Quantcast

രണ്ടു വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി; തൊഴിലില്ലായ്മ രൂക്ഷമായത് മോദിയുടെ ഒരു തീരുമാനത്തിന് ശേഷം

സര്‍ക്കാരിന്റെ ചോര്‍ന്നുകിട്ടിയ റിപ്പോര്‍ട്ട് പ്രകാരം 2017-2018 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ സൃഷ്ടിക്കപ്പെട്ടത്. 

MediaOne Logo

Web Desk

  • Published:

    17 April 2019 7:33 AM GMT

രണ്ടു വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി; തൊഴിലില്ലായ്മ രൂക്ഷമായത് മോദിയുടെ ഒരു തീരുമാനത്തിന് ശേഷം
X

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബറില്‍ നോട്ട് നിരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് തൊഴില്‍ നഷ്ടം രൂക്ഷമായത്.

ബംഗളൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ദ സെന്റര്‍ ഫോര്‍ സസ്‍റ്റെയിനബിള്‍ എംപ്ലോയ്‍മെന്റ് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019 എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2016 നവംബര്‍ മുതലാണ് തൊഴില്‍ നഷ്ടം രൂക്ഷമായതെങ്കിലും ഇതിന് നോട്ട് നിരോധവുമായി നേരിട്ട് ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ നോട്ട് നിരോധം പല തൊഴില്‍ മേഖലകളെയും ബാധിച്ചുവെന്നും പല സംരംഭങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സര്‍ക്കാരിന്റെ ചോര്‍ന്നുകിട്ടിയ റിപ്പോര്‍ട്ട് പ്രകാരം 2017-2018 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ സൃഷ്ടിക്കപ്പെട്ടത്. ഏകദേശം 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് തൊഴിലില്ലായ്മ എത്തി. നാഷണല്‍ സാംപിള്‍ സര്‍വെ ഓഫീസിന്റെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വെ പ്രകാരം തൊഴിലില്ലായ്മ 6.1 ശതമാനമായി ഉയര്‍ന്നതായി വ്യക്തമാക്കുന്നു. 1972-73 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതാണിത്. ഇത് സര്‍ക്കാര്‍ പുറത്തുവിട്ടില്ലെങ്കിലും ഒരു ദേശീയ ദിനപത്രമാണ് ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചതല്ലെന്നായിരുന്നു നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ അന്ന് പ്രതികരിച്ചത്.

ഇതേസമയം, പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം നഗര, ഗ്രാമ മേഖലകളില്‍ ഒരുപോലെ തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇരുപതിനും 24 നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്നത്. പുരുഷന്‍മാരേക്കാള്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നത് സ്ത്രീകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

TAGS :

Next Story