Quantcast

1001 കോടി രൂപയുടെ ബംഗ്ലാവ് സ്വന്തമാക്കി ഡി മാര്‍ട്ട് ഉടമ രാധാകൃഷ്ണന്‍ ദമാനി

ബംഗ്ലാവിന്‍റെ സ്റ്റാംപ് ഡ്യൂട്ടിയിനത്തിൽ മാത്രം മുപ്പത് കോടി രൂപയാണ് അടച്ചത്

MediaOne Logo

Web Desk

  • Published:

    4 April 2021 5:29 AM GMT

1001 കോടി രൂപയുടെ ബംഗ്ലാവ് സ്വന്തമാക്കി ഡി മാര്‍ട്ട് ഉടമ രാധാകൃഷ്ണന്‍ ദമാനി
X

മുംബൈ: രാജ്യത്തെ ഏറ്റവും വില കൂടിയ വീട് സ്വന്തമാക്കി ഡി മാർട് സ്ഥാപകൻ രാധാകൃഷ്ണൻ ദമാനി. ദക്ഷിണ മുംബൈയിലെ മലബാർ ഹിൽസിൽ 61916.3 ചതുരശ്ര അടി വരുന്ന രണ്ടുനില ബംഗ്ലാവാണ് ഇദ്ദേഹം സ്വന്തമാക്കിയത്. 1001 കോടി രൂപ നല്‍കിയാണ് ഇദ്ദേഹവും സഹോദരനും കഴിഞ്ഞ മാസം അവസാനം വീടു വാങ്ങിയത്. സ്റ്റാംപ് ഡ്യൂട്ടിയിനത്തിൽ മാത്രം മുപ്പത് കോടി രൂപയാണ് അടച്ചത്.

മലബാർ ഹിൽ മേഖലയിലെ നാരായൺ ദബോൽക്കർ റോഡിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഒന്നരയേക്കര്‍ ഭൂമിയിലാണ് വീട്. മുംബൈയിലെ ഏറ്റവും വില കൂടിയ റസിഡന്‍ഷ്യല്‍ ഏരിയയാണിത്. ഇവിടത്തെ അപ്പാര്‍ട്‌മെന്റുകള്‍ക്ക് ചതുരശ്ര അടിക്ക് 70000-80000 രൂപയാണ് അടിസ്ഥാന വില കണക്കാക്കുന്നത്.

പ്രേംചന്ദ് റോയ്ചന്ദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം. നിലവിൽ അറ്റ്‌ലമൗണ്ട് റോഡിലെ പൃത്ഥ്വി അപ്പാർട്‌മെന്റിലാണ് ദമാനി സഹോദരങ്ങളും കുടുംബവും താമസിക്കുന്നത്.

2021ലെ ഹുരുൺ പട്ടിക പ്രകാരം ഇന്ത്യയിലെ എട്ടാമത്തെ അതിസമ്പന്നനാണ് രാധാകൃഷ്ണൻ ദമാനി. 14.5 ബില്യൺ ഡോളറാണ് ആസ്തി. 85 ബില്യൺ ഡോളറുമായി മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്.

ഡിമാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയാണ് ദമാനി. രാജ്യത്തുടനീളം ഇരുനൂറോളം സ്‌റ്റോറാണ് ഡി മാർട്ടിനുള്ളത്. മുപ്പത്തി അയ്യായിരം തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്. ബികോം പഠനം പൂർത്തിയാക്കാതെയാണ് അച്ഛൻ ശിവ്കിഷൻജി ദമാനിയുടെ പാത പിന്തുടർന്ന് രാധാകിഷൻ ദമാനി ബിസിനസിലേക്കിറങ്ങിയത്.

1956ൽ മുംബൈയിലാണ് ജനനം. മുംബൈ സബർബനിലെ ഒരു മുറി അപ്പാർട്ട്മെന്റിലായിരുന്നു ബാല്യം. കോളജിൽ കൊമേഴ്സ് പഠനത്തിന് ചേർന്നെങ്കിലും ആദ്യ വർഷം തന്നെ പഠിത്തം അവസാനിപ്പിച്ചു. 1980കളിൽ ഓഹരി വിപണിയിലെത്തി. 2002ലാണ് ഡി മാർട്ട് സ്റ്റോറുകൾ ആരംഭിച്ചത്. ആദ്യത്തെ ഒമ്പത് വർഷത്തിൽ ഒമ്പത് സ്റ്റോറുകൾ മാത്രമാണ് ആരംഭിച്ചത്. എന്നാൽ 2016ൽ മാത്രം 21 സ്റ്റോറുകൾ തുടങ്ങി. 2017ലാണ് അവന്യൂ സൂപ്പർ മാർക്കറ്റ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്.

കോവിഡിനെ നേരിടാനായി നൂറു കോടി രൂപയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story