Quantcast

ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍: പാരമ്പര്യ പണ്ഡിത നിരയിലെ വേറിട്ട മുഖം

നിറഞ്ഞ പാണ്ഡിത്യത്തിന്റെയും തികഞ്ഞ സൗമ്യതയുടെയും നേര്‍പരിച്ഛേദമായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍

MediaOne Logo
ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍: പാരമ്പര്യ പണ്ഡിത നിരയിലെ വേറിട്ട മുഖം
X

മലബാറിലെ പാരമ്പര്യ പണ്ഡിതനിരയില്‍ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററുമായിരുന്നു ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍. സമസ്തയുടെ പണ്ഡിത സഭയില്‍ ഏറ്റവും പ്രായം ചെന്ന പണ്ഡിതനായിരുന്നു അദ്ദേഹം. നിറഞ്ഞ പാണ്ഡിത്യത്തിന്റെയും തികഞ്ഞ സൗമ്യതയുടെയും നേര്‍പരിച്ഛേദമായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍. പ്രമുഖ മുസ്‌ലിം കുടിയേറ്റ പ്രദേശമായ നാദാപുരത്തിനടുത്ത ചേലക്കാട്ട് 1932-ല്‍ പ്രമുഖ പണ്ഡിതനും അരനൂറ്റാണ്ട് കാലം വയനാട് ജില്ലയിലെ വാളാട് മഹല്ല് ഖാസിയുമായിരുന്ന കുളമുള്ളതില്‍ അബ്ദുള്ള മുസ്‍ലിയാരുടെയും കുഞ്ഞാമിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പിതാവില്‍ നിന്നു തന്നെ മതപഠനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തു. ശേഷം മതപഠന സപര്യയിലേക്കു തിരിഞ്ഞു.

നീണ്ട 17 വര്‍ഷം മലബാറിലെ പ്രമുഖ പള്ളി ദര്‍സുകളില്‍ ഓതിത്താമസിച്ചു. അക്കാലത്തെ പ്രമുഖ പള്ളി ദര്‍സുകള്‍ നിലനിന്നിരുന്ന നാദാപുരം, പാറക്കടവ്, ചെമ്മങ്കടവ്, പൂക്കോത്ത്, വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജ്, മലപ്പുറം മേല്‍മുറി പൊടിയാട് എന്നിവിടങ്ങളില്‍ പ്രമുഖ പണ്ഡിതരായിരുന്ന മുഹമ്മദ് ശീറാസി മുസ്‌ലിയാര്‍, മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാര്‍, പടിഞ്ഞാറയില്‍ മുഹമ്മദ് മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍, കൂട്ട്യാലി മുസ്‌ലിയാര്‍, കീഴനഓര്‍ എന്ന പേരില്‍ പ്രസിദ്ധനായ കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരാണ് ദര്‍സ് ജീവിതത്തിലെ ഗുരുവര്യന്‍മാര്‍. ശേഷം 1960ല്‍ പ്രസിദ്ധ മതകലാലയമായ വെല്ലൂര്‍ ബാഖിയാത്തില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. ശൈഖ് ഹസന്‍ ഹസ്‌റത്ത്, സമസ്ത കേരള ജ്ംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായിരുന്ന കെ.കെ അബൂബക്കര്‍ ഹസ്‌റത്ത് എന്നിവര്‍ വെല്ലൂരിലെ ഉസ്താദുമാരായിരുന്നു. പ്രമുഖ പണ്ഡിതരായ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അവേലത്ത് തങ്ങള്‍, പി കുഞ്ഞാണി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ വെല്ലൂര്‍ ബാഖിയാത്തിലെ സഹപാഠികളാണ്.


