Quantcast

ഇതോടെ അര്‍ണബ് ബിജെപിക്കാരനാണെന്ന് വ്യക്തമായി, ഫട്നാവിസിനെയും പ്രതിചേര്‍ക്കണം: എന്‍സിപി

കേസില്‍ മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും പ്രതിചേര്‍ക്കണമെന്ന് എന്‍സിപി

MediaOne Logo

  • Published:

    5 Nov 2020 4:38 AM GMT

ഇതോടെ അര്‍ണബ് ബിജെപിക്കാരനാണെന്ന് വ്യക്തമായി, ഫട്നാവിസിനെയും പ്രതിചേര്‍ക്കണം: എന്‍സിപി
X

അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെപി നേതാക്കള്‍ക്കെതിരെ എന്‍സിപി. ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാകേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടാന്‍ ആ കുടുംബത്തില്‍ ഉന്നതര്‍ സമ്മര്‍ദം ചെലുത്തിയെന്ന് ബന്ധുക്കള്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വ്യക്തമായി. ഈ കേസില്‍ മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും പ്രതിചേര്‍ക്കണമെന്ന് എന്‍സിപി വക്താവ് ഉമേഷ് പാട്ടീല്‍ ആവശ്യപ്പെട്ടു.

"ബിജെപി മന്ത്രിമാരും നേതാക്കളും എങ്ങനെയാണ് അര്‍ണബിനെ പിന്തുണച്ചതെന്ന് നോക്കൂ. ഇതോടെ അര്‍ണബ് ബിജെപിക്കാരനാണെന്ന് വ്യക്തമായി. ഉത്തര്‍ പ്രദേശില്‍ മാധ്യമപ്രവര്‍ത്തകയെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചപ്പോള്‍ അവരൊന്നും മിണ്ടിയില്ല. അതുപോലെ രാജ്യത്ത് നിരവധി മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. അപ്പോഴൊന്നും ബിജെപി പിന്തുണയുമായി വന്നിട്ടില്ല"- ഉമേഷ് പാട്ടീല്‍ പറഞ്ഞു.

ഇന്‍റീരിയര്‍ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്തിട്ടും‍, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടും‍, അതില്‍ ആത്മഹത്യക്ക് ആരാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കിയിട്ടും എന്തുകൊണ്ട് കുറ്റവാളിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് രാജ്യത്തിന് അറിയണമെന്ന് എന്‍സിപി വക്താവ് പറഞ്ഞു. നേരത്തെ കേസ് അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയ പൊലീസുകാരെ കുറിച്ച് ഉള്‍പ്പെടെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെളിവ് ലഭിച്ചാല്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും ഇത് ബിജെപി ആരോപിക്കുന്നതുപോലെ പ്രതികാര രാഷ്ട്രീയമല്ലെന്നും ശിവസേന വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇന്നലെ അര്‍ണബിന്‍റെ അറസ്റ്റിനെ അപലപിക്കുകയുണ്ടായി. അർണബിന്റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓർമ്മപ്പെടുത്തുന്നു എന്ന് അമിത് ഷായും പ്രകാശ് ജാവ്ദേകറും പ്രതികരിച്ചു. റിപബ്ളിക് ടിവിക്കും അർണബിന്റെ വ്യക്തിസ്വാതന്ത്രത്തിനും ജനാധിപത്യത്തിന്റെ നാലാം തൂണിനും എതിരായ അധികാര ദുർവിനിയോഗമാണിതെന്നും അമിത് ഷാ ആരോപിച്ചു. മന്ത്രി സ്മൃതി ഇറാനിയും അര്‍ണബിനെ പിന്തുണച്ച് രംഗത്തെത്തി. ഇന്ന് അര്‍ണബിനെ പിന്തുണക്കാത്തവര്‍ ഫാഷിസത്തെ പിന്തുണക്കുന്നവരാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്മല്ലായിരിക്കാം. അദ്ദേഹത്തെ അംഗീകരിക്കുന്നില്ലായിരിക്കാം. പക്ഷേ നിങ്ങള്‍ നിശബ്ദരായി ഇരിക്കുന്നുണ്ടെങ്കില്‍ അടിച്ചമര്‍ത്തലിനെ പിന്തുണയ്ക്കുന്നു എന്നാണ് അര്‍ഥം- സ്മൃതി ഇറാനി വിശദീകരിച്ചു. മഹാരാഷ്ട്ര സർക്കാർ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദും ആരോപിച്ചു.

ഇന്റീരിയർ ഡിസൈനർ അൻവായ് നായ്കും അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അർണബ് ഗോസ്വാമിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

റിപബ്ലിക് ടിവി ഡിസൈന്‍ ചെയ്തതിന്‍റെ തുക നല്‍കിയില്ലെന്നും ഇതോടെ താന്‍ കടക്കെണിയിലായെന്നും അന്‍വായ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അലിഭാഗ് പൊലീസ് നേരത്തെ കേസെടുത്തു. എന്നാല്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്‍വായ് നായിക്കിന്‍റെ മകളുടെ അപേക്ഷ പരിഗണിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.

TAGS :

Next Story