മലബാർ:വിദ്യാഭ്യാസ അവകാശവും ഇരട്ട സമീപനങ്ങളും

വർഷങ്ങളായി തെക്കൻ ജില്ലകളിൽ ഹയർ സെക്കൻ്ററി സീറ്റുകൾ അധികമായി ഒഴിഞ്ഞു കിടക്കുമ്പോൾ തന്നെയാണ് മലബാർ ജില്ലകളിൽ മതിയായ അവസരമില്ലാതെ വിദ്യാർഥികളുടെ പഠനാവസരങ്ങൾ നഷ്ടപ്പെടുന്നത്

MediaOne Logo

കെ.എം.ഷഫ്റിൻ

  • Updated:

    2021-10-05 11:39:39.0

Published:

5 Oct 2021 11:38 AM GMT

മലബാർ:വിദ്യാഭ്യാസ അവകാശവും ഇരട്ട സമീപനങ്ങളും
X

"ആഗ്രഹിച്ച കോഴ്സിൽ ചേർന്ന് പഠിക്കാനാണ് വീടിനടുത്തുള്ള സ്കൂളിൽ അപേക്ഷ നൽകിയത്. ട്രയൽ അലോട്ട്മെൻ്റിന് ശേഷം ഫസ്റ്റ് അലോട്ട്മെൻറും കഴിഞ്ഞെങ്കിലും ഇതുവരെയും സീറ്റ് ലഭിച്ചിട്ടില്ല. റാങ്ക് ലിസ്റ്റ് കാണുമ്പോൾ ഇനിയുള്ള പ്രതീക്ഷകൾ കൂടി അവസാനിക്കുകയാണ്." ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചിട്ടും ഉദ്ദേശിച്ച കോഴ്‌സിൽ പ്ലസ് വൺ പ്രവേശനം നേടാനാവാതെ മലപ്പുറം ജില്ലാ കലക്ടറെ സന്ദർശിച്ച് വിഷയം ശ്രദ്ധയിൽ പെടുത്തിയ ഒരു വിദ്യാർത്ഥിയുടെ വാക്കുകളാണിത്. മലബാറിലെ വിദ്യാർഥികളിൽ ഒരാളുടെ മാത്രം അനുഭവമോ വാക്കുകളോ അല്ലിത്. നന്നായി പഠിച്ച് മികച്ച വിജയം നേടിയിട്ടും, തുടരുന്ന സർക്കാർ ധാർഷ്ട്യത്തിനു മുന്നിൽ അവസരം നിഷേധിക്കപ്പെട്ട് പ്രയാസപ്പെടുന്ന മലബാർ ജില്ലകളിലെ നിരവധി വിദ്യാർഥികളുടെ നൊമ്പരമാണിത്.

മലബാർ എന്ന ഇര

ചരിത്ര വിജയവുമായാണ് സംസ്ഥാനത്തെ ഇക്കഴിഞ്ഞ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നത്. റെക്കോർഡ് വിജയശതമാനത്തോടൊപ്പം കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും മുമ്പെങ്ങുമില്ലാത്ത വിധം മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണവും വർധിച്ചു. കോവിഡിനെ തോൽപിച്ച് നേടിയ ചരിത്ര വിജയത്തിൽ നാം ആഹ്ലാദം പൂണ്ടു. എന്നാൽ, ഉന്നത വിജയം നേടിയ മലബാർ ജില്ലകളിലെ വിദ്യാർഥികളുടെ ആഹ്ലാദങ്ങൾക്കും ആഘോഷങ്ങൾക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. തുടർ പഠന രംഗത്ത് നിലനിൽക്കുന്ന വിവേചന യാഥാർത്ഥ്യങ്ങൾ നിരാശയുടെ വലിയ ആഴങ്ങളിലേക്ക് അവരെ നയിക്കുന്നതായിരുന്നു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് ഈ വർഷവും ഒരു മാറ്റവുമുണ്ടായിട്ടില്ല. എന്നുമാത്രമല്ല, വിജയികളുടെ എണ്ണം മുൻവർഷത്തേക്കാൾ കൂടുതലായതിനാൽ ഈ പ്രതിസന്ധിയുടെ രൂക്ഷത പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ പത്തു വർഷത്തിലധികമായി പത്താംക്ലാസ് വിജയിച്ച മലബാർ ജില്ലകളിലെ എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റ് ലഭിക്കുന്നില്ലെന്ന പ്രതിസന്ധി തുടർന്നുകൊണ്ടേയിരിക്കുന്നു. ഓരോ വർഷവും മികച്ച വിജയം നേടുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ഉപരിപഠനത്തിന് അവസരം നിഷേധിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ടാകുന്നു. മലബാറിലെ ഓരോ ജില്ലകളിലുമായി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് സീറ്റില്ലാതെ പുറത്താക്കപ്പെടുന്നത്. വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ അവകാശങ്ങളോട് മാറിമാറിവരുന്ന സർക്കാറുകൾ തുടർന്നുപോരുന്ന കൊടും വഞ്ചനയുടെ ഉദാഹരണമാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എ പ്ലസ് നേട്ടമുണ്ടാക്കിയ മലപ്പുറം ജില്ലയിലെ വിദ്യാർഥികളാണ് ഈ വിവേചനത്തിൻ്റെ ഏറ്റവും വലിയ ഇരകൾ.

