Quantcast

ഇന്ത്യയുടെ സ്വര്‍ണനക്ഷത്രത്തിന് വയസ്സ് വെറും 23; നീരജ് ചോപ്ര പൊളിയാണ്

ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ആകാശത്ത് നീരജ് ചോപ്ര ഇനി സ്വര്‍ണനക്ഷത്രമായി തിളങ്ങും

MediaOne Logo

Web Desk

  • Updated:

    2021-08-07 12:40:18.0

Published:

7 Aug 2021 12:38 PM GMT

ഇന്ത്യയുടെ സ്വര്‍ണനക്ഷത്രത്തിന് വയസ്സ് വെറും 23; നീരജ് ചോപ്ര പൊളിയാണ്
X

കൊള്ളിയാൻ പോലെ പാഞ്ഞ ആ ജാവലിൻ ഇന്ത്യയുടെ ഹൃദയത്തിലേക്കായിരുന്നു. 130 കോടി പേരുടെ ഹൃത്തടങ്ങളിലേക്ക്. ഒളിംപിക്‌സ് അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിൽ ഇന്ത്യയിലേക്കിതാ, ഒരു സ്വർണപ്പതക്കം. അതെറിഞ്ഞെടുത്തത് ഒരിരുപത്തിമൂന്നുകാരൻ പയ്യൻ, നീരജ് ചോപ്ര!

ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ആകാശത്ത് നീരജ് ചോപ്ര ഇനി സ്വർണനക്ഷത്രമായി തിളങ്ങുമെന്ന് തീര്‍ച്ച. ഹരിയാനയിലെ സോനിപ്പത്തിൽ നിന്നുള്ള ചെറുപ്പക്കാരൻ ടോക്യോയിൽ ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ വലിയ കഥയുണ്ട്. പതിനൊന്നാം വയസ്സു മുതല്‍ തുടങ്ങിയ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും കഥ.

പാനിപ്പത്തിലെ കന്ദ്ര ഗ്രാമത്തിൽ 1997 ഡിസംബർ 24നാണ് നീരജിന്റെ ജനനം. അച്ഛൻ സതീഷ് ചോപ്ര. മകൻ ലോകവേദിയില്‍ സ്വർണം നേടുമെന്ന് സതീഷിന് സംശയമേതുമില്ലായിരുന്നു. 'സ്വർണമായിരുന്നു അവന്റെ ലക്ഷ്യം. അവൻ കോൺഫിഡന്റായിരുന്നു' - അച്ഛൻ പറയുന്നതിങ്ങനെ. കഴുത്തില്‍ സ്വര്‍ണമണിഞ്ഞെത്തുന്ന നീരജിനെ ആഘോഷപൂര്‍വ്വം വരവേല്‍ക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

ചെറുപ്പത്തിൽ പൊണ്ണത്തടിയനായിരുന്നു നീരജ്. പതിനൊന്നാം വയസ്സിൽ തന്നെ ശരീരഭാരം 90 കിലോ വരെയെത്തി.ഇതോടെ വീട്ടുകാർ അവനെ പാനിപ്പത്തിലെ സായ് ജിമ്മിലേക്കയച്ചു. കന്ദ്രയിൽ നിന്ന് 15 കിലോമീറ്റർ അകലെ ആയിരുന്നു ജിം. കുട്ടി കുറച്ചു ഭാരം കുറയട്ടെ എന്നതു മാത്രമായിരുന്നു വീട്ടുകാരുടെ ചിന്ത. ഇതോടെ ജാവലിന്‍ പരിശീലനവും ആരംഭിച്ചു.



തടി കുറയുകയും ജാവലിനിൽ ശ്രദ്ധ വയ്ക്കുകയും ചെയ്ത ചോപ്ര ചുരുങ്ങിയ കാലയളവിൽ രാജ്യാന്തര ശ്രദ്ധ നേടി. 2016ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ 82.23 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡിന് ഒപ്പമെത്തി. 2016ൽ ഐഎഎഫ് വേൾഡ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ജൂനിയർ തലത്തിൽ ലോകറെക്കോർഡിട്ടു. എന്നാൽ 2016ൽ സമ്മർ ഒളിംപിക്‌സിലേക്ക് താരത്തിന് യോഗ്യത നേടാനായില്ല.

2017 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 85.23 മീറ്റർ എറിഞ്ഞ് സ്വർണം നേടി. 2018ൽ ദോഹ ഡയമണ്ട് ലീഗിൽ 87.43 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോർഡ് തകർത്തു. ഇതേ വർഷം ഏഷ്യൻ ഗെയിംസിൽ നേടിയ 88.06 മീറ്ററാണ് കരിയർ ബെസ്റ്റ്.

ഈ വർഷം ഫിൻലൻഡിൽ നടന്ന കൗർടനെ ഗെയിംസിൽ സ്വർണം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് നീരജ് ടോക്യോയിലേക്ക് വിമാനം കയറിയത്. ഇതിഹാസ അത്‌ലറ്റുകളായ മിൽഖ സിങ്, പി.ടി ഉഷ എന്നിവർക്ക് എത്തിപ്പിടിക്കൻ കഴിയാതെ പോയ നേട്ടമാണ് നീരജ് കൈപ്പിടിയിലൊതുക്കിയത്.

TAGS :

Next Story