Quantcast

ഭിക്ഷക്കാരിയുടെ ശവസംസ്കാരചടങ്ങുകള്‍ നടത്തിയത് എംഎല്‍എ

ഗ്രാമത്തിലെ ഭിക്ഷക്കാരി അസുഖബാധിതയായി മരിച്ചപ്പോള്‍ ഏറ്റെടുക്കാനാരും മുന്നോട്ട് വരാതായപ്പോള്‍ അന്ത്യചടങ്ങുകള്‍ ചെയ്തത് സ്ഥലം എംഎല്‍എ.

MediaOne Logo

Web Desk

  • Published:

    8 Aug 2018 6:07 AM GMT

ഭിക്ഷക്കാരിയുടെ ശവസംസ്കാരചടങ്ങുകള്‍ നടത്തിയത് എംഎല്‍എ
X

ഗ്രാമത്തിലെ ഭിക്ഷക്കാരി അസുഖബാധിതയായി മരിച്ചപ്പോള്‍ ഏറ്റെടുക്കാനാരും മുന്നോട്ട് വരാതായപ്പോള്‍ അന്ത്യചടങ്ങുകള്‍ ചെയ്തത് സ്ഥലം എംഎല്‍എ. ഒഡീഷയിലെ ജര്‍സുഗുഡ ജില്ലയിലെ അമനപാലി ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളാരും തന്നെ ആ ഭിക്ഷക്കാരിയുടെ മൃതദേഹം ഒന്ന് ചുമക്കാന്‍ പോലും തയ്യാറാകാതെ മാറി നിന്നപ്പോഴാണ് രമേശ് പദുവ എന്ന ബിജെഡി എംഎല്‍എ ശവസംസ്കാര ചടങ്ങുകള്‍ നടത്താന്‍ മുന്നിട്ടിറങ്ങിയത്. രംഗലി നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് രമേശ് പദുവ. ഒഡീഷയിലെ തന്നെ സാമ്പത്തികമായി താഴ്ന്ന ജീവിതസാഹചര്യങ്ങളില്‍ നിന്ന് വന്ന എംഎല്‍എയാണ് അദ്ദേഹം. ഇപ്പോഴും വാടകവീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു പൊതുസേവകനെന്ന നിലയില്‍ അതിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് രമേശ് പദുവ.

ഗ്രാമവാസികള്‍ നല്‍കുന്ന നാണയത്തുട്ടുകള്‍ കൊണ്ടും, ഭക്ഷണം കൊണ്ടും ജീവിച്ച സ്ത്രീയാണ് മരിച്ച ഭിക്ഷക്കാരി. ബന്ധുക്കളുണ്ടെങ്കിലും അവരുടെ സാമ്പത്തിക സ്ഥിതി പരമദയനീയമായതിനാല്‍ ശവസംസ്കാരചടങ്ങുകള്‍ നടത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. സമുദായഭ്രഷ്ട് ഭയന്ന് ഗ്രാമവാസികളാരും ശവശരീരം ചുമക്കാനും തയ്യാറായില്ല. ഗ്രാമവാസികളുടെ വിശ്വാസമാണത്. അസുഖം ബാധിച്ച് മറ്റ് സമുദായക്കാരായ ആരെങ്കിലും മരിച്ചാല്‍, ആ മൃതദേഹം സ്പര്‍ശിക്കുന്നവര്‍ സ്വന്തം സമുദായത്തില്‌ നിന്ന് ഭ്രഷ്ട് കല്‍പ്പിക്കപ്പെടും. സ്ത്രീയുടെ മൃതശരീരം ആരും ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് സ്ഥലം എംഎല്‍എയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എ സ്ഥലത്തെത്തുകയും ശവസംസ്കാര ചടങ്ങുകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

രമേശ് പദുവയുടെ നിയോജക മണ്ഡലത്തില്‍പ്പെടുന്ന സ്ഥലമല്ല, അമനപാലി. പക്ഷേ തന്റെ മുന്നിലുള്ള പ്രശ്നം പരിഹരിക്കാന്‍ അതൊന്നും അദ്ദേഹത്തിന് തടസ്സമായില്ല. ശവസംസ്കാര ചടങ്ങുകള്‍ക്കായുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തന്റെ രണ്ടു ബന്ധുക്കളെ പറഞ്ഞയക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. പക്ഷേ പിന്നീട് അവരെ കൊണ്ട് കാര്യങ്ങള്‍ ചെയ്യുക പ്രായോഗികമല്ലെന്ന് തോന്നിയപ്പോള്‍ അദ്ദേഹം നേരിട്ട് വരികയായിരുന്നു. നാല് മുളക്കമ്പുകള്‍ വെച്ച് ശവശരീരം കിടത്താനുള്ള താത്കാലിക മഞ്ചല്‍ സംവിധാനമുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. വിഷയത്തില്‍ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള ഒരു വിവാദവും ഉണ്ടാക്കണമെന്ന് ഞാന്‍ കരുതുന്നില്ല. അനാഥമായി കിടന്ന ആ ശവശരീരത്തെ മാന്യമായി മരണാന്തര കര്‍മങ്ങള്‍ ചെയ്ത് സംസ്കരിക്കണമെന്നേ ഞങ്ങള്‍ കരുതിയുള്ളൂ എന്നാണ് രമേശ് പറയുന്നത്.

TAGS :

Next Story