കേരള ഹൈക്കോടതി മുൻ ജഡ്ജി എസ്.സിരി ജഗൻ അന്തരിച്ചു
ഇന്നലെ രാത്രി ഒമ്പതരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

എറണാകുളം: കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.സിരി ജഗൻ (74) അന്തരിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ആഴ്ചയായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2005 മുതൽ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം നിയമരംഗത്ത് ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
കൊല്ലം മയ്യനാട് സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമബിരുദവും കുസാറ്റിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1970കളിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 2005ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. ഒമ്പത് വർഷത്തെ നീണ്ട സേവനത്തിന് ശേഷം 2014ൽ വിരമിച്ചു.
NUALS മുൻ വൈസ് ചാൻസിലർ ആയും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഹൈക്കോടതി നിയോഗിച്ച ശബരിമല ഹൈപവർ കമ്മിറ്റിയുടെ ചെയർമാനാണ്. തെരുവുനായ ആക്രമണ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി രൂപീകരിച്ച സിരിജഗൻ കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു.
Adjust Story Font
16

