Quantcast

ഉന്നത വിദ്യാഭ്യാസ പരീക്ഷകള്‍ക്ക് ഇനി ഏകീകൃത സംവിധാനം

ജെഇഇ, നീറ്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് തവണ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ഇതില്‍ ലഭിക്കുന്ന കൂടിയ മാര്‍ക്കായിരിക്കും പ്രവേശനത്തിന് മാനദണ്ഡമാവുക.

MediaOne Logo

Web Desk

  • Published:

    7 July 2018 12:20 PM GMT

ഉന്നത വിദ്യാഭ്യാസ പരീക്ഷകള്‍ക്ക് ഇനി ഏകീകൃത സംവിധാനം
X

ഉന്നത വിദ്യാഭ്യാസ പരീക്ഷ നടത്തിപ്പിന് ഏകീകൃത സംവിധാനമൊരുക്കി കേന്ദ്രസര്‍ക്കാര്‍. നീറ്റ്, ജെഇഇ, സി മാറ്റ്, നെറ്റ് പരീക്ഷാ നടത്തിപ്പിനായി ദേശീയ പരീക്ഷ ഏജന്‍സി സ്ഥാപിച്ചതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. നീറ്റ്, ജെഇഇ പരീക്ഷകള്‍ ഒരു വര്‍ഷത്തില്‍ രണ്ട് തവണ നടത്താനും തീരുമാനമായി.

നീറ്റ്, ജെഇഇ പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസ യോഗ്യത പരീക്ഷകളുടെ നടത്തിപ്പിനായി സര്‍ക്കാര്‍ ദേശീയ പരീക്ഷ ഏജന്‍സിയേയും രൂപീകരിച്ചു. നെറ്റ്, ജെഇഇ, നീറ്റ്, സീമാറ്റ് അടക്കമുള്ള പരീക്ഷകളാണ് ദേശീയ പരീക്ഷ ഏജന്‍സി നടത്തുക. യോഗ്യതാ പരീക്ഷകള്‍ കംമ്പ്യൂട്ടര്‍ വഴിയാക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു. നീറ്റ് പരീക്ഷ ഫെബ്രുവരി, മെയ് മാസങ്ങളിലും ജെഇഇ ജനുവരി ഏപ്രില്‍ മാസങ്ങളിലുമാണ് നടക്കുക.

രണ്ട് തവണയായി നടക്കുന്ന പരീക്ഷകളില്‍ ഏതെഴുതണമെന്ന് വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യമനുസരിച്ച് തീരുമാനമെടുക്കാം. രണ്ട് തവണയും പരീക്ഷയെഴുതിയാല്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്ക് യോഗ്യതക്കായി കണക്കാക്കും. യുജിസിയും, സിബിഎസ്ഇയും നടത്തിയിരുന്ന ഉന്നത വിദ്യാഭ്യാസ യോഗ്യത പരീക്ഷകള്‍ ദേശീയ പരീക്ഷ ഏജന്‍സിയെന്ന ഒറ്റ ഏജന്‍സിക്ക് കീഴില്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

യോഗ്യതാ പരീക്ഷകള്‍ കംമ്പ്യൂട്ടര്‍ വഴിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ ചോരാതിരിക്കാന്‍ അതീവസുരക്ഷയുള്ള സോഫ്റ്റ്‌വെയറുകളാകും പരീക്ഷക്കായി ഒരുക്കുക. എന്നാല്‍ സിലബസിലും പരീക്ഷാഫീസിലും മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥി സൗഹൃദവും സുതാര്യമായതുമാണ് പുതിയ രീതിയെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. സിബിഎസ്ഇ പരീക്ഷ പേപ്പറുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വ്യാപകവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നത് ശ്രദ്ധേയമാണ്.

TAGS :

Next Story