കാലങ്ങളില്‍ പല വിധത്തില്‍ മലയാള സിനിമയില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. കെ ജി ജോര്‍ജ്ജ്, പത്മരാജന്‍, ഭരതന്‍ തുടങ്ങിയവര്‍ സ്ത്രീപുരുഷ ബന്ധങ്ങളിലെ സങ്കീര്‍ണതകള്‍ പ്രശ്നവല്‍ക്കരിച്ച് ആസ്വാദകരെ അമ്പരപ്പിച്ചവരാണ്. സമീപകാലത്ത് അനുരാഗ കരിക്കിന്‍ വെള്ളവും ഇത്തരത്തില്‍ ഒരു പ്രമേയമാണ് കൈകാര്യം ചെയ്തത്. പ്രണയം വിവാഹത്തോടെ അവസാനിക്കുന്നില്ലെന്നും മനസ്സുവെച്ചാല്‍ മുന്തിരിവള്ളികള്‍ പോലെ തളിര്‍ത്ത് പൂക്കുമെന്നുമുള്ള സന്ദേശം മഹത്തരം തന്നെയാണ്. പക്ഷേ നായികാനായകന്മാരെ ഈ തിരിച്ചറിവിലേക്ക് നയിക്കുന്ന കഥാപരിസരം ആവര്‍ത്തന വിരസവും കഥാപാത്രസൃഷ്ടി സ്ഥിരം വാര്‍പ്പ് മാതൃകയിലുമാണ് എന്നതാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ പോരായ്മ.

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാനും (മോഹന്‍ ലാല്‍) വീട്ടമ്മയായ ആനിയമ്മയും തമ്മിലെ ദാമ്പത്യത്തില്‍ നിന്നും പ്രണയം എപ്പോഴോ ഇല്ലാതായി. അടുക്കളയും സീരിയലുകളുമാണ് ആനിയുടെ ലോകം. ഉലഹന്നാനാവട്ടെ ജോലിയില്‍ സത്യസന്ധനാണെങ്കിലും വ്യക്തിപരമായ ഇടപെടലുകളില്‍ പരുക്കനാണ്. അമാനുഷികതയൊന്നുമില്ലാത്ത, നമുക്ക് കണ്ടുപരിചയമുള്ള കുടുംബനാഥനാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം. മീനയാവട്ടെ ദൃശ്യത്തിന് ശേഷം വീട്ടമ്മയായി വീണ്ടുമെത്തുന്നു. സ്വാഭാവികമായ അഭിനയം കാഴ്ചവെയ്ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ദാമ്പത്യത്തിലെ മരവിപ്പ് മാറ്റാന്‍ ഉലഹന്നാന്‍ നടത്തുന്ന അന്വേഷണവും ആ അന്വേഷണത്തിനൊടുവിലെ തിരിച്ചറിവുമാണ് സിനിമയുടെ ആദ്യ പകുതി.

ഉലഹന്നാന്റെ തിരച്ചിലിനിടയില്‍ കടന്നുവരുന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ജൂലി, ഉലഹന്നാനോട് ആരാധന തുറന്നുപ്രകടിപ്പിക്കുന്ന സഹപ്രവര്‍ത്തക ലില്ലിക്കുട്ടി തുടങ്ങിയ കഥാപാത്രങ്ങളെ കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. പുലിമുരുകനിലെ നമിതയെ പോലെ കെഎസ്ആര്‍ടിസി ബസ്സിലെ ജൂലിയുടെ എന്‍ട്രിയും ആണ്‍ തുറിച്ചുനോട്ടങ്ങളെ തൃപ്തിപ്പെടുത്തും വിധമാണ്. കറുത്ത നിറമുള്ള ലില്ലിക്കുട്ടിയിലേക്കും വെളുത്ത നിറമുള്ള ജൂലിയിലേക്കും ഫോക്കസ് ചെയ്ത ബസ്സിലെ ആ ദൃശ്യങ്ങളില്‍ പ്രകടമായ വര്‍ണവെറിയും സ്ത്രീവിരുദ്ധതയുമുണ്ട്. സംരംഭകയായ, പുറത്തിറങ്ങി നടക്കുന്ന, ഫേസ് ബുക്കില്‍ പ്രണയ കവിതകളെഴുതുന്ന ജൂലി ഭര്‍ത്താവുള്ളപ്പോള്‍ തന്നെ മൂന്നോ നാലോ കാമുകന്മാര്‍ ഉള്ളവളാണ്. അതേസമയം ഭര്‍ത്താവ് അവഗണിക്കുമ്പോഴും വീടിനുള്ളില്‍ സ്വയം തളച്ചിടുന്ന വീട്ടമ്മയായ ആനി വിവാഹേതരബന്ധങ്ങളെയൊക്കെ അകറ്റി നിര്‍ത്തുകയാണ്. പുറത്തിറങ്ങുന്നവള്‍ കുഴപ്പക്കാരിയും അകത്തിരിക്കുന്നവള്‍ കുലസ്ത്രീയും എന്ന പൊതുബോധത്തെ അതേപടി പകര്‍ത്തിവെച്ചിരിക്കുകയാണ് സിനിമയില്‍.

