Top

'ആയിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചു, ആരും ഇത്ര ബഹുമാനത്തോടെ സത്കരിച്ചിട്ടില്ല'

റമദാന്‍ വരെ ബിരിയാണി നല്‍കാനായിരുന്നു ഇവര്‍ ആദ്യം തീരുമാനിച്ചത്. തൊഴിലാളികളുടെ ദുരിതം നേരിട്ട് കണ്ടതോടെ സൗജന്യ ഭക്ഷണ വിതരണം ലോക്ഡൗണ്‍ തീരും വരെയാക്കി...

MediaOne Logo

  • Updated:

    2020-05-24 04:08:21.0

Published:

24 May 2020 4:08 AM GMT

ആയിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചു, ആരും ഇത്ര ബഹുമാനത്തോടെ സത്കരിച്ചിട്ടില്ല
X

'ലക്‌നൗവില്‍ നിന്നും ആരും വിശന്ന് പോകാന്‍ പാടില്ല' ഇതാണ് പ്രസിദ്ധമായ വാഹിദ് ബിരിയാണിയുടെ ഉടമകളെ മുന്നോട്ടു നയിക്കുന്ന ചിന്ത. 65 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വാഹിദ് ബിരിയാണി വെജിറ്റേറിയനാകുന്നത്. അത് ആതിഥ്യ മര്യാദക്ക് പേരുകേട്ട ലക്‌നൗവിലൂടെ കടന്നുപോകുന്ന അതിഥി തൊഴിലാളികളുടെ വിശപ്പടക്കാനായിരുന്നു.

പത്തു ദിവസത്തിലേറെയായി ഇവര്‍ പ്രതിദിനം 1500 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കാണ് വിരുന്നൊരുക്കുന്നത്. വെജിറ്റബിള്‍ ബിരിയാണി, വെജിറ്റബിള്‍ കബാബ്, ബണ്‍ മക്കന്‍, ബിസ്‌കറ്റ്, സര്‍ബത്ത്, പാല്‍ തുടങ്ങിയ വിഭവങ്ങള്‍ കഴിച്ച് മനസും വയറും നിറച്ചാണ് ഇവിടെ നിന്നും ഓരോരുത്തരും മടങ്ങുന്നത്. കുട്ടികള്‍ക്ക് പ്രത്യേകം പാല്‍ കുപ്പികളിലാക്കിയും മറ്റും കൊടുത്തുവിടുകയും ചെയ്യും.

ആഗ്ര എക്സ്പ്രസ് വേയിലെ ഭക്ഷണ വിതരണം

വാഹിദ് ബിരിയാണിയുടെ നിലവിലെ ഉടമ അബിദ് അലി ഖുറേഷിയും സഹോദരങ്ങളും കടയിലെ അമ്പതോളം തൊഴിലാളികളുമാണ് ഭക്ഷണ വിതരണത്തിന് അഹോരാത്രം പണിയെടുക്കുന്നത്. റമദാന്‍ മാസത്തില്‍ നോമ്പെടുത്തിരിക്കുമ്പോഴും ഒരു അതിഥി തൊഴിലാളി പോലും വിശന്നുകൊണ്ട് തങ്ങളുടെ പ്രദേശം വിട്ടുപോകരുതെന്ന കരുതലാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. അടുത്ത ഭക്ഷണം എപ്പോഴെന്നു പോലും ഉറപ്പില്ലാത്ത അതിഥി തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഓര്‍ക്കുമ്പോള്‍ തങ്ങളുടെ ഉപവാസം അനായാസമാകുമെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്.

