Quantcast

ഭോപ്പാലില്‍ കോവിഡ് പടരുമ്പോള്‍ എംപി പ്രഗ്യയെ കാണാനില്ലെന്ന് പോസ്റ്റര്‍; ചികിത്സയിലെന്ന് ബിജെപി

ഇനി വോട്ട് ചെയ്യും മുന്‍പ് വോട്ടര്‍മാര്‍ ചിന്തിക്കണമെന്ന് കോണ്‍ഗ്രസ്

MediaOne Logo

  • Published:

    30 May 2020 4:37 AM GMT

ഭോപ്പാലില്‍ കോവിഡ് പടരുമ്പോള്‍ എംപി പ്രഗ്യയെ കാണാനില്ലെന്ന് പോസ്റ്റര്‍; ചികിത്സയിലെന്ന് ബിജെപി
X

മധ്യപ്രദേശില്‍ കോവിഡ് പടരുന്നതിനിടെ ഭോപ്പാല്‍ എംപി പ്രഗ്യാ സിങ് താക്കൂറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. ഭോപ്പാലില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 1400 കഴിഞ്ഞു. ജനങ്ങള്‍ ദുരിതത്തിലായിരിക്കെ ആശ്വാസവുമായെത്തേണ്ട എംപിയെ മണ്ഡലത്തില്‍ എവിടെയും കാണുന്നില്ലെന്നാണ് പോസ്റ്ററുകളിലെ വിമര്‍ശനം.

പോസ്റ്ററിലെ വിമര്‍ശനം കോണ്‍ഗ്രസ് ഏറ്റെടുത്തു. മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമലേശ്വര്‍ പട്ടേല്‍ പറഞ്ഞതിങ്ങനെ- "ഇനി വോട്ട് ചെയ്യും മുന്‍പ് വോട്ടര്‍മാര്‍ ചിന്തിക്കണം. ഒരു വശത്ത് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ്‌ സിംഗ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഴുവന്‍ സമയവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അതേസമയം തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗത്തെ മണ്ഡലത്തില്‍ എവിടെയും കാണാനില്ല. ദുരിത കാലത്ത് ഒപ്പമില്ലാത്ത ജനപ്രതിനിധികളെ ഇനി ജനം തെരഞ്ഞെടുക്കരുത്. പ്രഗ്യാ താക്കൂറിനോട് വരാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്".

എംപി കണ്ണ്, കാന്‍സര്‍ ചികിത്സകള്‍ക്കായി എയിംസിലാണെന്ന് ബിജെപി വക്താവ് രാഹുല്‍ കോത്താരി വിശദമാക്കി. അവശ്യസാധന വിതരണം, സാമൂഹിക അടുക്കളയിലൂടെ ഭക്ഷണം വിതരണം തുടങ്ങിയവ നടക്കുന്നുണ്ട്. ദിഗ് വിജയ് സിങിന്‍റെ ഇടപെടലുകള്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണെന്നും ബിജെപി ആരോപിച്ചു.

മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെയും മകന്‍ നകുല്‍ നാഥിനെയും കാണാനില്ലെന്ന് നേരത്തെ പോസ്റ്ററുകള്‍ വന്നിട്ടുണ്ട്. രണ്ട് പേരെയും കണ്ടെത്തുന്നവര്‍ക്ക് 21000 രൂപ പാരിതോഷികം നല്‍കുമെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ടായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ഇമര്‍തി ദേവി, ലഖന്‍ സിങ് യാദവ് എന്നിവരുടെയും സമാന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യയുടെ പോസ്റ്ററുകള്‍ പതിച്ചതിന് രണ്ട് പേര്‍ അറസ്റ്റിലായി.

TAGS :

Next Story