കൃത്യമായ കണക്കുകൾ നിരത്തി പ്രസ്തുത വിവേചനം ഉത്തരവാദപ്പെട്ടവർക്ക് മുന്നിൽ നിരന്തരമായി ഉന്നയിക്കുന്നുണ്ട്. 'മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ'ങ്ങൾ നടത്തിയും തെരുവ് ക്ലാസുകൾ നടത്തിയും വർഷങ്ങളായി ഫ്രറ്റേണിറ്റി മൂവ്മെൻറ് പോലെയുള്ള സംഘടനകളും മലബാറിലെ വിദ്യാർഥികളും രക്ഷിതാക്കളും സർക്കാരിന് മുന്നിൽ വിഷയത്തിൻ്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ട്. അഭ്യർഥനകളും കലഹങ്ങളും ഏറെ നടത്തിയിട്ടും നിഷേധാത്മക സമീപനങ്ങളും അവഗണനയും വഞ്ചനയും മാത്രമാണ് സർക്കാരിൽ നിന്നും മലബാർ മേഖലക്ക് നേരിടേണ്ടിവന്നിട്ടുള്ളത്. ഓരോ വർഷവും പതിനായിരത്തിലധികം വിദ്യാർഥികൾക്കാണ് ഗവൺമെൻ്റ്/എയ്ഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിൽ പഠനാവസരം ലഭിക്കാതെ തുടർപഠനത്തിനായി വലിയ ഫീസു മുടക്കി പഠിക്കേണ്ടി വരുന്നത്. സീറ്റില്ലാത്തതിനാൽ ഹയർ സെക്കൻ്ററി എന്ന മോഹം തന്നെ ഉപേക്ഷിച്ച് ഐ ടി ഐ പോലുള്ള കോഴ്സുകൾക്ക് ചേരുന്നവരും നിരവധി. പക്ഷേ അപ്പോഴും പരിഹരിക്കാനാവാത്ത സീറ്റ് ക്ഷാമം മലബാറിലെ വിദ്യാർത്ഥികൾക്കു മുന്നിൽ വെല്ലുവിളിയാകുന്നു. ഓപ്പൺ സ്കൂളുകളെ ആശ്രയിച്ചും പഠനം തന്നെ അവസാനിപ്പിച്ചുമെല്ലാം പരാജയം സമ്മതിക്കേണ്ടി വരുന്നവരും ഏറെയുണ്ട്. ഉന്നതവിജയം നേടിയവർ ഉൾപ്പെടെ നിരവധി വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന ഈ പ്രതിസന്ധിക്ക് കാരണം സർക്കാരിൻ്റെ നഗ്നമായ അലംഭാവം തന്നെയാണ്. ഇതിനെതിരെ മലബാർ അവകാശ പ്രക്ഷോഭ സമര ശബ്ദങ്ങളാൽ ഇപ്പോഴും തെരുവിലും സമരമുഖത്തുമാണ്.

മികച്ച വിജയം നേടിയ മലപ്പുറം ജില്ലയിൽ മാത്രം മുപ്പതിനായിരത്തിലധികവും മറ്റ് മലബാർ ജില്ലകളിലായി അൻപതിനായിരവും കടന്നുപോകുന്ന പുറന്തള്ളപ്പെടുന്ന കുട്ടികളുടെ കണക്കുകളൊന്നും മതിയായില്ല ഇത്തവണയും അധികാരികളുടെ കണ്ണു തുറപ്പിക്കാൻ. വർഷങ്ങളായി തെക്കൻ ജില്ലകളിൽ ഹയർ സെക്കൻ്ററി സീറ്റുകൾ അധികമായി ഒഴിഞ്ഞു കിടക്കുമ്പോൾ തന്നെയാണ് മലബാർ ജില്ലകളിൽ മതിയായ അവസരമില്ലാതെ വിദ്യാർഥികളുടെ പഠനാവസരങ്ങൾ നഷ്ടപ്പെടുന്നത് എന്നത് കൂടി കൂട്ടിവായിക്കേണ്ടതുണ്ട്.