ഭാര്യയെന്നാല്‍ ഭര്‍ത്താവിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹം മാത്രമാണെന്നും അവള്‍ക്ക് അവളുടേതായ ലോകമില്ലെന്നുമുള്ള പുരുഷ ധാരണയെയും അതേപടി പകര്‍ത്തിവെച്ചിട്ടുണ്ട്. ആ ധാരണയാണ് ഞാനിനി ആര് കാണാനാ ഒരുങ്ങിനടക്കുന്നത് ഇച്ചായന്‍ എന്നെ നോക്കാറുപോലുമില്ല എന്ന് ആനിയമ്മയെ കൊണ്ട് പറയിപ്പിക്കുന്നത്. ഭാര്യ നല്ല സാരിയുടുത്തപ്പോള്‍ ഉടനെ പ്രണയം പൊട്ടിവിടരുന്ന ഭര്‍ത്താവിനെ കാണുമ്പോള്‍ മലയാളി പുരുഷന്മാര്‍ ഇത്രയും ചീപ്പാണോ എന്നും ചോദിക്കാതെ തരമില്ല.

കൌമാരക്കാരന്റെ പ്രണയം ദൃശ്യത്തിലെന്ന പോലെ ഈ സിനിമയിലും കുഴപ്പം പിടിച്ചതാണ്. അത് മറ്റൊരു വാര്‍പ്പ് മാതൃക. ഉലഹന്നാന്റെ കൂട്ടുകാരായി ചിത്രത്തില്‍ വരുന്നവരുടെ സംഭാഷണങ്ങളും ഇതിന് മുന്‍പ് പലവട്ടം കേട്ടുപഴകിയതാണ്. രാഷ്ട്രീയ പ്രവര്‍ത്തകരെ ആക്ഷേപിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ശ്രമത്തിലും പുതുമയില്ല. കച്ചവട സിനിമകളിലെ സ്ഥിരം ചേരുവയായ ദ്വയാര്‍ഥ പ്രയോഗങ്ങളില്‍ നിന്ന് ഈ സിനിമയും മുക്തമല്ല. സിനിമയുടെ ടാഗ് ലൈനില്‍ പറയുന്നത് ആദ്യ പകുതിയില്‍ പൂര്‍ത്തിയാതോടെ രണ്ടാം പകുതിയില്‍ തിരക്കഥ ലക്ഷ്യമില്ലാതെ പരന്നൊഴുകുകയാണ്. ഉലഹന്നാന്റെ സുഹൃത്ത് വേണുക്കുട്ടന്റെ (അനൂപ് മേനോന്‍) തിരിച്ചറിവുകളും സുഹൃത്തുക്കളുടെ വീട്ടുകാര്യങ്ങളും ഉലഹന്നാന്റെ മകളുമൊക്കെയാണ് രണ്ടാം പകുതിയിലെ ഫോക്കസ്. ഉപകഥകള്‍ പരത്തി പറഞ്ഞും ഏച്ചുകെട്ടിയും വിരസമായി. പാട്ടുകള്‍ ചിത്രീകരിക്കുന്നതിന് മാത്രമായി സിംലയിലേക്കും കുട്ടനാട്ടിലേക്കുമൊക്കെ ഉലഹന്നാന്റെ കുടുംബത്തെ കയറ്റിവിടുന്നതും കല്ലുകടിയായി.

ഒരുപാട് പോരായ്മകള്‍ക്കിടയിലും എം സിന്ധുരാജിന്റെ തിരക്കഥയില്‍ ജിബു ജേക്കബ്ബ് സംവിധാനം ചെയ്ത ഈ സിനിമയില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന പലതുമുണ്ട്. വിവാഹിതരായ, കൌമാരക്കാരായ മക്കളുള്ള, കുടുംബത്തെ സംബന്ധിച്ച പരമ്പരാഗത സങ്കല്‍പങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് സ്വന്തം ജീവിത പരിസരം ഈ സിനിമയില്‍ നിന്നും കണ്ടെടുക്കാന്‍ (സെല്‍ഫ് ഐഡന്റിഫിക്കേഷന്‍) കഴിഞ്ഞേക്കും. മാതാപിതാക്കള്‍ മക്കളില്‍ നിന്ന് എന്താണോ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അതാണ് ആനിയുടെയും ഉലഹന്നാന്റെയും മകള്‍ ക്ലൈമാക്സില്‍ പറയുന്നത്. അതുകൊണ്ടുതന്നെ 'കുടുംബ പ്രേക്ഷകരെ' സിനിമ സംതൃപ്തപ്പെടുത്തും.

TAGS :

Next Story