Quantcast

ലഖ്നൌ വിമാനത്താവളത്തില്‍ നാടകീയരംഗങ്ങള്‍; അഖിലേഷ് യാദവ് വിമാനത്തിലേക്ക് കയറുന്നത് തടഞ്ഞ് ഉദ്യോഗസ്ഥന്‍

പ്രയാഗ്‍രാജില്‍ അലഹബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളുടെ സത്യപ്രതിജ്ഞാ പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു അഖിലേഷ് യാദവിന്റെ യാത്ര

MediaOne Logo

Web Desk

  • Published:

    12 Feb 2019 2:05 PM GMT

ലഖ്നൌ വിമാനത്താവളത്തില്‍ നാടകീയരംഗങ്ങള്‍; അഖിലേഷ് യാദവ് വിമാനത്തിലേക്ക് കയറുന്നത് തടഞ്ഞ് ഉദ്യോഗസ്ഥന്‍
X

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‍വാദി പാര്‍ട്ടി പ്രസിഡന്റുമായ അഖിലേഷ് യാദവിനെ ലഖ്‌നൗ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞു. പ്രത്യേക വിമാനത്തില്‍ പ്രയാഗ്‍രാജിലേക്ക് പോകാനെത്തിയതായിരുന്നു അഖിലേഷ് യാദവ്. എന്നാല്‍ അഖിലേഷിനെ വിമാനത്തില്‍ കയറാന്‍ പോലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. വിമാനത്താവള അധികൃതരുമായി രണ്ട് മണിക്കൂറോളം തര്‍ക്കിച്ചശേഷം അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു.

പ്രയാഗ്‍രാജില്‍ അലഹബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളുടെ സത്യപ്രതിജ്ഞാ പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു അഖിലേഷ് യാദവിന്റെ യാത്ര. അലഹബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ ഇത്തവണയും സമാജ് വാദി പാര്‍ട്ടി വിദ്യാര്‍ത്ഥി വിഭാഗം തന്നെ ആണ് വിജയിച്ചത്.

തന്നെ അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞ വിവരങ്ങള്‍ അഖിലേഷ് യാദവ് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. വിമാനത്തിലേക്ക് കയറാനുള്ള കോണിപ്പടിയില്‍ വഴിമുടക്കിക്കൊണ്ട് നില്‍ക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും, മറ്റൊരു ഉദ്യോഗസ്ഥനുമായി അഖിലേഷ് തര്‍ക്കിക്കുന്ന ചിത്രവും ആണ് പുറത്ത് വിട്ടിട്ടുള്ളത്.

വിമാനത്താവളത്തില്‍ അഖിലേഷിനെ തടഞ്ഞുവച്ചുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തുകയും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. പ്രതിഷേധിച്ച സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥി നേതാക്കളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നതിനെ പോലും ബി.ജെ.പി നേതാക്കള്‍ ഭയക്കുന്നു എന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്. അലഹബാദ് യാത്രയുടെ കാര്യം താന്‍ നേരത്തേ തന്നെ സര്‍ക്കാരിനെ അറിയിച്ചതാണ് എന്നാണ് അഖിലേഷിന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ ഇത് അട്ടിമറിക്കുകയായിരുന്നു എന്നും അഖിലേഷ് പറയുന്നു. തന്റെ വീടിന് ചുറ്റും നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചതായും അഖിലേഷ് യാദവ് ആരോപിക്കുന്നുണ്ട്. അലഹബാദിലെ പരിപാടി നടക്കുന്ന വേദിയുടെ സമീപം സ്‌ഫോടനം നടത്തി, വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസിന് തീയിട്ടു എന്നും അഖിലേഷ് ആരോപിക്കുന്നു.

അഖിലേഷിനെതിരായ നടപടിയെ വിമര്‍ശിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയും രംഗത്തെത്തി. ബി.ജെ.പി ഇത്രയേറെ ഭയന്നുപോയോ എന്നാണ് ഇതിനോട് മായാവതി പ്രതികരിച്ചത്.

എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് അലഹബാദ് സര്‍വകലാശാല അധികൃതര്‍ കഴിഞ്ഞ ദിവസം അഖിലേഷ് യാദവിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നും ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല അധികൃതര്‍ അദ്ദേഹത്തിന് അനുമതി നിഷേധിച്ചതെന്നും പ്രയാഗ്‌രാജ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

2015 ല്‍ യോഗി ആദിത്യനാഥിനും അലഹബാദ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് അഖിലേഷ് യാദവ് ആയിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി.

TAGS :

Next Story