Quantcast

നാല് മക്കളടങ്ങുന്ന കുടുംബത്തിന് ഭക്ഷണം ലഭിച്ചില്ല, അന്തര്‍ സംസ്ഥാന തൊഴിലാളി ജീവനൊടുക്കി

ആത്മഹത്യ ചെയ്ത 35കാരനായ ഛബുവിന്റെ മാനസിക നില തകരാറിലായിരുന്നുവെന്നാണ് ഗുരുഗ്രാമിലെ പൊലീസിന്റെ വിശദീകരണം...

MediaOne Logo

  • Published:

    18 April 2020 3:53 AM GMT

നാല് മക്കളടങ്ങുന്ന കുടുംബത്തിന് ഭക്ഷണം ലഭിച്ചില്ല, അന്തര്‍ സംസ്ഥാന തൊഴിലാളി ജീവനൊടുക്കി
X

ലോക്ഡൗണിനിടെ നാല് മക്കളടങ്ങിയ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ബിഹാറില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന തൊഴിലാളിയായ ഛബു മണ്ഡലിനെയാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മാതാപിതാക്കളും നാല് മക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു പെയിന്റിങ് തൊഴിലാളിയായ ഛബു മണ്ഡല്‍.

വ്യാഴാഴ്ച്ച ഛബ്ബു മണ്ഡല്‍ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് ഭാര്യ പൂനം പറയുന്നു. അയല്‍വാസികള്‍ നല്‍കുന്ന ഭക്ഷണവും സമീപത്തെ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്നുള്ള ഭക്ഷണവുമായിരുന്നു കുടുംബത്തിന്റെ പ്രധാന ആശ്രയമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ടിലുണ്ട്.

ये भी पà¥�ें- മുന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിനെന്ത് സമ്പര്‍ക്കവിലക്ക്? ലോക്ഡൗണിനിടയിലെ ആഡംബരവിവാഹം വിവാദമാകുന്നു

'ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഭക്ഷണത്തിന് പ്രയാസമുണ്ടായിരുന്നു. ജോലിയില്ലാത്തതുകൊണ്ട് പണവുമില്ലായിരുന്നു. സൗജന്യ ഭക്ഷണത്തെയാണ് ആശ്രയിച്ചിരുന്നത്. അത് എല്ലാദിവസവും ലഭിച്ചിരുന്നില്ല.' ഛബു മണ്ഡലിന്റെ ഭാര്യ പൂനം പറഞ്ഞു.

അതേസമയം 35കാരനായ ഛബുവിന്റെ മാനസിക നില തകരാറിലായിരുന്നുവെന്നാണ് ഗുരുഗ്രാമിലെ പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവരം പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞിരുന്നെങ്കിലും ഇയാളുടെ കുടുംബം രേഖാമൂലം അപേക്ഷ നല്‍കാത്തതിനാല്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുകയോ മറ്റു നടപടികളെടുക്കുകയോ ചെയ്തില്ലെന്നാണ് സെക്ടര്‍ 53 പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ദീപക് കുമാറിന്റെവിശദീകരണം.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിഹാറില്‍ മധേപുര ജില്ലയില്‍ നിന്നും ഗുരുഗ്രാമിലേക്ക് പെയിന്റ് തൊഴിലാളിയായ ഛബു ജോലിതേടിയെത്തുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞതോടെ കുടുംബത്തെ കൂടെ വാടകവീടെടുത്ത് കൂടെ കൂട്ടി. തകര ഷീറ്റുകള്‍കൊണ്ട് മറച്ച രണ്ട് ചെറു മുറികളുള്ള വീട്ടിലായിരുന്നു കുറച്ച് മാസങ്ങളായി എട്ട് അംഗങ്ങളുള്ള കുടുംബത്തിന്റെ താമസം. 1500 രൂപയായിരുന്നു വാടക.

ये भी पà¥�ें- കോവിഡ് പ്രതിസന്ധി താല്‍ക്കാലികമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

വരുമാനം നിലച്ചതോടെ അവസാന വഴിയെന്ന നിലയില്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ വിറ്റിരുന്നു. കുറഞ്ഞത് 10000 രൂപ പ്രതീക്ഷിച്ചിരുന്ന ഫോണിന് 2500 രൂപയാണ് ലഭിച്ചത്. ഇതുപയോഗിച്ച് കുറച്ച് ഭക്ഷണ സാധനങ്ങളും ഒരു ചെറിയ ഫാനും വാങ്ങി നല്‍കിയിരുന്നു. നാട്ടുകാര്‍ പിരിച്ചു നല്‍കിയ രൂപ ഉപയോഗിച്ചാണ് ഛബുവിന്റെ മൃതദേഹം സംസ്‌കരിച്ചത്.

ഛബുവിന്റെ മരണം വലിയ ആഘാതമാണെങ്കിലും അഞ്ച് മാസം പ്രായമുള്ള കൈ കുഞ്ഞ് അടക്കമുള്ള കുടുംബത്തെ സംരക്ഷിക്കാന്‍ മറ്റാരുമില്ലെന്ന യാഥാര്‍ഥ്യവും പൂനം മനസിലാക്കുന്നു. ലോക്ഡൗണും നിയന്ത്രണങ്ങളും തീരുന്ന മുറക്ക് ഏതെങ്കിലും വീടുകളില്‍ ജോലിക്ക് പോയി കുടുംബം പോറ്റാനാണ് പൂനത്തിന്റെ ശ്രമം. പക്ഷേ അതിനും കുറഞ്ഞത് 15 ദിവസത്തെ കാത്തിരിപ്പുണ്ടെന്ന് പൂനം നിസഹായതയോടെ പറയുന്നു.

TAGS :

Next Story