നീണ്ടകാലത്തെ മതപഠനത്തിനിടയില്‍ ഇസ്‍ലാമിക കര്‍മശാസ്ത്രം, വ്യാകരണ ശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയ മേഖലകളില്‍ വ്യൂല്‍പത്തി നേടിയ മുഹമ്മദ് മുസ്‌ലിയാര്‍, സ്വദേശമായ ചേലക്കാട് ജുമാമസ്ജിദില്‍ മുദരിസായി അധ്യാപനത്തിന് തുടക്കം കുറിച്ചു. പിന്നീട് കണ്ണൂര്‍ തായിനേരി, പയ്യന്നൂര്‍, കൊളവല്ലൂര്‍, കമ്പില്‍, മാടായി, ഇരിക്കൂര്‍, കണ്ണാടിപ്പറമ്പ്, അണ്ടോണ, ചിയ്യൂര്‍, വാരാമ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളില്‍ മതാധ്യാപനം നടത്തി. ശേഷം 11 വര്‍ഷം സമസ്തയുടെ പ്രമുഖ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ സേവനം ചെയ്തു. ഇക്കാലത്ത് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുല്ലൈലി, സമസ്ത കേന്ദ്ര കൂടിയാലോചന സമിതി അംഗം ഇ.എസ് ഹസന്‍ ഫൈസി എറണാകുളം, ഓണംപിള്ളി മുഹമ്മദ് ഫൈസി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി തുടങ്ങിയ പ്രമുഖര്‍ അവിടെ വിദ്യാര്‍ഥികളായിരുന്നു. ശേഷം നന്തി ദാറുസ്സലാം അറബി കോളേജ്, മടവൂര്‍ ജാമിഅ: അശ്അരിയ്യ, വാഫി കോളേജ് ചൊക്ലി, തുവ്വക്കുന്ന് യാമാനിയ്യ അറബി കോളേജ്, തളിപ്പറമ്പ് അസ്ഹരിയ്യ അറബി കോളേജ് വടകര ജുമാമസ്ജിദ് വാഫി കോളേജ് നാദാപുരം എന്നിവിടങ്ങളില്‍ മതാധ്യാപനം നടത്തി. ആറു പതിറ്റാണ്ടു കാലം അധ്യാപനം നടത്തിയ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ സ്‌നേഹധന്യനായ ഗുരുനാഥനായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ട് വിദ്യാര്‍ഥികളെ തന്നിലേക്കടുപ്പിച്ച അദ്ദേഹം, കര്‍മശാസ്ത്ര രംഗത്തെ തലയെടുപ്പുള്ള പണ്ഡിതനായിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുമായി ചെറുപ്രായത്തില്‍ തന്നെ ബന്ധപ്പെട്ടു തുടങ്ങിയ അദ്ദേഹം, സമസ്തയുടെ ചരിത്രത്തിലെ നാഴികക്കല്ലായ 1951ലെ വടകര സമ്മേളനത്തില്‍ പങ്കെടുത്തു. ഈ സമ്മേളനത്തിലാണ് സമസ്തക്കു കീഴില്‍ ഔദ്യോഗികമായി മദ്‌റസാ പ്രസ്ഥാനം പ്രഖ്യാപിക്കപ്പെട്ടത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമായ ഈ സമ്മേളനത്തെ കുറിച്ചുള്ള ഓര്‍മകള്‍ വലിയ ആവേശത്തോടെയാണ് മുഹമ്മദ് മുസ്ലിയാര്‍ ജീവിത കാലത്ത് ഓര്‍ത്തെടുത്തിരുന്നത്. ദീര്‍ഘകാലം സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം പാറന്നൂര്‍ ഇബ്രാഹീം മുസ്‌ലിയാര്‍ക്ക് ശേഷം സമസ്ത ജില്ലാ പ്രസിഡന്റായി. 2004-ല്‍ സമസ്ത കേന്ദ്ര മുശാവറ(കൂടിയാലോചനാ സമിതി)യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സമസ്ത ട്രഷററായിരുന്ന സി.കെ.എം സാദിഖ് മുസ്‌ലിയാരുടെ നിര്യാണത്തോടെ 2020 മെയില്‍ ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍ സമസ്തയുടെ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.

വൈജ്ഞാനിക രംഗത്ത് നീണ്ട ആറു പതിറ്റാണ്ടു കാലം നിറഞ്ഞു നിന്ന മുഹമ്മദ് മുസ്‌ലിയാരുടെ ഫോക്കസ് ഏരിയ ഇസ്‍‍ലാമിക കര്‍മശാസ്ത്രം തന്നെയായിരുന്നു. ശാഫിഈ കര്‍മശാസ്ത്ര ധാരയിലെ മിക്ക ടെക്സ്റ്റുകളും മന:പാഠമുണ്ടായിരുന്ന അദ്ദേഹം, മതപരമായ സംശയ നിവാരണങ്ങള്‍ക്ക് തന്നെ സമീപിക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു മറുപടി നല്‍കിയിരുന്നത്. അതിനാല്‍ തന്നെ, നിരവധി ആളുകള്‍ ഫത്‌വ(മതവിധ)കള്‍ തേടി അദ്ദേഹത്തിന്റെ വീട്ടിലും സേവന കേന്ദ്രങ്ങളിലുമെത്തി. ഏറെ സങ്കീര്‍ണമായ അനന്തരാവകാശ നിയമം, കുടുംബ വ്യവഹാര നിയമങ്ങള്‍, വഖ്ഫ് നിയമങ്ങള്‍ എന്നിവയില്‍ കാലങ്ങളായി നാദാപുരം മേഖലയില്‍ അവസാന വാക്ക് മുഹമ്മദ് മുസ്‌ലിയാരായിരുന്നു. വലിയ വായനപ്രിയനായ അദ്ദേഹത്തിന് വിവിധ ഭാഷാസാഹിത്യങ്ങളടങ്ങുന്ന ഒരു ബൃഹത് ലൈബ്രറി തന്നെ സ്വന്തമായുണ്ടായിരുന്നു. മത സംവാദങ്ങളില്‍ അതീവ തല്‍പരനായിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍.


