Quantcast

പി.ആർ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഡോ. ഷംഷീർ വയലിൽ

ഒളിമ്പിക് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ കോട്ടകാത്ത ശ്രീജേഷിന് രാജ്യമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നതിനിടെയാണ് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    9 Aug 2021 3:47 AM GMT

പി.ആർ  ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഡോ. ഷംഷീർ വയലിൽ
X

ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡൽ നേടിത്തന്നതിൽ നെടുംതൂണായ മലയാളി താരം പി.ആർ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് യുവ പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ.

ഒളിമ്പിക് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ കോട്ടകാത്ത ശ്രീജേഷിന് രാജ്യമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നതിനിടെയാണ് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്. ടോക്യോയിൽ ജർമ്മനിക്കെതിരായ വെങ്കല മെഡൽ വിജയത്തിൽ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്റെ മിന്നും പ്രകടനത്തിനും ഹോക്കിയിലെ സമർപ്പണത്തിനുമുള്ള അംഗീകാരമായാണ് പാരിതോഷികം.

ബിസിസിഐ അടക്കമുള്ള കായിക സമിതികൾ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാരിതോഷികമാണ് ഡോ ഷംഷീർ പ്രഖ്യാപിച്ച ഒരു കോടി രൂപ. ടോക്യോയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ശ്രീജേഷിനെ ദുബായിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടാണ് ഡോ. ഷംഷീർ സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്.

ടീമിന്റെ ചരിത്ര വിജയത്തിൽ അഭിനന്ദനമർപ്പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടന മികവ് രാജ്യത്തെ ഹോക്കിയിലെ പുതു തലമുറയ്ക്കും വരും തലമുറകൾക്കും പ്രചോദനമാകുമെന്നു പ്രതീക്ഷ പങ്കുവച്ചു.

"മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാന മുഹൂർത്തമാണ് ശ്രീജേഷ് സമ്മാനിച്ചത്. ഒരു മലയാളിയെന്ന നിലയിൽ ഈ നേട്ടത്തിൽ എനിക്കും അഭിമാനമുണ്ട്." ഹോക്കിയിൽ രാജ്യത്തിനുള്ള താൽപ്പര്യം വർദ്ധിപ്പിക്കാൻ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിന്റെയും സഹ താരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീ യുവാക്കളെ തുടർന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മലയാളിയിൽ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണെന്നായിരുന്നു സുഹൃത്തുക്കൾക്കും മാധ്യമപ്രവർത്തകർക്കുമായി ടോക്കിയോയിൽ നിന്ന് പങ്കുവച്ച ശബ്ദസന്ദേശത്തിൽ ശ്രീജേഷിന്റെ പ്രതികരണം. "ഡോ. ഷംഷീറിന്റെ ഫോൺ കോൾ പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം നന്ദി. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സർപ്രൈസാണ്. കാരണം ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ. അത് പാരിതോഷികമായി നൽകുന്നുവെന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്," ശ്രീജേഷ് പറഞ്ഞു.

അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വിപിഎസ് ഹെൽത്ത്കെയർ പ്രതിനിധികൾ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഒരു കോടിരൂപ പാരിതോഷികം കൈമാറും.

TAGS :

Next Story