Quantcast

പി.എ ഇബ്രാഹിം ഹാജി: പ്രവാസികളുടെ സ്‌നേഹസാമീപ്യം

ആർക്കും എന്തു കാര്യത്തിനും എപ്പോഴും പ്രാപ്യമായിരുന്നയാൾ. അതുകൊണ്ടു തന്നെ, ദുബൈ ഗർഹൂദിലെ പി.എ വില്ല എല്ലായ്പ്പോഴും സന്ദർശകരാൽ നിറഞ്ഞിരുന്നു.

MediaOne Logo
പി.എ ഇബ്രാഹിം ഹാജി: പ്രവാസികളുടെ സ്‌നേഹസാമീപ്യം
X

ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ വേർപാടിൽ അക്ഷരാർത്ഥത്തിൽ കണ്ണീരണിഞ്ഞു നിൽപ്പാണ് പ്രവാസ ലോകം. പ്രവാസ ലോകത്ത് അത്രക്കധികം സ്നേഹ സാമീപ്യമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. ആർക്കും എന്തു കാര്യത്തിനും എപ്പോഴും പ്രാപ്യമായിരുന്നയാൾ. അതുകൊണ്ടു തന്നെ, ദുബൈ ഗർഹൂദിലെ പി.എ വില്ല എല്ലായ്പ്പോഴും സന്ദർശകരാൽ നിറഞ്ഞിരുന്നു. എല്ലാവർക്കും നല്ല ആതിഥ്യം നൽകുകയും നന്നായി സഹായിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. എല്ലാ നല്ല കാര്യത്തിനും എപ്പോഴും കൂട്ടു നിന്നു അദ്ദേഹം. 'നോ' എന്നൊരു വാക്ക് അദ്ദേഹത്തിൽ നിന്നും കേട്ടിട്ടേയില്ല. കഠിനാധ്വാനം കൊണ്ട് ഉയർന്നു വന്ന പ്രവാസികളുടെ നേതാവ് കൂടിയായിരുന്ന അദ്ദേഹം, ജീവിതത്തിൽ മികച്ച ശീലങ്ങളുടെ ഉടമയുമായിരുന്നു. കണിശമായ ജീവിതാനുഷ്ഠാനങ്ങൾ സ്ഫുടം ചെയ്ത ഇബ്രാഹിം ഹാജി, തന്റെ നിഷ്‌കളങ്ക സ്നേഹം എല്ലാവർക്കും പകർന്നു നൽകി.


സംഘടനകളാവട്ടെ, വ്യക്തികളാവട്ടെ അവരുടെയെല്ലാം ആവശ്യങ്ങൾ കേൾക്കാനും സഹായിക്കാനും താൽപര്യം കാട്ടി. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുള്ള നല്ല ഉപദേശങ്ങളിലൂടെ അവരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും മിഴിവും നൽകി. എല്ലാവരും അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നല്ല കാര്യങ്ങൾക്ക് ഒന്നായി മുന്നേറണമെന്ന് എല്ലാ കാലത്തും അദ്ദേഹം ഉദ്ബോധിപ്പിച്ചു. 10 മുസ്ലിം സംഘടനകളുടെ വേദിയായ 'എയിം' (അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ്) പ്രവർത്തനങ്ങളുടെ ലീഡറായി ഏറെക്കാലം അദ്ദേഹം പ്രവർത്തിച്ചു.

നാട്ടിലെയും ഗൾഫിലെയും വിദ്യാഭ്യാസ രംഗത്ത് വിപ്ളവാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. അധഃസ്ഥിത-പിന്നാക്ക ജനവിഭാഗങ്ങളുടെ കണ്ണീരൊപ്പാനും അവരെ ശാക്തീകരിക്കാനും അദ്ദേഹം നേതൃത്വം നൽകി. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകി. എണ്ണിയാലൊടുങ്ങാത്ത സാമൂഹിക-സാംസ്‌കാരിക-കാരുണ്യ പ്രവർത്തനങ്ങളുടെ ഊർജസ്രോതസ്സായിരുന്നു ഇബ്രാഹിം ഹാജി. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുകയാണ്.

TAGS :

Next Story