Quantcast

മറഡോണയെപ്പോലെ അപൂർണനായ ജീനിയസ്; വോൺ എന്ന ലെഗ്‌സ്പിൻ ആർടിസ്റ്റ്

ജീവിതത്തിലും കളിയിലും മാറ്റങ്ങളൊന്നും വരുത്താതെത്തന്നെ ഡീഗോ മറഡോണയെപ്പോലെ അപൂർണനായ, കുറ്റവും കുറവുമുള്ള ജീനിയസ് എന്ന വിളിപ്പേര് എടുത്തണിഞ്ഞുകൊണ്ടാണ് നെടുവീർപ്പുകളോ കുറ്റബോധമോ ഇല്ലാതെ ഷെയ്ൻ വോൺ കടന്നുപോയത്

MediaOne Logo
മറഡോണയെപ്പോലെ അപൂർണനായ ജീനിയസ്; വോൺ എന്ന ലെഗ്‌സ്പിൻ ആർടിസ്റ്റ്
X

ലെഗ്‌സ്പിൻ ഒരു കലയാണ്. ലെഗ് സ്റ്റംപിലോ ലെഗ് സ്റ്റംപിനു പുറത്തോ പിച്ച് ചെയ്ത ശേഷം ടേൺ ചെയ്ത് ബാറ്റർക്കും കുറുകെ സഞ്ചരിക്കുന്ന ലെഗ് ബ്രേക്കുകൾ. അത്തരം പന്തുകളിൽ കബളിപ്പിക്കപ്പെടുന്ന ബാറ്ററുടെ മുഖത്തുനിന്ന് വായിച്ചെടുക്കാവുന്ന നിസ്സഹായത ബൗളർക്ക് നൽകുന്ന ആനന്ദം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറത്താണ്.

1992ൽ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം. സ്പിൻ കളിക്കുന്നതിൽ പ്രഗത്ഭരായ ഒരു ഇന്ത്യൻ ബാറ്റിങ് നിരയ്‌ക്കെതിരെയുള്ള അരങ്ങേറ്റത്തിൽ രവി ശാസ്ത്രിയുടെ ഡബിൾ സെഞ്ച്വറിയുടെ മുന്നിൽ തളർന്നുപോയൊരു യുവസ്പിന്നറുടെ കരിയർ അവിടെ തീരേണ്ടതാണ്. തീർന്നില്ല എന്നു മാത്രമല്ല, തിരിച്ചടികളിൽ പതറാതെ അതിജീവനത്തിനുള്ള മാർഗങ്ങൾ അനേഷിച്ചുകൊണ്ടേയിരു്‌നു അയാൾ. ആ ചെറുപ്പക്കാരനാണ് പിന്നീട് മങ്ങിപ്പോയിക്കൊണ്ടിരുന്ന ലെഗ് സ്പിന്നെന്ന ആർട്ടിനെ പുനരുജ്ജീവിപ്പിക്കുന്നത്. സ്വഭാവസവിശേഷതകളും പേസ് ബൗളർമാർ അരങ്ങുവാണിരുന്ന ആ കാലഘട്ടവും കണക്കിലെടുക്കുമ്പോൾ ഷെയ്ൻ വോണെന്ന ചാംപ്യൻ ലെഗ് സ്പിന്നറിലേക്കുള്ള ആ ചെറുപ്പക്കാരന്റെ യാത്ര ഒട്ടും അനായാസകരമായിരുന്നില്ല. ആ യാത്ര വോൺ പൂർത്തിയാക്കുമ്പോൾ ആയിരത്തിലധികം അന്താരാഷ്ട്ര വിക്കറ്റുകളാണ് അദ്ദേഹം സ്വന്തം പേരിൽ കുറിച്ചുകഴിഞ്ഞിരുന്നത്.


'നൂറ്റാണ്ടിന്റെ പന്ത്' വെറുമൊരു യാദൃച്ഛികതയായിരുന്നോ?

