Quantcast

2014ല്‍ ക്രൂഡ് വില 106 ഡോളര്‍, പെട്രോള്‍ വില 71 രൂപ; ഇന്ന് ക്രൂഡ് വില 35 ഡോളര്‍, പെട്രോള്‍ വില 70 രൂപ; എന്തുകൊണ്ട് വില കുറയുന്നില്ല ?

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില തകര്‍ച്ചയിലാണ് ആഗോള തലത്തില്‍ എണ്ണ വിപണി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 52 ഡോളറിലേക്കാണ് മാര്‍ച്ച് ആറിന് കൂപ്പു കുത്തിയത്. 

MediaOne Logo

Web Desk

  • Published:

    14 March 2020 6:12 AM GMT

2014ല്‍ ക്രൂഡ് വില 106 ഡോളര്‍, പെട്രോള്‍ വില 71 രൂപ; ഇന്ന് ക്രൂഡ് വില 35 ഡോളര്‍, പെട്രോള്‍ വില 70 രൂപ; എന്തുകൊണ്ട് വില കുറയുന്നില്ല ?
X

ആഗോള വിപണിയിലെ എണ്ണ വിലയുടെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും ഇന്ധന വിലയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എണ്ണ വില കുറഞ്ഞാല്‍ ആനുപാതികമായി പെട്രോള്‍, ഡീസല്‍ വില കുറയുമല്ലോ എന്ന് മാത്രമായിരുന്നു ജനങ്ങളുടെ ഏക ആശ്വാസം. എന്നാല്‍ ഈ പ്രതീക്ഷകളുടെ കടയ്ക്കല്‍ കത്തിവെക്കുകയാണ് കേന്ദ്ര സര്‍ക്കാരിപ്പോള്‍. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ച നേരിടുമ്പോള്‍ അതിന്റെ ഒരാനുകൂല്യവും ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കാത്ത തരത്തിലാണിപ്പോള്‍ എക്സൈസ് നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. എക്സൈസ് നികുതിയില്‍ പെട്രോള്‍, ഡീസല്‍ ലിറ്ററിന് മൂന്നു രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രത്യേക എക്സൈസ് നികുതി രണ്ടു രൂപ വര്‍ധിപ്പിച്ചു എട്ട് രൂപയാക്കി. ഡീസലിന് നാല് രൂപയും. റോഡ് സെസും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരിക്കും റോഡ് സെസ്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില തകര്‍ച്ചയിലാണ് ആഗോള തലത്തില്‍ എണ്ണ വിപണി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 52 ഡോളറിലേക്കാണ് മാര്‍ച്ച് ആറിന് കൂപ്പു കുത്തിയത്. മാര്‍ച്ച് എട്ടിന് ഇത് 31.49 ഡോളറായി ഇടിഞ്ഞു. പിന്നീട് മാര്‍ച്ച് 11ന് നില മെച്ചപ്പെടുത്തിയെങ്കിലും പഴയ നിലവാരത്തിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല. ഇന്ന് 35 ഡോളറിലേക്ക് ക്രൂഡ് വില എത്തിയെങ്കിലും ചെറിയ ചാഞ്ചാട്ടങ്ങളായി മാത്രം ഒതുങ്ങി. പക്ഷേ ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ ഇത് പ്രതിഫലിക്കുന്നില്ല. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 188.4 മില്യണ്‍ ടണ്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇതിന് 87.7 ബില്യണ്‍ ഡോളര്‍ വിലയായി നല്‍കുകയും ചെയ്തു. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 64 ഡോളറാണ് ശരാശരി വിലയായി 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ ഇന്ത്യ നല്‍കിയത്. എന്നാല്‍, 2020 മാര്‍ച്ച് ആറിന് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ വില ബാരലിന് 47.92 ഡോളര്‍ മാത്രമായിരുന്നു. മാര്‍ച്ച് 10ന് ഇത് 34.52 ഡോളറായി കുറഞ്ഞു. 28 ശതമാനത്തിന്റെ കുറവാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം, ഇതിന്റെ ഗുണമൊന്നും ഇന്ത്യയിലെ ഉപയോക്താകള്‍ക്ക് ലഭിക്കുന്നില്ല. 2014ല്‍ മേയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ബാരലിന് 106.85 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അന്ന് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 71.41 രൂപയായിരുന്നു. ഇന്ന് ഡല്‍ഹിയില്‍ പെട്രോളിന്റെ വില 70 രൂപയാണ്. പക്ഷേ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 35 ഡോളറായി ചുരുങ്ങി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 50 ലേറെ ശതമാനത്തിന്റെ ഇടിവാണ് ആഗോള വിപണിയില്‍ ഉണ്ടായത്.

വില്ലനായി വാനംമുട്ടുന്ന നികുതികള്‍

നികുതികളാണ് ഇന്ത്യയില്‍ വില കുറയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. 2014 മെയില്‍ 47.12 രൂപക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ ഡീലര്‍മാര്‍ക്ക് ലഭിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ എക്സൈസ് നികുതി 10.39 രൂപയും സംസ്ഥാന സര്‍ക്കാറിന്റെ വാറ്റ് 11.9 രൂപയും ഡീലര്‍മാരുടെ കമ്മീഷന്‍ 2 രൂപയുമൊക്കെ ചേര്‍ത്ത് 71.41 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ വില. 2020ല്‍ എത്തിയപ്പോള്‍ ഡീലര്‍മാര്‍ക്ക് 32.93 രൂപക്ക് പെട്രോള്‍ ലഭിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന നികുതിയായ എക്സൈസ് ഡ്യൂട്ടി 10.39 ല്‍ നിന്ന് 19.98 രൂപയായി വര്‍ധിച്ചു. സംസ്ഥാന നികുതി 11.9 രൂപയില്‍ നിന്ന് 15.25 രൂപയായും വര്‍ധിച്ചു. 3.55 രൂപ ഡീലര്‍മാരുടെ കമ്മീഷനും കൂട്ടിച്ചേര്‍ത്ത് ആകെ വില 71.71 രൂപ. ഈ സാഹചര്യത്തിലാണിപ്പോള്‍ വീണ്ടും എക്സൈസ് നികുതി മൂന്നു രൂപ കൂടി വര്‍ധിപ്പിച്ചത്. ഒപ്പം പ്രത്യേക എക്സൈസ് നികുതിയും. റോഡ് സെസും. വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാല്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എണ്ണവിലയുടെ രണ്ടാഴ്ചത്തെ ശരാശരി കണക്കാക്കിയാണ് ഇന്ത്യയില്‍ കമ്പനികള്‍ വില നിശ്ചയിക്കുന്നത്. ഇന്ന് വീണ്ടും നികുതി വര്‍ധിപ്പിച്ച സ്ഥിതിക്ക് ഇനി അടുത്തെങ്ങും ആഗോള തലത്തിലെ വിലയിടിവിന്റെ ഗുണം ജനങ്ങളിലേക്ക് നേരിട്ടെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

TAGS :

Next Story