പഴയ കാലത്തെ നാദാപുരം, കുറ്റ്യാടി, കോഴിക്കോട്, കുറ്റിച്ചിറ പ്രദേശങ്ങളില്‍ നടന്ന സംവാദങ്ങള്‍ക്ക് സാക്ഷിയായി. പ്രമാദമായ നാദാപുരം സംഭവങ്ങളുടെ കാലത്തെല്ലാം നാട്ടില്‍ ശാന്തിയും സമാധാനവും പുന:സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം. വിവിധ മത വിഭാഗങ്ങളും വ്യത്യസ്ത സംഘടനാ പ്രവര്‍ത്തകരുമുള്ള നാദാപുരം, കുറ്റ്യാടി മേഖലയില്‍ സര്‍വ സ്വീകാര്യനായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ആളുകളോടും സൗഹാര്‍ദത്തോടെ സമീപിച്ചിരുന്ന അദ്ദേഹം, നാദാപുരത്തെ ഓറുമാരുടെ (നാദാപുരം മേഖലയില്‍ പണ്ഡിതരെ ആദര സൂചകമായി ചേര്‍ത്തു വിളിക്കുന്ന പ്രയോഗം) അവസാന കണ്ണിയായിരുന്നു അദ്ദേഹം. പ്രമുഖ പണ്ഡിതായിരുന്ന കെ സദഖത്തുള്ള മൗലവി സ്ഥാപിച്ച സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശക്തി കേന്ദ്രമായ നാദാപുരത്തും പരിസര പ്രദേശങ്ങളിലും സംഘടനാ തര്‍ക്കങ്ങളുടെ പരിഹാര കേന്ദ്രം കൂടിയായിരുന്നു ചേലാക്കാട് മുഹമ്മദ് മുസ്‍ലിയാര്‍.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിഭാവനം ചെയ്യുന്ന മധ്യമ നിലപാടുകള്‍ ജീവിതത്തിലുടനീളം പാലിച്ചു പോന്ന അദ്ദേഹം, അവസാന കാലത്ത് സമസ്തയുടെ മത-ഭൗതിക വിദ്യാഭ്യാസ സംരംഭമായ വാഫി സംവിധാനത്തിന്റെ അസിസ്റ്റന്റ് റെക്ടറും തിരുവള്ളൂര്‍ മാലിക് ദീനാര്‍ വാഫി പി.ജി കാമ്പസ് ഡീനുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

നാദാപുരം മേഖലയില്‍ പ്രസിദ്ധമായ മാറിയ ഉറുദി (റമസാനിലെ പ്രത്യേക മതപഠന രീതി)യുടെ വലിയ പ്രചാരകനായിരുന്നു അദ്ദേഹം. റമസാനില്‍ പള്ളികളില്‍ ചെന്ന് കര്‍മശാസ്ത്ര സംബന്ധിയായ ക്ലാസുകള്‍ക്ക് അദ്ദേഹം കിടപ്പിലാകുന്ന കാലം വരെ മുടക്ക് വരുത്തിയില്ല. കൗമാര പ്രായത്തില്‍ തുടങ്ങിയ ഈ ശീലം അദ്ദേഹം മുക്കാല്‍ നൂറ്റാണ്ടോളം തുടര്‍ന്നു എന്നതാണ് ഏറെ അതിശയം. മത രംഗത്ത് പഴമ കൈവിടാതെ പുതുമ ഉള്‍കൊള്ളാന്‍ എല്ലാ കാലത്തും അദ്ദേഹം ഉപദേശിക്കുകയും അതിനായി മുന്നിട്ടിറങ്ങുകയും ചെയ്തു. കൂടെ കടത്തനാട്ടില്‍ സമസ്തയുടെ സംഘടനാ രംഗം ശക്തിപ്പെടുത്താന്‍ ശക്തിയായി നിലകൊണ്ടു. ഇതിന്റെ ഭാഗമായി നാദാപുരത്ത് സ്ഥാപിക്കപ്പെട്ട ജാമിഅ: ഹാശിമിയ്യ അറബി കോളേജ് സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കാണ് ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍ വഹിച്ചത്.

TAGS :

Next Story