'മുഴുവൻ വിദ്യാർഥികൾക്കും എല്ലാ വർഷവും പഠനാവസരങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും, അതുപോലെ ഇപ്രാവശ്യവും തുടരും' എന്ന ആവർത്തിക്കുന്ന നുണ തന്നെയാണ് വിദ്യാഭ്യാസമന്ത്രി ആദ്യം നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഈ നുണയുടെ യാഥാർഥ്യങ്ങൾ ഔദ്യോഗിക കണക്കുകളാൽ തന്നെ പുറത്തായപ്പോൾ പ്രവേശന നടപടികൾ ആരംഭിക്കട്ടെ എന്നും പരാതിയുണ്ടെങ്കിൽ എല്ലാവർക്കും പഠനാവസരങ്ങൾ സർക്കാർ ഉറപ്പാക്കുമെന്നുമായിരുന്നു മറുപടി. എന്നിട്ടും ഒഴിഞ്ഞുമാറാനാവാതെ വന്നപ്പോഴാണ് അവസാനം മുൻ വർഷങ്ങളിലെന്ന പോലെ മലബാർ ജില്ലകളിൽ 20 ശതമാനം ആനുപാതിക സീറ്റ് വർധന പ്രഖ്യാപിച്ചാണ് സർക്കാർ തടിതപ്പിയത്. എന്നിട്ടത് വലിയ നേട്ടമായി അവതരിപ്പിക്കുക കൂടി ചെയ്യുന്നു എന്നതാണ് വിരോധാഭാസം. അൻപത് വിദ്യാർഥികൾ പഠിക്കുന്ന ക്ലാസ്സുകളിൽ അറുപതും അതിലധികവും വിദ്യാർഥികൾ തിങ്ങി നിറഞ്ഞു പഠിക്കേണ്ടിവരുന്ന മറ്റൊരു പ്രതിസന്ധിയാണ് ഈ ആനുപാതിക സീറ്റ് വർധനവിന്റെ പരിണിതഫലം. ഈ യാഥാർഥ്യം സർക്കാർ അംഗീകരിക്കുമ്പോഴും പരിഹാര നടപടികളെക്കുറിച്ച് ആലോചിച്ച് ഗൗരവകരമായ തിരുത്തൽ സമീപനം ഇപ്പോഴും സ്വീകരിക്കുന്നില്ല എന്നതാണ് വസ്‌തുത.


യഥാർത്ഥത്തിൽ അധിക ബാച്ചുകൾ അനുവദിച്ചു കൊണ്ടും ഹയർസെക്കൻഡറി ആയി ഉയർത്താൻ കഴിയുന്ന സ്കൂളുകളെ അപ്ഗ്രേഡ് ചെയ്‌തുമെല്ലാം പരിഹരിക്കേണ്ട പ്രതിസന്ധിയെ അപ്രകാരം പരിഹരിക്കാൻ സർക്കാർ തലത്തിൽ നയപരമായ തീരുമാനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന ന്യായം മുൻനിർത്തിയാണ് വകുപ്പ് മന്ത്രിയടക്കം ഇതിനെ വിശദീകരിച്ചത്. മലപ്പുറം ജില്ലയിൽ മാത്രം മുഴുവൻ പേർക്കും സീറ്റ് ലഭ്യത ഉറപ്പാക്കുന്നതിന് 167 ബാച്ചുകൾ കൂടി ആവശ്യമുണ്ടെന്ന് ഹയർ സെക്കൻഡറി വിഭാഗം കണ്ടെത്തിയ കണക്കുകൾ പ്രകാരം സർക്കാരിനു ശിപാർശ ചെയ്തിരുന്നു. അപ്പോൾ പോലും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം മറ്റൊന്നിനുമില്ലാത്ത അധിക സാമ്പത്തിക ബാധ്യതയുടെ കണക്കുകളാണ് സർക്കാർ നിരത്തുന്നത്. പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി അധിക സാമ്പത്തികബാധ്യതയുടെ പേരിലുള്ള ഈ തീരുമാനം രക്ഷിതാക്കളുടെയും വിദ്യർത്ഥികളുടെയും ആശങ്കകളെ 'സർക്കാർ മോഡൽ' വികസന ചെലവുകൾ നിരത്തി കാറ്റിൽപറത്തി വഞ്ചിക്കുകയാണ്. ഇത് കൂടി മനസ്സിലാക്കുമ്പോഴാണ് ഈ വിവേചനത്തിന്റെ ആഴം കൂടുതൽ ബോധ്യമാവുക.

