Quantcast

"രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല"; ഫേസ്‍ബുക്കിന് രണ്ടാമതും കത്തയച്ച് കോണ്‍ഗ്രസ്

വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ആഗസ്റ്റ് 17 ന് കോണ്‍ഗ്രസ് സുക്കര്‍ബര്‍ഗിന് കത്തയച്ചിരുന്നു.

MediaOne Logo

  • Published:

    29 Aug 2020 11:43 AM GMT

രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല;  ഫേസ്‍ബുക്കിന് രണ്ടാമതും കത്തയച്ച് കോണ്‍ഗ്രസ്
X

ബി.ജെ.പി നേതാക്കളുടെ മുസ്​ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ ഫേസ്ബുക് കണ്ണടക്കുന്നതിനെതിരെ കോൺഗ്രസ് സി.ഇ.ഒ മാർക് സുക്കൻബർഗിന് കത്തയച്ചു. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കാണിച്ചാണ് കോണ്‍ഗ്രസിന്റെ കത്ത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിന്‍ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസ് കത്തയച്ചിരിക്കുന്നത്.

നേരത്തെ ഫേസ്ബുക്കിന്‍റെ വിദ്വേഷ പ്രസംഗ നിയമാവലികൾ ബി.ജെ.പി നേതാക്കൾക്കെതിരെയും ഹിന്ദുത്വവാദികൾക്കും സംഘടനകൾക്കും എതിരെയും നടപ്പാക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥ തടയുന്നതായി ദ വാൾസ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തിരുന്നു. വർഗീയ പരാമർശം നടത്തിയ തെലങ്കാനയിലെ ബി.ജെ.പി നേതാവ് ടി. രാജാ സിങ്ങിനെതിരെ വിദ്വേഷ പ്രസംഗ നിയമാവലി പ്രകാരം നടപടിയെടുക്കുന്നത് ഫേസ്ബുകിന്‍റെ ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥയായ അംഖി ദാസ് തടഞ്ഞതായിയും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ആഗസ്റ്റ് 17 ന് കോണ്‍ഗ്രസ് സുക്കര്‍ബര്‍ഗിന് കത്തയച്ചിരുന്നു.

രാജാ സിങ്ങിനെ 'അപകടകരമായ വ്യക്തി' എന്ന് രേഖപ്പെടുത്തുന്നതിൽ അംഖി ദാസ് ആശങ്ക ഉയർത്തിയതായി ഫേസ്ബുക് വക്താവ് പറഞ്ഞതായുള്ള റിപ്പോർട്ട് വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ടിരുന്നു. മുസ്​ലിംകൾ മനഃപൂർവം കൊറോണ വൈറസ് പരത്തുന്നുവെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി ലവ് ജിഹാദിന് നേതൃത്വം നൽകുന്നുവെന്നും ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ പോസ്റ്റ് ചെയ്തിട്ടും ഇവർക്കെതിരെ നടപടിയെടുക്കാൻ ഫേസ്ബുക് തയാറായിരുന്നില്ല.

നേരത്തെ, വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ ഫേസ്ബുകിന്‍റെ ദക്ഷിണ-മധ്യ ഏഷ്യയുടെ ചുമതലയുള്ള പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസിനെതിരെ ഛത്തീസ്ഗഢ് പൊലീസ് കേസെടുത്തിരുന്നു. റായ്പൂരിലെ പത്രപ്രവർത്തകനായ അവേശ് തിവാരിയുടെ പരാതിയിലായിരുന്നു കേസ്.

TAGS :

Next Story