Quantcast

ഗോദ്ര കലാപത്തില്‍ മോദിയുടെ പങ്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി

MediaOne Logo

Alwyn K Jose

  • Published:

    3 Jun 2018 5:19 PM GMT

ഗോദ്ര കലാപത്തില്‍ മോദിയുടെ പങ്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി
X

ഗോദ്ര കലാപത്തില്‍ മോദിയുടെ പങ്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി

രാജ്യത്തെ ഞെട്ടിച്ച ഗോദ്ര കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തി മുന്‍ ബിജെപി നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ സുരേഷ് മെഹ്‍ത.

രാജ്യത്തെ ഞെട്ടിച്ച ഗോദ്ര കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തി മുന്‍ ബിജെപി നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ സുരേഷ് മെഹ്‍ത. 2002 ലെ മുസ്‍ലിം വിരുദ്ധ കലാപത്തില്‍ മോദിക്ക് നേരിട്ടോ അല്ലാതെയോ പങ്കുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തന്റെ നിരീക്ഷണങ്ങള്‍ എന്ന് വിശേഷിപ്പിച്ചാണ് മോദിക്കെതിരെ സുരേഷിന്റെ പരാമര്‍ശങ്ങള്‍.

ഗോദ്രാ സംഭവം നടക്കുന്ന 2002 ഫെബ്രുവരി 27 ന് ഗോദ്രയില്‍ നിന്നുള്ള ബിജെപി എംപി ഭുപേന്ദ്ര സിങ് സോളങ്കിയെ താന്‍ കണ്ടിരുന്നുവെന്നും മോദി തന്നെ അടിയന്തരമായി കാണാന്‍ വിളിപ്പിച്ചതാണെന്നും അദ്ദേഹം തന്നോട് പറഞ്ഞിരുന്നുവെന്നും സുരേഷ് മെഹ്ത പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് മോദി ജയിച്ച കാലമായിരുന്നു അത്. അടുത്ത കാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മൂന്നില്‍ രണ്ടിടത്ത് അടിതെറ്റുകയും ചെയ്തിരുന്നു. 'എത്രയും വേഗം ഗോദ്രയില്‍ എത്താനാണ് തന്നോട് മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഉപചാരത്തിന് സമയമില്ലെന്നും സോളങ്കി എന്നോട് പറഞ്ഞു. മറ്റൊരു ബിജെപി നേതാവായ അശോക് ഭട്ടും ഉടന്‍ തന്നെ ഗോദ്രയില്‍ എത്തുമെന്നാണ് തന്നെ അറിയിച്ചിരിക്കുന്നതെന്നും സോളങ്കി എന്നോട് പറഞ്ഞു. അന്ന് നിയമസഭ ചേരുന്ന ദിവസമായിരുന്നു. അശോക് ഭട്ടിനെ ഞാന്‍ കണ്ടു. മോദിയുടെ ഓഫീസിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഞാനും അദ്ദേഹത്തോടൊപ്പം കൂടി. മോദി എന്നെ കണ്ടതും അസ്വസ്ഥനായി. എന്നോട് പുറത്തേക്ക് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പുറത്ത് ഇരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഗോദ്ര സംഭവത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവിടെ നിന്നുള്ള ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് എനിക്ക് ലഭിക്കാന്‍ തുടങ്ങി.

ഞാനപ്പോള്‍ സംസ്ഥാന ക്ഷീര സംഘത്തിന്റെ പ്രസിഡന്റായിരുന്നു. ഞാനും ഗോദ്രയിലേക്ക് പോയി. സ്ഥലം കലക്ടറെ കണ്ട്, രക്ഷപെട്ടവര്‍ക്ക് സഹായം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെയാണ് അശോക് ഭട്ട് മാധ്യമ സംഘത്തോടൊപ്പം അവിടേക്ക് എത്തിയത്. വര്‍ഗീയ സംഭവമാണ് നടന്നിരിക്കുന്നതെന്ന് അശോക് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന കലക്ടറും അശോക് ഭട്ടിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. പിന്നീട് നടന്നതെല്ലാം പെട്ടെന്നായിരുന്നു. തൊട്ടുപിന്നാലെ ഹെലികോപ്റ്ററില്‍ മോദി ഗോദ്ര സന്ദര്‍ശിച്ചു. കത്തിക്കരിഞ്ഞ സബര്‍മതി എക്സ്പ്രസിന്റെ കമ്പാര്‍ട്ട്മെന്റ് കണ്ടതിനു ശേഷം മോദി മാധ്യമങ്ങളോട് സംസാരിച്ചു. മുന്‍കൂട്ടി തയാറാക്കിയ തീവ്രവാദ ആക്രമണമാണ് നടന്നതെന്നായിരുന്നു മോദിയുടെ പ്രസ്താവന. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരോടൊന്നും ആശയവിനിമയം നടത്താതെയായിരുന്നു മോദിയുടെ വെളിപ്പെടുത്തല്‍. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനായിരുന്നു മോദിയുടെ നീക്കങ്ങള്‍. അല്ലെങ്കില്‍ സ്ഥലം സന്ദര്‍ശിച്ച് രണ്ടു മിനിറ്റുകൊണ്ട് അപകടത്തിന്റെ സ്വഭാവത്തിലുള്ള സംഭവം തീവ്രവാദ ആക്രമണമാണെന്ന് ആരോടും ചോദിക്കാതെയും ചര്‍ച്ച ചെയ്യാതെയും മോദി എങ്ങനെ തീരുമാനിച്ചു. തൊട്ടടുത്ത ദിവസം സബര്‍മതി അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് വലിയ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഇതാണ് തന്റെ നിരീക്ഷണം.'- സുരേഷ് മെഹ്ത പറഞ്ഞു.

Next Story