കഴിഞ്ഞ വർഷം സ്കൂളുകളിൽ പ്രവേശനം ലഭിക്കാതെ സ്കോൾ കേരള (പഴയ ഒാപൺ സ്കൂൾ)ക്ക് കീഴിൽ പ്ലസ് വൺ പഠനത്തിന് ചേർന്നത് 47,899 പേരാണ്. ഇതിൽ 19,215 പേർ മലപ്പുറം ജില്ലയിൽ നിന്നാണ്. 14 ജില്ലകളിൽനിന്ന് സ്കോൾ കേരളയിൽ പ്രവേശനം നേടിയവരിൽ 40.11 ശതമാനവും മലപ്പുറത്തുനിന്നാണ്. കോഴിക്കോട് ജില്ലയിൽ നിന്ന് 6797 പേരും പാലക്കാട് ജില്ലയിൽനിന്ന് 6274 പേരും സ്കോൾ കേരളയിൽ ചേർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സ്കോൾ കേരളയിൽ ചേർന്ന കുട്ടികളിൽ 78 ശതമാനവും കാസർകോട് മുതൽ പാലക്കാട് വരെ ജില്ലക്കാരാണ്. ഇൗ വർഷം ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിരട്ടിയായതോടെ പ്ലസ് വൺ പ്രവേശനം ലഭിക്കാൻ വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുമെന്ന് ട്രയൽ അലോട്ട്മെൻറിൽ തന്നെ വ്യക്തമായതാണ്. ആദ്യ അലോട്ട്മെന്റിനു ശേഷം സീറ്റ് ക്ഷാമത്തിന്റെ വ്യക്തമായ ചിത്രം പുറത്തുവന്നിട്ടും അധിക ബാച്ചുകൾ വേണ്ടെന്ന സർക്കാർ നിലപാട് വിദ്യാർത്ഥി ദ്രോഹം മാത്രമാണ്.

ഇടതു പക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രത്യേക പാക്കേജുകൾക്ക് കീഴിലായി മലബാർ വികസന പദ്ധതി വാഗ്ദാനങ്ങൾ സംസ്ഥാനത്തെ ഒരു പ്രത്യേക മേഖലയിൽ ഇപ്പോഴും തുടരുന്ന വിദ്യാഭ്യാസ വിവേചനത്തിന്റെ അടയാളമായി അവശേഷിക്കുന്നു.

മുന്നാക്ക സംവരണം: അവകാശ നിഷേധത്തിന്റെ മറ്റൊരു ചതിക്കുഴി

ഭരണഘടന വിഭാവനം ചെയ്ത സംവരണം എന്ന അടിസ്ഥാന തത്വത്തെ അട്ടിമറിക്കുന്ന ഒന്നായിരുന്നു മുന്നാക്ക സംവരണം നടപ്പിലാക്കിയതിലൂടെ സംഭവിച്ചത്. സംഘപരിവാർ മുന്നോട്ടുവച്ച സംവരണ വിരുദ്ധ സമീപനങ്ങൾക്ക് കുട പിടിച്ചും വാരിപ്പുണർന്നുമെല്ലാം വിവിധമേഖലകളിൽ ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് സ്വീകരിച്ച മുന്നാക്ക സംവരണ നടപടികളിലൂടെ ഒരുക്കപ്പെട്ട അനീതിയുടെ ചതിക്കുഴികളാണ് ഏറ്റവുമൊടുവിൽ പ്ലസ് വൺ പ്രവേശന നടപടികളിലും പ്രകടമാകുന്നത്.

10 ശതമാനം മുന്നോക്ക സംവരണം നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ യാതൊരു തരത്തിലുള്ള പഠനവും നടത്താതെ അതേപടി നടപ്പിലാക്കാൻ ഇടതു സർക്കാർ കാണിച്ച വ്യഗ്രത നാം കണ്ടതാണ് അതിൻ്റെ പ്രതിഫലനവും സാമൂഹിക യാഥാർത്ഥ്യങ്ങളോട് എത്രമേൽ പൊരുത്തക്കേടുള്ളതാണ് മുന്നാക്ക സംവരണവും അതിന് നിശ്ചയിക്കപ്പെട്ട ക്വാട്ടയും എന്നത് പ്ലസ് വൺ പ്രവേശന അലോട്ട്മെൻറ് പ്രക്രിയയ്ക്ക് ശേഷമുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടി ആരംഭിച്ച്, ഒന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ അപേക്ഷ നൽകിയ 46,5219 പേരിൽ 24,6801 പേരാണ് ലിസ്റ്റിൽ നിന്ന് പുറത്തായത് .

