Quantcast

‘എന്‍റെ പ്രിയപ്പെട്ട രാജ്യമേ, കരയുക’ ലോക്ഡൌണ്‍ നീട്ടിയതില്‍ വിമര്‍ശനവുമായ് ചിദംബരം

പ്രതിനായകനായ ഡെന്‍മാര്‍ക്ക് രാജകുമാരനില്ലാത്ത വില്യം ഷേക്സ്പിയറിന്‍റെ ഹാംലെറ്റ് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നായിരുന്നു അഭിഷേക് മനു സിംഗ്‍വിയുടെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    14 April 2020 9:55 AM GMT

‘എന്‍റെ പ്രിയപ്പെട്ട രാജ്യമേ, കരയുക’ ലോക്ഡൌണ്‍ നീട്ടിയതില്‍ വിമര്‍ശനവുമായ് ചിദംബരം
X

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിലവിലെ ലോക്ഡൌണ്‍ മെയ് മൂന്ന് വരെ നീട്ടുന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി.ചിദംബരം രംഗത്ത്. കാര്യമായ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെയുള്ള ലോക്ഡൌണ്‍ നീട്ടലിനെതിരെ വിവിധ കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ലോക്ഡൌണ്‍ നീട്ടല്‍ പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത നിമിഷം ചിദംബരം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.
'രാജ്യത്തെ ദരിദ്രര്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ കഴിഞ്ഞ 21 ദിവസത്തിനൊപ്പം ഇനിയും 19 ദിവസം കൂടി സ്വയം ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നു. ഭക്ഷണം അടക്കം അഭ്യര്‍ഥിക്കേണ്ടിയിരിക്കുന്നു, ഇവിടെ പണമുണ്ട്, ഭക്ഷണവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത് രണ്ടും വിതരണം ചെയ്യുന്നില്ല. എന്റെ പ്രിയപ്പെട്ട രാജ്യമേ, കരയുക,' എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

‘ലോക്ക്ഡൗണ്‍ നീട്ടാനിടയായ സാഹചര്യം ഞങ്ങള്‍ മനസിലാക്കുന്നു. ആ തീരുമാനത്തെ പിന്തുണക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിമാര്‍ അടക്കം സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ട സാഹചര്യത്തില്‍ യാതൊരു പ്രതികരണവും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കണ്ടില്ല. മാര്‍ച്ച് 25 ലെ സാമ്പത്തിക പാക്കേജില്‍ ഒരു രൂപ പോലും കൂട്ടി ചേര്‍ത്തില്ല.’ ചിദംബരം പറഞ്ഞു.

രാജ്യം നേരിടുന്ന പ്രതിസന്ധിയെ നേരിടാന്‍ കാര്യമായ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി ലോക്ക്ഡൌണ്‍ നീട്ടിയത്. ദിവസക്കൂലിക്കാരുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും കാര്യത്തില്‍ പോലും നിര്‍ദേശങ്ങളൊന്നുമുണ്ടായില്ല. ലോക്ക്ഡൌണ്‍ നീട്ടിയ മെയ് 3 വരെ പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്ന ആശ്വാസ പ്രഖ്യാപനങ്ങള്‍ സംസ്ഥാനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഒരു സഹായവും പ്രഖ്യാപിച്ചില്ല

ചിദംബരത്തിന് പിന്നാലെ അഭിഷേക് മനു സിംഗ്‍വിയും ശശി തരൂരും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ലോക്ഡൌണ്‍ നീട്ടിയതിനെതിരെ വിമര്‍ശനവുമായ് രംഗത്ത് വന്നു. വില്യം ഷേക്സ്പിയറിന്‍റെ ദുരന്ത നാടകമായ ഹാംലെറ്റുമായാണ് അഭിഷേക് മനു സിംഗ്‍വി ഇതിനെ ഉപമിച്ചത്. നാടകത്തിലെ പ്രതിനായകനായ ഡെന്‍മാര്‍ക്ക് രാജകുമാര (ക്ലോഡിയസ്) നില്ലാത്ത ഹാംലെറ്റ് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നായിരുന്നു അഭിഷേക് മനുസിംഗ്‍വിയുടെ പ്രതികരണം.

പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അതേസമയം ഗൗരവകരമായ ചില സാമ്പത്തിക പാക്കേജുകള്‍ കൂടി പ്രഖ്യാപിക്കണമെന്നുമായിരുന്നു ശശി തരൂര്‍ മുന്നോട്ട് വെച്ച നിര്‍ദേശം.

TAGS :

Next Story