Quantcast

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അമിത സന്തോഷമില്ലെന്ന് രഘുറാം രാജന്‍

MediaOne Logo

admin

  • Published:

    4 April 2018 2:41 PM GMT

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അമിത സന്തോഷമില്ലെന്ന് രഘുറാം രാജന്‍
X

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അമിത സന്തോഷമില്ലെന്ന് രഘുറാം രാജന്‍

നിലവില്‍ ഇന്ത്യന്‍ സമ്പദ് രംഗം കാണിക്കുന്ന പ്രകടനം, അടുത്ത 20 വര്‍ഷം തുടരണം. എങ്കിലേ ഓരോ ഇന്ത്യക്കാരനും, ശരാശരി ജീവിത നിലവാരം നല്‍കാനുള്ള സാഹചര്യം ഉണ്ടാകൂ...

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വളര്‍ന്ന് കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണെന്ന വസ്തുതയില്‍ അമിത സന്തോഷം വേണ്ടെന്ന മുന്നറിയിപ്പുമായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യക്ക് ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. ഈ അര്‍ത്ഥത്തിലാണ്, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഒറ്റക്കണ്ണന്‍ രാജാവെന്ന് വിശേഷിപ്പിച്ചതെന്നും, എന്നാല്‍ ചിലര്‍ ഇത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഒരു വിദേശ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഒറ്റക്കണ്ണന്‍ രാജാവെന്ന് വിശേഷിപ്പിച്ചതിന്, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഉള്‍പ്പെടേയുള്ളവര്‍ രംഗത്തെത്തിയിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിംഗ് മാനേജ്‌മെന്റിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത സംസാരിക്കവേ, പ്രസ്താവനയിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ലോകത്തെ ഏറ്റവും വലിയ വളര്‍ന്ന് കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ്. എന്നാല്‍ കേന്ദ്ര ബാങ്കിന്റെ തലവനെന്ന നിലയില്‍ ഇതില്‍ അമിതമായി സന്തോഷിക്കാന്‍ താന്‍ തയ്യാറല്ല. ബ്രിക്‌സ് രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ ആളോഹരി വരുമാനമുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍, സാമ്പത്തിക ശക്തിയെന്ന നിലയിലുള്ള പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. നിലവില്‍ ഇന്ത്യന്‍ സമ്പദ് രംഗം കാണിക്കുന്ന പ്രകടനം, അടുത്ത 20 വര്‍ഷം തുടരണം. എങ്കിലേ ഓരോ ഇന്ത്യക്കാരനും, ശരാശരി ജീവിത നിലവാരം നല്‍കാനുള്ള സാഹചര്യം ഉണ്ടാകൂ.

ആഗോള രംഗത്തുള്ള പ്രതിഛായ ഇന്ത്യക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്നു. പക്ഷെ, തങ്ങളുടെ സാധ്യതകള്‍ പൂര്‍ണ്ണമായും വിനിയോഗിക്കുന്നതില്‍ ഇപ്പോഴും രാജ്യം വിജയിച്ചിട്ടില്ല. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്നാലേ, ദൃഢമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയൂ. ഈ കാര്യങ്ങള്‍ മനസ്സില്‍ കണ്ട് കൊണ്ടാണ്, ഒറ്റക്കണ്ണന്‍ രാജാവെന്ന പ്രയോഗം താന്‍ നടത്തിയത്. എന്നാല്‍, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രയോഗത്തിന് തെറ്റായ വ്യാഖ്യാനം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story