Quantcast

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണം ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും: ബി.ജെ.പി എം.പി

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണുമാണെന്ന് ബി.ജെ.പി എം.പി നന്ദകുമാര്‍ സിങ് ചൌഹാന്‍. 

MediaOne Logo

Web Desk

  • Published:

    7 July 2018 4:32 PM GMT

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണം ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും: ബി.ജെ.പി എം.പി
X

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണുമാണെന്ന് ബി.ജെ.പി എം.പി നന്ദകുമാര്‍ സിങ് ചൌഹാന്‍. യുവാക്കള്‍ക്ക് ഇന്റര്‍നെറ്റിലൂടെയും സ്മാര്‍ട്ട്ഫോണിലൂടെയും അനായാസം അശ്ലീല വീഡിയോകളും മറ്റും ലഭിക്കുന്നുണ്ട്. ഇത് നിഷ്കളങ്കരായവരുടെ മനസില്‍ പോലും തിന്മ നിറക്കും. ഇത് പിന്നീട് മനോവൈകല്യത്തിലേക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലേക്കും നയിക്കുമെന്നും ചൌഹാന്‍ പറഞ്ഞു.

മധ്യപ്രദേശിലെ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ നന്ദകുമാര്‍. പിന്നെ എന്തുകൊണ്ട് പൊലീസിന്റെ സൈബര്‍ സെല്ലിന് ഇത്തരം അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ സാധിക്കുന്നില്ല എന്ന ചോദ്യത്തിന്, സകലരുടെയും ഫോണുകള്‍ പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസിന് കഴിയില്ലെന്ന് ചൌഹാന്‍ മറുപടി നല്‍കി. ജമ്മു കശ്മീരില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കൊലപാതകത്തില്‍ പാകിസ്താന്റെ കൈകളുണ്ടെന്ന് അവകാശപ്പെട്ട് വിവാദത്തിന് തിരികൊളുത്തിയ നേതാവാണ് ചൌഹാന്‍.

മധ്യപ്രദേശില്‍ കഴിഞ്ഞ മാസം 26 ന് മന്ദ്സൌറില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും ഇടയാക്കിയിരുന്നു. കഴിഞ്ഞ രണ്ടു ആഴ്ചക്കിടെ സംസ്ഥാനത്ത് നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ അര ഡസനോളം ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്നും അതിന് ഇന്റര്‍നെറ്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് മായങ്ക് അഗര്‍വാള്‍ പ്രതികരിച്ചു.

TAGS :

Next Story