വാഹിദ് ബിരിയാണി ഉടമയും ജീവനക്കാരും ഭക്ഷണവിതരണത്തില്‍

രാവിലെ പതിനൊന്നുമണിയോടെയാണ് ബിരിയാണി അടക്കമുള്ള ഭക്ഷണങ്ങള്‍ ഒരുക്കി തുടങ്ങുക. വൈകീട്ടോടെ നിശ്ചിത കേന്ദ്രങ്ങളിലേക്ക് ഇവര്‍ ഭക്ഷണവുമായെത്തും. രാത്രി 11 മണി വരെയും ഭക്ഷണം വിതരണം ചെയ്യും. ലക്‌നൗവില്‍ നാലിടത്താണ് വാഹിദ് ബിരിയാണി ഉടമകള്‍ ഭക്ഷണവിതരണം നടത്തുന്നത്. ആഗ്ര എക്‌സ്പ്രസ് വേ, സിതാപുര്‍ റോഡ്, ഷഹീദ് പാത്, പോളി ടെക്‌നിക് ചൗക്ക് എന്നിവിടങ്ങളിലാണ് ഇവരുടെ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍.

'ആയിരത്തിലേറെ കിലോമീറ്റര്‍ ഞങ്ങള്‍ സഞ്ചരിച്ചെന്നും ആരും ഇത്രയും ബഹുമാനത്തോടെ സത്കരിച്ചിട്ടില്ലെന്നും പല തൊഴിലാളികളും പറയാറുണ്ട്. ഇവിടെ വന്ന് മനസ് നിറയെ കഴിക്കുമ്പോള്‍ ഇത് നമ്മുടെ രാജ്യമാണെന്ന തോന്നല്‍ കൂടിയാണ് അവര്‍ക്കുണ്ടാകുന്നത്'
ആബിദ് അലി ഖുറേഷി

1955ല്‍ ആബിദിന്റെ മുത്തച്ഛനായ അലാദിനാണ് വാഹിദ് ബിരിയാണി തുടങ്ങുന്നത്. പിന്നീട് കുടുംബം ഏറ്റെടുക്കുകയായിരുന്നു. ആബിദിന്റെ പിതാവ് വാഹിദ് ബിരിയാണി കൂടുതല്‍ വിപുലമാക്കി. ഇപ്പോള്‍ ആബിദും സഹോദരങ്ങളുമാണ് കട നടത്തുന്നത്.

ഹൈവേയില്‍ ഭക്ഷണവിതരണം നടത്തുമ്പോള്‍ ബസുകളിലും മറ്റും സഞ്ചരിക്കുന്നവര്‍ ഇത് സര്‍ക്കാരിന്റെ പദ്ധതിയാണോ എന്നും തെറ്റിദ്ധരിക്കാറുണ്ട്. 'ഞങ്ങള്‍ക്ക് കെജ്രിവാള്‍ ഇത്ര കരുതല്‍ നല്‍കിയിട്ടില്ല. പക്ഷേ ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കുന്നു' എന്നൊക്കെ പറയുന്നവരുണ്ട്. ഇത് തങ്ങള്‍ സ്വതന്ത്രമായി ചെയ്യുന്നതാണെന്ന് പറയുമ്പോള്‍ അവരുടെ അതിശയം വര്‍ധിക്കും.

വാഹിദ് ബിരിയാണി ഉടമ ആബിദ്(ഇരിക്കുന്നവരില്‍ നടുവില്‍) മക്കള്‍ക്കൊപ്പം

ഭക്ഷണ വിതരണം ആരംഭിക്കുമ്പോള്‍ ചെറിയ പെരുന്നാള്‍ ദിനം വരെ തൊഴിലാളികള്‍ക്ക് വിരുന്നൊരുക്കാനാണ് ഇവര്‍ കരുതിയിരുന്നത്. എന്നാല്‍ തങ്ങളുടെ ഭക്ഷണവിതരണത്തിന് ലഭിക്കുന്ന സ്വീകാര്യതയും തൊഴിലാളികളുടെ ദുരിതങ്ങളും കണക്കിലെടുത്ത് റമദാന് ശേഷവും ഭക്ഷണവിതരണം തുടരാനാണ് തീരുമാനം. ലോക്ഡൗണ്‍ അവസാനിക്കും വരെ ലക്‌നൗവിലെത്തുന്ന തൊഴിലാളികളുടെ മനസും വയറും നിറക്കാന്‍ വാഹിദ് ബിരിയാണിയുണ്ടാകും.

കടപ്പാട്: ദ ക്വിന്റ്

TAGS :

Next Story