ഇടതു കൈയിലൊളിപ്പിച്ച പന്തുമായി നടന്നുതുടങ്ങുന്ന ലെഗ്ഗി. പന്ത് വലതു കൈയിലേക്ക് മാറുന്നു, വേഗതയാർന്ന രണ്ട് സ്റ്റെപ്പുകൾ. ഡെലിവറി പോയിന്റിലേക്ക്. നേരെ വരുന്നെന്നു തോന്നിപ്പിച്ച ശേഷം ബാറ്ററുടെ ലെഗ് സ്റ്റംപിനു പുറത്ത് ലാൻഡ് ചെയ്യുന്നൊരു ക്ലാസിക് ലെഗ് ബ്രേക്ക്. ഇടതുകാൽ പന്ത് പിച്ച് ചെയ്യുന്നിടത്തേക്ക് കയറ്റിവച്ച് ഒപ്പം ബാറ്റും പിടിച്ച് ഒരു പ്രോപർ ഡിഫൻസീവ് ഷോട്ട് കളിക്കുന്ന ബാറ്ററെയും അമ്പരപ്പിച്ചുകൊണ്ട് അസാധ്യമായി ടേൺ ചെയ്യുന്ന പന്ത്. ലെഗ് സ്റ്റംപിനു പുറത്തുനിന്ന് തിരിഞ്ഞ് ആ പന്ത് ബാറ്ററുടെ ഇടതുകാലിനെയും ബാറ്റിനെയും കടന്ന് ഓഫ് സ്റ്റംപ് തെറിപ്പിക്കുമ്പോൾ അവിടെ പിറന്നത് ചരിത്രമായിരുന്നു.

സ്പിന്നിനെതിരെ സാമാന്യം നല്ലൊരു ബാറ്ററായിരുന്നിട്ടും ആ ഡെലിവറിക്കുമുന്നിൽ തീർത്തും നിസ്സഹായനായിരുന്നു മൈക്ക് ഗാറ്റിങ്. ഇതുപോലൊരു പന്തെറിയാൻ ഇനിയും ആരെങ്കിലുമുണ്ടായേക്കാം. എങ്കിലും നൂറ്റാണ്ടിന്റെ ആ പന്ത് വെറുമൊരു യാദൃച്ഛികതയായിരുന്നുവെന്ന് തുറന്നടിക്കാൻ ഷെയ്ൻ വോണിനുമാത്രമേ സാധിക്കൂവെന്നു തോന്നുന്നു. അവിടെനിന്ന് പിന്നീടങ്ങോട്ട് ഷെയ്ൻ വോണെന്ന മാന്ത്രികനും ലെഗ് സ്പിൻ കലാകാരനും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

ഫാസ്റ്റ് ബൗളർമാർ ആധിപത്യം സ്ഥാപിച്ചൊരു കാലഘട്ടത്തിൽ ഷെയ്ൻ വോൺ ലെഗ് സ്പിന്നിനെ ഉയരങ്ങളിലേക്ക് നയിച്ചു. വസീം അക്രമിനെ മാറ്റിനിർത്തിയാൽ മറ്റൊരു ബൗളറും വോണിനെപ്പോലെ പന്തിനെയിങ്ങനെ സംസാരിപ്പിച്ചിട്ടുണ്ടാകില്ല എന്ന് തോന്നുന്നു. ആക്ഷനിൽനിന്നോ റിലീസ് പോയിന്റിൽനിന്നോ വായിച്ചെടുക്കാനാകാത്ത രീതിയിൽ കാര്യമായ വ്യത്യാസമില്ലാതെയാണ് വോണെന്ന ഇതിഹാസം തന്റെ ബൗളിങ് വേരിയേഷനുകളെ ഉപയോഗിച്ചുകൊണ്ടിരുന്നത്. ഗൂഗ്ലിയാണോ ലെഗ് സ്പിന്നറുടെ ഒരേയൊരായുധം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പന്തെറിയുന്നവരെ കണ്ടിരിക്കുമ്പോൾ പരമ്പരാഗത ലെഗ് ബ്രേക്കിനോപ്പം ഫ്‌ലിപ്പറും സൂട്ടറും ഉൾപ്പെടെ വ്യത്യസ്തമായ ഓപ്ഷനുകൾക്കിടയിലൊരു സർപ്രൈസിങ് ഡെലിവറിയായി മാത്രം ഗൂഗ്ലി ഉപയോഗിച്ചിരുന്ന വോൺ വേറിട്ടുതന്നെയാണ് നിൽക്കുന്നത്.


