Quantcast

കള്ളം പറയുകയും ആക്രോശിക്കുകയും ചെയ്താല്‍ ചാനല്‍ പൂട്ടേണ്ടിവരും: സല്‍മാന്‍ ഖാന്‍

ഇപ്പോള്‍ ചെയ്യുന്നത് ഇനിയും ചെയ്താല്‍ അധികൃതര്‍ ചാനല്‍ പൂട്ടും എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

MediaOne Logo

  • Published:

    12 Oct 2020 9:14 AM GMT

കള്ളം പറയുകയും ആക്രോശിക്കുകയും ചെയ്താല്‍ ചാനല്‍ പൂട്ടേണ്ടിവരും: സല്‍മാന്‍ ഖാന്‍
X

ടിആര്‍പി റേറ്റിങ് തട്ടിപ്പില്‍ ചാനലുകളുടെ പേരെടുത്ത് പറയാതെ രൂക്ഷവിമര്‍ശനവുമായി നടന്‍ സല്‍മാന്‍ ഖാന്‍. അസംബന്ധം പറയരുത്. കള്ളം പറയുകയോ അലറിവിളിക്കുകയോ ചെയ്യരുത്. ഇപ്പോള്‍ ചെയ്യുന്നത് ഇനിയും ചെയ്താല്‍ അധികൃതര്‍ ചാനല്‍ പൂട്ടും എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

ബിഗ് ബോസില്‍ പങ്കെടുത്താണ് സല്‍മാന്‍ ഖാന്‍ ടിആര്‍പി റേറ്റിങ് തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മത്സരാര്‍ഥികളോട് സല്‍മാന്‍ ഖാന്‍ പറഞ്ഞതിങ്ങനെ- "ബിഗ് ബോസ് ആയാലും വേറെ ഏതെങ്കിലും ഷോ ആയാലും ശരിയായ വഴിയിലാവണം മത്സരിക്കേണ്ടത്. റേറ്റിങിന് വേണ്ടി എന്തും ചെയ്യരുത്. സത്യസന്ധരായിരിക്കുക. അസംബന്ധവും കള്ളവും പറയുക, അലറിവിളിക്കുക എന്നിവയൊന്നും അരുത്. അധികൃതര്‍ നിങ്ങളുടെ ചാനല്‍ പൂട്ടും".

"എനിക്ക് പറയാനുള്ളത് ഞാന്‍ പരോക്ഷമായി പറഞ്ഞിട്ടുണ്ട്" എന്ന് കൂടി പറഞ്ഞുവെച്ചു സല്‍മാന്‍ ഖാന്‍. കുറച്ച് ദിവസം മുന്‍പ് അര്‍ണബ് ഗോസ്വാമി സല്‍മാന്‍ ഖാനെ വിടാതെ പിന്തുടര്‍ന്നിരുന്നു. സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവും ലഹരിമാഫിയാ ബന്ധം ആരോപിച്ച് താരങ്ങളെ ചോദ്യംചെയ്തതും സംബന്ധിച്ച് സല്‍മാന്‍ ഖാന്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നായിരുന്നു അര്‍ണബിന്‍റെ ചോദ്യം. സല്‍മാന്‍ എവിടെ എന്ന് ചോദിച്ചുകൊണ്ട് റിപബ്ലിക് ചാനലില്‍ ദീര്‍ഘ നേരം ചര്‍ച്ച നടത്തുകയും ചെയ്തു അര്‍ണബ്.

പിന്നാലെ അര്‍ണബ് ഭീരുവാണ് എന്ന് പറഞ്ഞ് സല്‍മാന്‍റെ ആരാധകര്‍ ട്വിറ്ററില്‍ ക്യാമ്പെയിന്‍ തുടങ്ങി. അര്‍ണബിന് പേവിഷ ബാധയ്ക്ക് ചികിത്സ വേണം (#ArnabNeedsRabiesTreatment) എന്ന ഹാഷ് ടാഗിലായിരുന്നു ക്യാമ്പെയിന്‍. ഇപ്പോള്‍ അര്‍ണബിന് സല്‍മാന്‍ തന്നെ പരോക്ഷ മറുപടി നല്‍കിയിരിക്കുകയാണ്.

റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന് മുംബൈ പൊലീസാണ് കണ്ടെത്തിയത്. റിപബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് ആരോപണം. ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പൊലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപബ്ലിക് ടിവി കണ്ടാല്‍ പ്രതിമാസം 400 രൂപ നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നുവെന്ന സാക്ഷിമൊഴിയും പുറത്തുവന്നു.

TAGS :

Next Story