Quantcast

കൊച്ചിയിൽനിന്ന് കൊൽക്കത്തയിലേക്ക്; സഹലിന്റെ തീരുമാനം എന്തു കൊണ്ട് ശരിയാണ്?

കൂടുതൽ വെല്ലുവിളികൾ ഉള്ള ഇടം തെരഞ്ഞെടുക്കുന്നു എന്നതാണ് സഹലിന്‍റെ തീരുമാനത്തെ ശ്രദ്ധേയമാക്കുന്നത്.

MediaOne Logo

അഭിമന്യു എം

  • Updated:

    2023-07-14 14:04:08.0

Published:

14 July 2023 1:20 PM GMT

sahal abdul samad
X

'ഫിഗോ ഒരു ഭീരുവാണ്. അയാൾ ഞങ്ങളെ ചതിച്ചു'- രണ്ടായിരാമാണ്ട് വേനൽക്കാല സീസണിൽ ബാഴ്‌സലോണ എഫ്‌സി പ്രസിഡണ്ട് യോൻ ഗാസ്പാട് പോർച്ചുഗീസ് സൂപ്പർ താരം ലൂയി ഫിഗോയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ബാഴ്‌സലോണ ഉപേക്ഷിച്ച് ചിരവൈരികളായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ഫിഗോയുടെ തീരുമാനത്തിൽ സ്തബ്ധനായി ആയിരുന്നു ഗാസ്പാടിന്റെ പ്രതികരണം. 37 മില്യൺ പൗണ്ടിന്റെ റെക്കോർഡ് തുകയ്ക്കായിരുന്നു ആ കൈമാറ്റം. ആ കൂടുമാറ്റം ഉൾക്കൊള്ളാൻ ബാഴ്‌സ ആരാധകർക്കായില്ല. നൗകാമ്പിൽ കളിക്കാനായി തിരിച്ചെത്തിയ വേളയിൽ കൈയിൽ കിട്ടിയതെല്ലാം ഫിഗോയ്ക്കു നേരെ വലിച്ചെറിഞ്ഞാണ് ബാഴ്സ ആരാധകര്‍ അരിശം തീർത്തത്.

കളിയിലും കേളിയിലും അടുത്തൊന്നും വരില്ലെങ്കിലും ഇന്ത്യൻ ഫുട്‌ബോളിലെ ബാഴ്‌സയും റയലുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സും മോഹൻ ബഗാൻ സൂപ്പർ ജെയിന്റ്‌സും. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള രണ്ടു ടീമുകൾ. ഒന്നിന്റെ ആസ്ഥാനം കൊച്ചി. മറ്റൊന്നിന്റേത് കൊൽക്കത്ത. കൊൽക്കത്ത ഫുട്‌ബോൾ ഉന്മാദികളുടെ നഗരമാണ് എങ്കിൽ കൊച്ചി ഫുട്‌ബോൾ ആവേശത്തിന്റ തലസ്ഥാനം. കൊൽക്കത്തയ്ക്ക് സാൾട്ട്‌ലേക്കും കൊച്ചിക്ക് നെഹ്‌റു സ്‌റ്റേഡിയവും പന്തുഭ്രാന്തിന്റെ മുദ്രകൾ.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും മോഹൻബഗാനും തമ്മിലുള്ള മത്സരങ്ങൾക്കെല്ലാം ഒരു വൈരത്തിന്റെ മേമ്പൊടിയുണ്ടായിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങൾ അതിനെ ഇന്ത്യന്‍ എൽ ക്ലാസികോ എന്ന് പേരിട്ടു വിളിച്ചു.

അങ്ങനെയൊരു വൈരം ഒരു യാഥാർത്ഥ്യമായി നിലനിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റർ ബോയ് സഹൽ അബ്ദുൽ സമദ് മോഹൻ ബഗാൻ സൂപ്പർ ജെയിന്റ്‌സിലേക്ക് കൂടുമാറുന്നത്. കുറച്ചുകാലമായി അന്തരീക്ഷത്തിലുണ്ടായിരുന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് വെള്ളിയാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സ് വിരാമമിട്ടത്. അങ്ങേയറ്റം വേദനയോടെ സഹലിന് വിട ചൊല്ലുന്നു എന്നായിരുന്നു ബാസ്‌റ്റേഴ്‌സിന്റെ കുറിപ്പ്.

സഹൽ എന്ന പോസ്റ്റർ ബോയ്

മുഹമ്മദ് റാഫി, സി.കെ വിനീത് തുടങ്ങി മികച്ച ഫുട്‌ബോളർമാർ കേരള ബ്ലാസ്‌റ്റേഴ്‌സിൽ പന്തു തട്ടിയിട്ടുണ്ടെങ്കിലും സഹലിനോളം ആരാധക പിന്തുണ ലഭിച്ച മലയാളി താരം ക്ലബിൽ ഉണ്ടാകാനിടയില്ല. സന്തോഷ് ട്രോഫിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ബി ടീമിലും പിന്നീട് സീനിയർ ടീമിലുമെത്തിയ സഹൽ ക്ലബ്ബിനായി ഏറ്റവും കൂടുതൽ പന്തു തട്ടിയ താരം കൂടിയാണ്. സഹൽ ടീം വിട്ട ബ്ലാസ്‌റ്റേഴ്‌സ് വാർത്താ കുറിപ്പിന് താഴെ ഐഎസ്എല്ലിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡ്ൽ ഇട്ട കമന്റ് മതി താരത്തിന്റെ മൂല്യമളക്കാൻ. 'ഒരു കൗമാരക്കാരനായി എത്തി. ഐക്കണായി പോകുന്നു'- എന്നായിരുന്നു ഐഎസ്എല്ലിന്റെ കമന്റ്.