ലോകകിരീടത്തിലേക്ക് കുത്തിത്തിരിഞ്ഞ ഡെലിവറി

1999 ലോകകപ്പിന്റെ സൂപ്പർ സിക്സിൽ ജഡേജയും റോബിൻ സിങ്ങും കൈകാര്യംചെയ്തു വിട്ട വോണിനെ തൊട്ടടുത്ത മത്സരത്തിൽ സിംബാബ്വേയും പ്രഹരിച്ചുവിട്ടത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിരുന്നു. രണ്ടു കളിയിലുമായി ഒരു വിക്കറ്റ് മാത്രമെടുത്ത് 104 റൺസാണ് വോൺ വിട്ടുകൊടുത്തത്. സെമിഫൈനലിൽ ചെറിയൊരു സ്‌കോർ പ്രതിരോധിക്കാനിറങ്ങിയ ഓസീസ് ബൗളർമാരെ അനായാസം നേരിടുന്ന ഗിബ്‌സ്.

ആസ്ട്രേലിയ പരാജയം മുന്നിൽകണ്ടു നിൽക്കെ കരിയറിലെതന്നെ നിർണായകമായൊരു ഘട്ടത്തിൽ പന്ത് ഒരിക്കൽകൂടി ഷെയ്ൻ വോണിന്റെ കൈയികൽ. ഗിബ്‌സിനു കിട്ടുന്നതൊരു ഡ്രീം ഡെലിവറിയാണ്. ഓപൺ സ്റ്റാൻസ് എടുത്തുനിൽക്കുന്ന ഗിബ്‌സ് പന്ത് വോണിന്റെ കൈയിൽനിന്ന് റിലീസ് ചെയ്യുന്ന നിമിഷത്തിൽ ക്രീസിൽനിന്ന് പുറത്തിറങ്ങി ആക്രമിക്കാമെന്നാണ് മനസിൽകണ്ടത്. എന്നാൽ, ഗാറ്റിങ്ങിനു ലഭിച്ചതുപോലെ നേർരേഖയിലെന്ന് തോന്നിപ്പിച്ച ശേഷം ബാറ്ററുടെ ലെഗ്സ്റ്റംപിനു പുറത്തേക്കാണ് പന്ത് സഞ്ചരിച്ചത്. ഉടനെ ബാക്ക് ഫൂട്ടിലേക്ക് മാറി പന്ത് ഫ്‌ളിക്ക് ചെയ്യാൻ ശ്രമിക്കുന്ന ഗിബ്‌സിനെ ഞെട്ടിച്ചുകൊണ്ട് ലെഗ്സ്റ്റംപിന് പുറത്ത് പതിച്ച പന്ത് കുത്തിത്തിരിഞ്ഞ് ബാറ്റിനെ ഒഴിവാക്കി ഓഫ്സ്റ്റംപ് തെറിപ്പിക്കുമ്പോൾ ഷെയ്ൻ വോൺ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിലേക്കുള്ള വാതിൽ തുറന്നിരുന്നു.

ടെസ്റ്റിൽ എറിഞ്ഞ നൂറ്റാണ്ടിന്റെ പന്തിനെ അനുസ്മരിപ്പിക്കുന്ന ഒരു ഡെലിവറി ഏകദിന ക്രിക്കറ്റിലും ആവർത്തിക്കുകയായിരുന്നു. സെമിയിൽ നാലുവിക്കറ്റുകൾ വീഴ്ത്തിയ സ്വപ്നതുല്യ പ്രകടനം ഫൈനലിൽ പാകിസ്താനെതിരെയും വോൺ ആവർത്തിച്ചപ്പോൾ ആസ്ട്രേലിയ ലോകകിരീടത്തിൽ മുത്തമിട്ടു.


