Quantcast

ദലിതരെയും മുസ്‍ലികളെയും പല ഇന്ത്യക്കാരും മനുഷ്യരായി കാണുന്നില്ല: രാഹുല്‍ ഗാന്ധി

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിന്‍റെ പൊലീസും ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് പറയുന്നതിനര്‍ത്ഥം, അവര്‍ക്കും മറ്റു പലര്‍ക്കും അവള്‍ ആരുമല്ല എന്നത് തന്നെയാണെന്നും രാഹുല്‍

MediaOne Logo

  • Published:

    11 Oct 2020 5:34 AM GMT

ദലിതരെയും മുസ്‍ലികളെയും പല ഇന്ത്യക്കാരും മനുഷ്യരായി  കാണുന്നില്ല: രാഹുല്‍ ഗാന്ധി
X

രാജ്യത്ത് ദലിതര്‍ക്കും മുസ്‍ലിംകള്‍ക്കും ആദിവാസികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് പലരും ദലിതരെയും മുസ്‌ലിംകളെയും ആദിവാസികളെയും മനുഷ്യരായി പോലും കാണുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഹാഥ്റസ് സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ വിമര്‍ശനം.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിന്‍റെ പൊലീസും ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് പറയുന്നതിനര്‍ത്ഥം, അവര്‍ക്കും മറ്റു പലര്‍ക്കും അവള്‍ ആരുമല്ല എന്നത് തന്നെയാണെന്നും രാഹുല്‍ വ്യക്തമാക്കി. ഹാഥ്റസ് ബലാത്സംഗക്കൊലയെ കുറിച്ചുള്ള ബിബിസി റിപ്പോര്‍ട്ട് പങ്കുവെച്ചാണ് രാഹുലിന്‍റെ പ്രതികരണം.

തെളിവുകള്‍ ഉണ്ടെന്നിരിക്കെ ഹാഥ്റസിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് പൊലീസും സര്‍ക്കാരും എന്തുകൊണ്ട് പറയുന്നു എന്നാണ് ബിബിസിയിലെ റിപ്പോര്‍ട്ട് ചോദിക്കുന്നത്. ഇന്ത്യയിലെ ജാതി വിവേചനത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്തംബര്‍ 14നാണ് 19കാരിയായ ദലിത് പെണ്‍കുട്ടിയെ നാല് മേല്‍ജാതിക്കാര്‍ കൂട്ടബലാത്സംഗം ചെയ്തത്. അവളുടെ നാവ് മുറിച്ചുമാറ്റി. നട്ടെല്ല് തകര്‍ന്ന് ഗുരുതര പരിക്കുകളോടെ മരണത്തോട് മല്ലടിച്ച ആ പെണ്‍കുട്ടി സെപ്തംബര്‍ 30ന് മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബത്തിന് വിട്ടുനല്‍കാതെ യു.പി പൊലീസ് കത്തിച്ചുകളഞ്ഞു.

ദലിത് പെണ്‍കുട്ടിയെ നാല് മേല്‍ജാതിക്കാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ കുറ്റവാളികളെ ന്യായീകരിച്ചും പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും ബിജെപി നേതാക്കള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. പെണ്‍കുട്ടിയും പ്രതികളില്‍ ഒരാളും തമ്മില്‍ ബന്ധമുണ്ടായിരുന്നു, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ അവളെ മര്‍ദിച്ച് അവശയാക്കിയതാണ്, ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്നിങ്ങനെയാണ് പല ബിജെപി നേതാക്കളും പരസ്യമായി പറഞ്ഞത്. പ്രതികളെ പിന്തുണച്ച് പരസ്യമായി യോഗം വരെ ചേര്‍ന്നു മേല്‍ജാതിക്കാര്‍.

പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി എത്തിയ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ യു.പി പൊലീസ് കയ്യേറ്റം ചെയ്തിരുന്നു. മാധ്യമങ്ങളെയും ഹാഥ്റസില്‍ വിലക്കി. യു.പിയിലേത് ജംഗിള്‍രാജ് ആണ്. പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാഹുല്‍ വിമര്‍ശിച്ചു.

TAGS :

Next Story