‘ഇതിനേക്കാള്‍ നല്ല സിനിമ കാണിച്ചുതരൂ’ ബോളിവുഡിലും ചര്‍ച്ചയായി പോത്തേട്ടന്‍സ് ബ്രില്യന്‍റ്സ്
മികച്ച തിരക്കഥക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിരുന്നു

ദിലീഷ് പോത്തന്‍ ശ്യാം പുഷ്കരന്‍ ടീമിന്‍റെ തൊണ്ടിമുതലും ദൃക്സാക്ഷിയും ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന സിനിമയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്‍റെ പ്രതികാരം എന്നീ രണ്ട് ദിലീഷ് പോത്തന്‍ ചിത്രങ്ങളിലെ പോത്തേട്ടന്‍സ് ബ്രില്ല്യന്‍റ്സ് ഇന്നും സിനിമ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാണ്. എന്നാല്‍ സിനിമയെ പ്രശംസിച്ച് ഇപ്പോള്‍ ബോളിവുഡില്‍ നിന്നും സന്ദേശങ്ങള്‍ വരികയാണ്.
തുമാരി സുലു എന്ന ചിത്രത്തിന്‍റെ സംവിധായകനായ സുരേഷ് ത്രിവേണിയാണ് ചിത്രത്തെ പുകഴ്ത്തി ട്വിറ്ററില്‍ പോസ്റ്റിട്ടത്. ഓരോ തവണ ഈ സിനിമ കാണുമ്പോഴും പുതിയ പലതും കാണാനും വീക്ഷിക്കാനും സാധിക്കുന്നു. സിനിമയിലെ സാധാരണത്വത്തെ കൊണ്ടാടുന്ന സിനിമ ലോകത്ത് ഒരു നാഴികക്കല്ലാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. സുരേഷ് ത്രിവേണി ട്വിറ്ററില്‍ കുറിച്ചു.
കുറിപ്പിന് മറുപടിയായി മലയാളിയും ബോളിവുഡ് സംവിധായകനുമായ ബിജോയ് നമ്പ്യാരും രംഗത്തെത്തി. തുടരെ തുടരെ കണ്ടാലും മടുക്കാത്ത സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന് പറഞ്ഞാണ് ബിജോയ് നമ്പ്യാര്‍ സുരേഷ് ത്രിവേണിയുടെ പോസ്റ്റ് പങ്കു വച്ചത്.
മികച്ച തിരക്കഥക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയര്‍ സംസ്ഥാന പുരസ്‌കാരവും ഫഹദ് ഫാസില്‍ ദേശീയ പുരസ്‌കാരവും നേടിയിരുന്നു.
Adjust Story Font
16