ആസ്‌ട്രേലിയയ്ക്ക് നഷ്ടമായ നായകൻ

അസാധാരണമായൊരു ക്രിക്കറ്റിങ് ബ്രെയിനാണ് വോൺ. ശരിക്കും ആസ്ട്രേലിയയ്ക്കു നഷ്ടമായൊരു നായകൻ. ആക്രമണോത്സുക ക്രിക്കറ്റ് ശൈലി പിന്തുടരുന്നയാൾ, പുത്തൻ പരീക്ഷണങ്ങൾക്ക് എപ്പോഴും സന്നദ്ധൻ, സഹതാരങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നയാൾ. എല്ലാത്തിനും മീതെ കളിയെ വായിക്കാൻ ഏറ്റവും മിടുക്കൻ. അതൊക്കെയായിരുന്നു ഷെയ്ൻ വോൺ. ഐ.പി.എല്ലിലെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ യുവനിരയെ വിജയത്തിലേക്കു നയിച്ചത് ആസ്ട്രേലിയയ്ക്ക് നഷ്ടമായതെന്തായിരുന്നുവെന്ന ഓർമപ്പെടുത്തലായിരുന്നു.

തനിക്കെന്ത് സാധിക്കുമായിരുന്നെന്ന് ആസ്ട്രേലിയയെ 11 ഏകദിനങ്ങളിൽ നയിച്ച് പത്തിലും വിജയംവരിച്ച ചെറിയ കാലയളവിൽ വോണ് കാട്ടിക്കൊടുത്തിരുന്നതാണ്. മാർക്ക് ടെയ്ലർക്കുശേഷം നേരെ വോണിലേക്ക് പോകേണ്ടിയിരുന്ന നായകപദവി സ്റ്റീവ് വോയിലേക്ക് ചെന്നെത്തുന്നതിനു പിന്നിൽ ഷെയ്ൻ വോണെന്ന പ്രതിഭയുടെ കളിക്കളത്തിനു പുറത്തെ കുത്തഴിഞ്ഞ ജീവിതത്തിനും നിർണായക പങ്കുണ്ട്. ഒരുപക്ഷെ ആസ്ട്രേലിയയുടെ നായകനായിരുന്നെങ്കിൽ നിയന്ത്രണങ്ങളെ വെറുത്തിരുന്ന, വിട്ടുവീഴ്ചകളോട് സന്ധി ചെയ്യാതിരുന്ന ഷെയ്ൻ വോണെന്ന ക്യാരക്ടറിന് ആ പദവിയിൽ തുടരാനും ഇന്നത്തെ ജീനിയസിലേക്ക് എത്തിപ്പെടാനും സാധിക്കുമായിരുന്നോ എന്ന ചോദ്യവും ഉയർന്നേക്കാം.

ലോകമെമ്പാടുമുള്ള ബാറ്റർമാരെ വട്ടംകറക്കുമ്പോഴും ഇന്ത്യ ചാംപ്യൻ സ്പിന്നർക്കുമുന്നിൽ കീഴടങ്ങാതെയാണ് നിന്നത്. കരിയർ ബൗളിങ് ആവറേജ് 25ൽ നിൽക്കുന്നൊരു ബൗളറുടെ ഇന്ത്യയ്‌ക്കെതിരെയുള്ള ആവറേജ് 47നുമുകളിലായിരുന്നുവെന്നത് വോണിന്റെ കാലഘട്ടത്തിലെ ഇന്ത്യൻ ബാറ്റിങ്‌നിരയുടെ സ്പിൻ കളിക്കുന്നതിലെ വൈദഗ്ധ്യം എടുത്തുകാട്ടുന്നതാണ്. വോണിന്റെ കരിയറിലെ 37 അഞ്ചു വിക്കറ്റ് നേട്ടങ്ങളിൽ ഒന്നുമാത്രമാണ് ഇന്ത്യയ്‌ക്കെതിരെയുള്ളത്. അതുമാത്രവുമല്ല, ഒരൊറ്റ 10 വിക്കറ്റ് നേട്ടവും ഇന്ത്യയ്‌ക്കെതിരെയില്ല. നവ്ജ്യോത് സിങ് സിദ്ദുവും മുഹമ്മദ് അസ്ഹറും സച്ചിൻ ടെണ്ടുൽക്കറും വി.വി.എസ് ലക്ഷ്മണും രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും പല കാലഘട്ടങ്ങളിലായി അണിനിരന്ന ലോകോത്തര ബാറ്റിങ്‌നിര ഷെയ്ൻ വോണെന്ന ചാംപ്യൻ സ്പിന്നറെ ഓരോ പരമ്പരയിലും മെരുക്കിക്കൊണ്ടിരുന്നു.