മുന്നാക്ക സംവരണ വിഭാഗത്തിൽ സംസ്ഥാനത്ത് അപേക്ഷകരെക്കാൾ കൂടുതൽ സീറ്റ് ലഭ്യമായി ഒഴിഞ്ഞുകിടക്കുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ വർഷം മുതൽ സർക്കാർ സ്കൂളുകളിൽ ആകെ സീറ്റിന്റെ പത്ത് ശതമാനമാണ് മുന്നാക്ക സംവരണ വിഭാഗങ്ങൾക്ക് വേണ്ടി നീക്കിവെച്ചത്. ഇതുപ്രകാരം 14 ജില്ലകളിലായി 15,899 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഒന്നാം അലോട്ട്മെൻറ് പൂർത്തിയായപ്പോൾ 10,596 അപേക്ഷകൾ മാത്രമാണ് ഉണ്ടായത്. ഇവർക്കെല്ലാം അലോട്ട്മെൻറ് നൽകിയിട്ടും 5303 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. നാൽപതിനായിരത്തോളം വിദ്യാർഥികൾ പ്ലസ് വണിന് പഠിക്കാൻ സീറ്റില്ലാതെ പുറന്തള്ളപ്പെടുന്ന മലപ്പുറം ജില്ലയിൽ മാത്രം 2712 സീറ്റാണ് മുന്നാക്ക സംവരണക്കാർക്കായി മാറ്റിവെച്ചത്. അലോട്ട്മെൻറ് നേടിയതാകട്ടെ 682 പേരും. 2030 സീറ്റുകൾ ഇനിയും ബാക്കി! പ്രവേശന ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ട മുസ്ലിം ന്യൂനപക്ഷ, മറ്റു പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ റാങ്കുകളും മുന്നാക്ക സംവരണ റാങ്ക് ലിസ്റ്റിൽ പെട്ട വിദ്യാർത്ഥിയും തമ്മിലെ അന്തരം മനസിലാക്കുമ്പോഴാണ് സംവരണ അട്ടിമറിയുടെ ആഴം വ്യക്തമാകുന്നത്. ഒരു സ്കൂളിലെ വിവരങ്ങളനുസരിച്ച് റാങ്ക് ലിസ്റ്റിൽ 699 ആം റാങ്കുകാരനായ വിദ്യാർത്ഥിയും 200 ആം റാങ്കുകാരനായ മുസ്ലിം വിദ്യാർത്ഥിയും പുറത്താക്കപ്പെടുമ്പോൾ 4425ആം റാങ്കുകാരനായ മുന്നാക്കക്കാരനായ വിദ്യാർത്ഥിക്ക് അവസരം ലഭിക്കുന്നുണ്ട്. കേരളത്തിലെ മുന്നാക്ക വിഭാഗങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും സീറ്റുകൾ ലഭ്യമാവുകയും ആവശ്യത്തിലധികമാകുകയും ചെയ്യുമ്പോഴും മലബാർ മേഖലയിൽ പതിനായിരക്കണക്കിന് അടിസ്ഥാന/പിന്നാക്ക ജനവിഭാഗങ്ങളിലെ വിദ്യാർഥികൾ തങ്ങളുടെ എ പ്ലസുകളുമായി പുറത്തു തന്നെ കാത്ത് നിൽക്കണം. വർഷങ്ങൾ പ്രകടമായി തുടരുന്ന ഭരണകൂട അനീതിയുടെ ദുരിതവും പേറി പഠനം തുടരുന്ന മലബാർ ജില്ലകളിലെ വിദ്യാർത്ഥികളോട് പൊള്ളയായ വാഗ്ദാനങ്ങൾ കൊണ്ടും സംവരണ അട്ടിമറികളാലും സർക്കാർ ധാർഷ്ട്യങ്ങളാലും വീണ്ടും വഞ്ചന തന്നെയാണ് തുടർന്നു കൊണ്ടേയിരിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ. നമ്പർ വൺ കേരള വിദ്യാഭ്യാസ വികസന മോഡൽ ..!

(ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ്‌ പ്രസിഡന്റ് ആണ് ലേഖകൻ )

TAGS :

Next Story