Quantcast

കരുണാനിധിക്ക് സ്റ്റാലിന്റെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ കുറിപ്പ്

‘ജീവിതത്തില്‍ ഭൂരിഭാഗം അവസരങ്ങളിലും അങ്ങയെ തലൈവരേ(നേതാവ്) എന്നാണ് ഞാന്‍ വിളിച്ചിട്ടുള്ളത്. ഒരിക്കലെങ്കിലും അപ്പാ എന്ന് വിളിച്ചോട്ടേ തലൈവരേ’

MediaOne Logo

Web Desk

  • Published:

    8 Aug 2018 3:36 PM GMT

കരുണാനിധിക്ക് സ്റ്റാലിന്റെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ കുറിപ്പ്
X

മുത്തുവേല്‍ കരുണാനിധിയെന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായന്‍ 95ആം വയസില്‍ ചൊവ്വാഴ്ച്ചയാണ് അന്തരിച്ചത്. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ വെച്ച് വൈകീട്ട് 06.10നായിരുന്നു മരണം. ദേശീയ നേതാക്കളും സാധാരണക്കാരുമടക്കം നിരവധി പേരാണ് കലൈജ്ഞര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചത്. മക്കളിലൊരാളും കരുണാനിധിയുടെ രാഷ്ട്രീയത്തിലെ പിന്തുടര്‍ച്ചക്കാരനുമായ എംകെ സ്റ്റാലിന്‍ പിതാവുമായുള്ള ബന്ധം വൈകാരികമായ എഴുത്തിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.

'ജീവിതത്തില്‍ ഭൂരിഭാഗം അവസരങ്ങളിലും അങ്ങയെ തലൈവരേ(നേതാവ്) എന്നാണ് ഞാന്‍ വിളിച്ചിട്ടുള്ളത്. ഒരിക്കലെങ്കിലും അപ്പാ എന്ന് വിളിച്ചോട്ടേ തലൈവരേ' എന്ന് സ്റ്റാലിന്‍ കുറിപ്പിലൂടെ ചോദിക്കുന്നു. കൊളജ് പഠനത്തിന് ശേഷം പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയയാളാണ് സ്റ്റാലിന്‍. പൊതുവേദികളില്‍ എല്ലായ്‌പോഴും തലൈവരേ എന്നായിരുന്നു സ്റ്റാലിന്‍ പിതാവായ കരുണാനിധിയെ അഭിസംബോധന ചെയ്തിരുന്നത്. മക്കളില്‍ സ്റ്റാലിനോടുള്ള കരുണാനിധിയുടെ പ്രത്യേക പരിഗണന കുടുംബത്തില്‍ വലിയ പൊട്ടിത്തെറികള്‍ക്കിടയാക്കിയിരുന്നു. 33 വര്‍ഷമായി തമിഴ്‌നാട് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ സ്റ്റാലിന്‍ പിതാവിന്റെ നിഴലായാണ് ഉടനീളം പ്രവര്‍ത്തിച്ചിരുന്നത്.

സ്റ്റാലിന്റെ കുറിപ്പിന്റെ പരിഭാഷ

തലൈവരേ... ഈയൊരൊറ്റ തവണ ഞാന്‍ അങ്ങയെ അപ്പാ എന്ന് വിളിച്ചോട്ടേ?

എവിടെ പോകുമ്പോഴും ഞങ്ങളെ അറിയിച്ചിട്ടാണ് അങ്ങ് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങളോടൊന്ന് പറയുക പോലും ചെയ്യാതെ എവിടേക്കുപോയി?

തലൈവരേ, എന്റെ ചിന്തകളിലും ശരീരത്തിലും രക്തത്തിലും ഹൃദയത്തിലും എപ്പോഴുമുണ്ടായിരുന്നയാളാണ് അങ്ങ്. ഇപ്പോഴെവിടേക്കു പോയി?

സ്വന്തം ശവകുടീരത്തിന് മുകളില്‍ എന്താണ് എഴുതേണ്ടതെന്ന് അങ്ങ് 33 വര്‍ഷം മുമ്പു തന്നെ പറഞ്ഞിരുന്നു. 'ജീവിതകാലം അവിശ്രമം പണിയെടുത്ത ഒരാള്‍ ഇവിടെ വിശ്രമിക്കുന്നു' എന്നായിരുന്നു അത്. തമിഴര്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്തതിന്റെ തൃപ്തിയോടെയാണോ അങ്ങ് വിട പറയുന്നത്?

95 വയസില്‍ വിടവാങ്ങുമ്പോള്‍ 80 വര്‍ഷം നീണ്ട വിശ്രമമില്ലാത്ത അങ്ങയുടെ പൊതുപ്രവര്‍ത്തനത്തിന് കൂടിയാണ് അന്ത്യമാകുന്നത്. ആ നേട്ടങ്ങള്‍ക്കൊപ്പം ആരെങ്കിലും എത്തുമോയെന്ന് മറഞ്ഞിരുന്ന് നോക്കുന്നുണ്ടോ അങ്ങ്?

കഴിഞ്ഞ ജൂണ്‍ 3ന് അങ്ങയുടെ 95ആം പിറന്നാല്‍ ആഘോഷിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം അപേക്ഷിച്ചിരുന്നു. ഈ പ്രായത്തിലും അങ്ങേക്കുള്ള കരുത്തിന്റെ പകുതിയെങ്കിലും എനിക്ക് തരുമോയെന്നായിരുന്നു അത്. അണ്ണാ ദുരൈയില്‍ നിന്നും കടംകൊണ്ട ഹൃദയത്തിനും കരുത്തിനും വേണ്ടി ഞാന്‍ അങ്ങേക്കു മുമ്പില്‍ യാചിക്കുകയാണ്. തലൈവരേ...

അങ്ങയുടെ എല്ലാ സ്വപ്‌നങ്ങളും പ്രതീക്ഷകളും സഫലമാക്കാന്‍ ആയൊരു അനുകമ്പ കാണിച്ചാല്‍ മാത്രം മതി.

കോടിക്കണക്കിനുവരുന്ന അനുയായികള്‍ക്ക് ഒരേയൊരു അവസാനത്തെ ആഗ്രഹമേ ഉള്ളൂ...

അവസാനമായി... എപ്പോഴും വിളിക്കാറുള്ള പോലെ ഉടന്‍പിറപ്പുകളേ...(സഹോദരങ്ങളേ) എന്ന് അങ്ങ് വിളിക്കണം. ആ വാക്കുകള്‍ നല്‍കുന്ന ഊര്‍ജ്ജം മാത്രം മതി നമ്മുടെ സംസ്‌ക്കാരത്തിനും ഭാഷക്കും വേണ്ടി ഒരു നൂറ്റാണ്ട് ഞങ്ങള്‍ക്ക് പണിയെടുക്കാന്‍.

അപ്പ എന്ന് വിളിച്ചതിനേക്കാള്‍ കൂടുതല്‍ ഞാന്‍ അങ്ങയെ തലൈവരേ എന്നാണ് വിളിച്ചിരുന്നത്. ഈയൊരൊറ്റ തവണ അപ്പാ എന്ന് വിളിച്ചോട്ടേ? തലൈവരേ...

കണ്ണീരോടെ

എംകെ സ്റ്റാലിന്‍

TAGS :

Next Story