നിയമസംഹിതകളെ നിരാകരിച്ച പ്രതിഭ

നിയമസംഹിതകളെ നിരാകരിച്ചുകൊണ്ടുമാത്രം കളിച്ച വോൺ ഒരിക്കൽ പോലും തനിക്ക് ചേരാത്ത മാന്യതയുടെ മൂടുപടം എടുത്തണിഞ്ഞു വിശുദ്ധനാകാൻ തുനിഞ്ഞിരുന്നില്ല. ലൈംഗിക, ഉത്തേജകമരുന്ന്, വാതുവയ്പ്പ് വിവാദങ്ങളും കളിക്കളത്തിലെ മോശം പെരുമാറ്റവും, എന്നുവേണ്ട സാധ്യമായ എല്ലാത്തരം വിവാദങ്ങളുടെയും കേന്ദ്രബിന്ദുവാകുമ്പോഴും വോണിന്റെ വിരലുകളിലെ മാന്ത്രികതയ്ക്കു മാത്രം മങ്ങലേറ്റിരുന്നില്ല.

ഫീൽഡിന് അകത്തും പുറത്തും തന്റെ പ്രസാദാത്മകത കൈവിടാതിരുന്ന വോൺ കരിയറിന്റെ തുടക്കംമുതൽ ഒടുക്കംവരെയും സദാചാരത്തിന്റെ ചട്ടക്കൂടുകൾ ലംഘിച്ചുകൊണ്ടേയിരുന്നു. എല്ലാത്തിനുമപ്പുറം ദുർബലമായൊരു വ്യക്തിത്വത്തെ തകർത്തുകളയുന്ന സംഭവങ്ങൾ നിറഞ്ഞൊരു കരിയറിന്റെ അവസാനം വിജയിച്ചത് വോണിന്റെ ജീനിയസ് തന്നെയായിരുന്നു. അത് അയാളുടെ പ്രതിഭയ്‌ക്കൊപ്പം സമാന്തരമായി തന്നെ സഞ്ചരിച്ച മനക്കരുത്തിന്റെ കൂടെ അടയാളമാണ്.

റിക്കി പോണ്ടിങ്ങിനു സാധിച്ചതുപോലെ മുടിയനായ പുത്രനിൽനിന്ന് അച്ചടക്കമുള്ളൊരു ക്രിക്കറ്ററിലേക്കുള്ള പരിവർത്തനത്തിനൊന്നും ഷെയ്ൻ വോണിന് സാധ്യമാകുമായിരുന്നില്ല. ജീവിതത്തിലും കളിയിലും മാറ്റങ്ങളൊന്നും വരുത്താതെത്തന്നെ ഡീഗോ മറഡോണയെപ്പോലെ അപൂർണനായ, കുറ്റവും കുറവുമുള്ള ജീനിയസ് എന്ന വിളിപ്പേര് എടുത്തണിഞ്ഞുകൊണ്ടാണ് നെടുവീർപ്പുകളോ കുറ്റബോധമോ ഇല്ലാതെ ഷെയ്ൻ വോൺ കടന്നുപോയതും. Good Bye, Warnie..

Summary: A flawed genius like Maradona; the leg-spin artist- Shane Warne obituary

TAGS :

Next Story