യുഎഇയിലെ അൽ ഐനിൽ കളിപഠിച്ച സഹൽ യൂണിവേഴ്‌സിറ്റി തലത്തിലെ മികച്ച പ്രകടനത്തോടെ കേരള സന്തോഷ് ട്രോഫി ടീമിലെത്തി. 2017-18 സീസണിൽ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലും. ആ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് മുടന്തുന്ന വേളയിൽ സഹൽ അടക്കം ഏതാനും റിസർവ് താരങ്ങൾക്ക് കോച്ച് റെനെ മ്യൂളസ്റ്റീൻ സീനിയർ ടീമിലേക്ക് പ്രവേശനം നൽകി. 2018 ഫെബ്രുവരി എട്ടിന് എ.ടി.കെ മോഹൻ ബഗാനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ദിമിതർ ബെർബെറ്റോവിന് പകരക്കാരനായും!

പിന്നെ സഹലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സ്ഥിരം പ്ലേയിങ് ഇലവനില്‍. ഒരു സീസണില്‍ കോച്ച് എൽകോ ഷട്ടോരി സഹലിനെ സൂപ്പർ സബ്ബായി ഇറക്കിയപ്പോൾ വരെ ആരാധകർ ഇടഞ്ഞു. അത്രയ്ക്കുണ്ടായിരുന്നു സഹൽ എന്ന കളിക്കാരൻ ആരാധകർക്കിടയിൽ ഉണ്ടാക്കിയ ഇംപാക്ട്.

സഹലിലെ കളിക്കാരൻ

മെസ്സി, ക്രിസ്റ്റിയാനോ, നെയ്മർ... ആരാണ് ഫേവറിറ്റ് കളിക്കാരൻ എന്ന ചോദ്യത്തിന്, ഒരിക്കൽ കണ്ണൂരിൽ വച്ച് ഇന്ത്യൻ നായകൻ നൽകിയ ഉത്തരമിതാണ്- മൂന്നു പേരുമല്ല, സഹലാണത്!. അതൊരു അധികപ്രശംസയായിരുന്നു എങ്കിലും സഹൽ ഇന്ത്യയുടെ ഭാവി നായകനാണ് എന്ന് പ്രവചിച്ചത് ഛേത്രി തന്നെയായിരുന്നു. സഹലിലെ കളിമികവിനെ വിശേഷിപ്പിക്കാന്‍ ഛേത്രി പറഞ്ഞതിലും കൂടുതൽ ഒന്നും പറയാനില്ല.

പ്രതിഭ ആവോളമുള്ള കളിക്കാരനാണ് സഹൽ. ഡിഫൻഡർമാർക്കിടയിലൂടെ തുളഞ്ഞു കയറിപ്പോകാനുള്ള ഡ്രിബിളിങ് ആണ് പ്രധാന ആയുധം. വെട്ടിത്തിരിഞ്ഞ് എതിർപ്രതിരോധത്തെ കബളിപ്പിക്കാനും എളുപ്പത്തിൽ ഡിഫൻഡേഴ്‌സിനെ ബീറ്റ് ചെയ്യാനും താരത്തിനാകുന്നു. കളി മികവു മാത്രമല്ല, ഫൈനൽ തേഡിൽ നിമിഷാർധത്തിൽ എടുക്കുന്ന തീരുമാനം കൂടിയാണ് ഒരു കളിക്കാരനെ തികവുള്ളതാക്കി മാറ്റുന്നത്. അതിൽ ശരാശരിക്കാരൻ മാത്രമാണ് സഹൽ. അതു കൂടി മെച്ചപ്പെടാനായാൽ സഹൽ വേറെ ലെവലിലേക്ക് പോകും.

