Quantcast

ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിൽ പാടാൻ റിഹാന; പ്രതിഫലം 74 കോടി!

ആൻ ഈവനിങ് ഇൻ എവർലാൻഡ് എന്നാണ് മൂന്നു ദിവസത്തെ ആഘോഷത്തിന് പേരു നൽകിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    1 March 2024 7:06 AM GMT

Ambaniwedding
X

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ വിഖ്യാത പോപ് ഗായിക റിഹാന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അതിഥികൾക്ക് മുമ്പിലാകും റിഹാനയുടെ കൺസേർട്ട്. ഗുജറാത്തിലെ ജാംനഗറിൽ മൂന്നു ദിവസങ്ങളിലായാണ് വിവാഹാഘോഷം. 29കാരി രാധിക മർച്ചന്റുമായാണ് ആനന്ദിന്റെ വിവാഹം.

റിഹാനയെ കൊണ്ടുവരാൻ 8-9 ദശലക്ഷം യുഎസ് ഡോളറാണ് (66-74 കോടി ഇന്ത്യൻ രൂപ) ചെലവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. റിഹാന ട്രൂപ്പിനൊപ്പം വ്യാഴാഴ്ച ജാംനഗറിലെത്തി. വിമാനത്താവളത്തിൽനിന്നുള്ള ഇവരുടെ ചിത്രങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ച മുതൽ ആഘോഷങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ആൻ ഈവനിങ് ഇൻ എവർലാൻഡ് എന്നാണ് മൂന്നു ദിവസത്തെ ആഘോഷത്തിന് പേരു നൽകിയിട്ടുള്ളത്.

യുഎസിലെ അരിസോണയിൽ ആപ്പിൾ മ്യൂസിക് കഴിഞ്ഞ വർഷം സംഘടിപ്പിച്ച സൂപ്പർ ബൗൾ ഹാഫ് ടൈം ഷോയാണ് റിഹാനയുടെ അവസാന സംഗീത പരിപാടി. ഫോക്‌സ്, ഫോക്‌സ് ഡെപോർട്‌സ്, ഫോക്‌സ് സ്‌പോർട്‌സ്, എൻഎഫ്എൽ ആപ് എന്നിവ വഴി തത്സമയം സംപ്രേഷണം ചെയ്ത പരിപാടി 121 ദശലക്ഷം പേരാണ് വീക്ഷിച്ചിരുന്നത്.അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങള്‍ക്ക് ഇത് ആദ്യമായല്ല അന്താരാഷ്ട്ര സംഗീതജ്ഞരെത്തുന്നത്. ഇഷ അംബാനി-ആനന്ദ് പിരാമൾ വിവാഹത്തിൽ അമേരിക്കൻ ഗായിക ബെയോൻസ് ആണ് അതിഥികൾക്ക് മുമ്പിൽ പരിപാടി അവതരിപ്പിച്ചിരുന്നത്. നാലു ദശലക്ഷം ഡോളർ (33 കോടി ഇന്ത്യൻ രൂപ) ആയിരുന്നു ബെയോൻസിന്റെ ചെലവ്. റിഹാനയ്ക്ക് പുറമേ, ദിൽജിത് ദൊസാഝും അഥികളെ ഹരംപിടിപ്പിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഖ്യാത ഇല്ല്യൂഷണിസ്റ്റ് ഡേവിഡ് ബ്ലെയിനിന്റെ പരിപാടിയുമുണ്ടാകും.

ഇന്ത്യയിൽ നിന്ന് ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിങ്, ആലിയ ഭട്ട്, അർജുൻ കപൂർ, സംവിധായകൻ ആറ്റ്‌ലി, വിദേശത്തു നിന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജസിം അൽഥാനി, കനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, ആസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ്, സ്വീഡിഷ് മുൻ പ്രധാനമന്ത്രി കാൽ ബിൽറ്റ്, യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്, ബൊളീവിയൻ മുൻ പ്രസിഡണ്ട് ജോർജ് ക്വിറോഗരെ, മൈക്രോസോഫ്റ്റ് സിഇഒ ബിൽ ഗേറ്റ്‌സ്, മെറ്റ സിഇഒ മാർക് സക്കർബർഗ്, ആല്‍ഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, സൗദി ആരാംകോ ചെയർപേഴ്‌സൺ യാസിർ അൽ റുമയ്യാൻ, വാൾട് ഡിസ്‌നി സിഇഒ ബോബ് ഇഗർ, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ, അദാനി ചെയർമാൻ ഗൗതം അദാനി തുടങ്ങി അതിഥികളുടെ വമ്പൻനിര തന്നെ വിവാഹത്തിനെത്തുന്നുണ്ട്.

ജാംനഗറിലെ മോടി ഖാവ്ഡി ഗ്രാമത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ടൗൺഷിപ്പിലാണ് വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ. ജൂലൈയിലാണ് വിവാഹം.

TAGS :

Next Story