കോച്ചുമാർ അനുവദിക്കുന്ന പൊസിഷൻ, അവർ നൽകുന്ന ഉത്തരവാദിത്വം എന്നിവ കൂടി ഒരു കളിക്കാരന്റെ വളർച്ചയിൽ നിർണായകമാണ്. ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ സഹലിനോട് നീതി പുലർത്തിയോ എന്നത് തർക്കവിഷയമാണ്. അറ്റാക്കിങ് മിഡ്ഫീൽഡർ എന്ന ഇഷ്ടപൊസിഷൻ വിട്ട് വിങ്ങറുടെ റോളിലാണ് ബ്ലാസ്‌റ്റേഴ്‌സിൽ പല കളികളിലും സഹലിനെ പരീക്ഷിച്ചത്. കഴിഞ്ഞ സീസണിൽ താളം കണ്ടെടുക്കാൻ വിഷമിച്ച താരം ഫസ്റ്റ് ഇലവനിൽ ഇടം പിടിക്കാതിരിക്കുകയും ചെയ്തു. ഫോമില്ലായ്മയുടെ പേരിൽ ക്ലബിൽ കുറ്റപ്പെടുത്തലുകൾ നടക്കുന്നതിനിടെയാണ് ദേശീയ കോച്ച് ഇഗോർ സ്റ്റിമാച്ച് സഹലിനെ ദേശീയ ടീമിലേക്ക് വിളിച്ചത്. ഇന്റർകോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും ഇഷ്ട പൊസിഷനായ അറ്റാക്കിങ് മിഡ്ഫീൽഡിൽ സഹലിന്റെ പ്രകടനം ഗംഭീരമായിരുന്നു.

ഒരുപക്ഷേ, കഴിഞ്ഞ സീസണിൽ കേട്ട പഴിയായിരിക്കാം സഹലിനെ ഒരു മാറ്റത്തിന് പ്രേരിപ്പിച്ചത്. അതെങ്ങനെ സഹലിലും ബ്ലാസ്റ്റേഴ്‌സിലും പ്രതിഫലിക്കും എന്നത് നേരിട്ടു കാണേണ്ടതാണ്.

കൊൽക്കത്തയെന്ന സ്വപ്‌ന ഭൂമി

ഇന്ത്യയിലെ ഏതു ഫുട്‌ബോൾ താരത്തിന്റെയും സ്വപ്‌നഭൂമിയാണ് കൊൽക്കത്ത. മോഹൻബഗാൻ പോലുള്ളൊരു ക്ലബിലെ പ്രവേശം അതുകൊണ്ടു തന്നെ മോഹിപ്പിക്കുന്നതാണ്. ഒരു പ്രൊഫഷണൽ ഫുട്‌ബോളർ എന്ന നിലയില്‍ സഹലിന്റെ തീരുമാനത്തില്‍ നൂറു ശതമാനം ശരിയുണ്ട്. കൂടുതൽ വെല്ലുവിളികൾ ഉള്ള ഇടം അയാള്‍ തെരഞ്ഞെടുക്കുന്നു എന്നതാണ് ഈ തീരുമാനത്തെ ശ്രദ്ധേയമാക്കുന്നത്.

ബഗാന്റെ ലൈൻ അപ്പ് തന്നെ നോക്കൂ. ഇന്ത്യൻ ജഴ്‌സിയിൽ നിറഞ്ഞു കളിക്കുന്ന അനിരുദ്ധ് ഥാപ്പയും ലിസ്റ്റൺ കൊളാസോയും സഹലിന്റെ റോളിൽ കളിക്കാൻ അനുയോജ്യരാണ്. രണ്ടു പേരും ഗംഭീര കളിക്കാർ. അതുകൊണ്ടു ഏറ്റവും മികച്ച പ്രകടനം കൊണ്ടുമാത്രമേ ബഗാൻ ഫസ്റ്റ് ഇലവനിൽ സഹലിന് പ്രവേശനം സാധ്യമാകൂ. ആ വെല്ലുവിളി മലയാളി താരത്തിന്റെ പ്രതിഭയെ മൂർച്ച കൂട്ടേണ്ടതാണ്. അതിന് ആവോളമുള്ള മെറ്റീരിയൽ സഹലിലുണ്ട്.

ഐഎം വിജയന്‍

കേരളം വിട്ട് കൊൽക്കത്തയിലേക്ക് കളിജീവിതം ഇടക്കാലത്ത് പറിച്ചു നട്ട വി.പി സത്യന്റെയും ഐഎം വിജയന്റെയും ജോപോൾ അഞ്ചേരിയുടെയും മാതൃകയാണ് സഹൽ പിന്തുടർന്നിട്ടുള്ളത്. അന്ന് ഐ ലീഗേയുള്ളൂ. ഇന്ത്യൻ സൂപ്പർ ലീഗില്ല. ഐഎസ്എല്ലിന്റെ വെള്ളിവെളിച്ചത്തിലാണ് സഹൽ ബഗാനിൽ എത്തി നിൽക്കുന്നത്. സഹൽ മാത്രമല്ല, മലപ്പുറത്തുകാരൻ ആഷിക് കുരുണിയനും അവിടെയുണ്ട്.

ആരാധകർ ഇവരോട് എന്തു ചെയ്യുന്നു എന്നതും കാത്തിരുന്നു കാണേണ്ടതാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻ ഹൂളിഗനിസത്തെ കുറിച്ച് ആഷിഖ് ഒരു തവണ തുറന്നുപറഞ്ഞതാണ്. ഏതായാലും രണ്ട് മലയാളികൾ കൊൽക്കത്തയ്ക്കായി കാണിക്കുന്ന ഇന്ദ്രജാലത്തിനായി സ്‌പോട്‌സ്മാൻ സ്പിരിറ്റോടെ കാത്തിരിക്കാം.

TAGS :

Next Story