'കാവിലെ പാട്ടുമത്സരം' മട്ടന്നൂരിൽ!

ഇക്കൊല്ലത്തെ മത്സരങ്ങൾ എല്ലാം തീർന്നിട്ടില്ല! ഒരെണ്ണം ബാക്കിയുണ്ട്!

MediaOne Logo

രാജേഷ് ശശിധരൻ

  • Updated:

    2022-06-13 05:29:19.0

Published:

13 Jun 2022 5:29 AM GMT

കാവിലെ പാട്ടുമത്സരം മട്ടന്നൂരിൽ!
X

അങ്ങനെ തൃക്കാക്കരയുദ്ധം കഴിഞ്ഞു. 'രാഷ്ട്രീയ പുരുഷു'വിനിപ്പോ ഉടനെ വേറെ യുദ്ധമൊന്നുമില്ലെന്ന തിരിച്ചറിവിൽ മന്ത്രിമാരും തേരും കുതിരയും രാജധാനിയിലേക്ക് മടങ്ങി. യുദ്ധത്തിനുശേഷം സ്വൽപ്പം റെസ്റ്റ് എടുക്കുന്നതിനായി പ്രധാന പടത്തലവന്മാർ യഥാക്രമം എ.കെ.ജി സെന്റർ, ഇന്ദിരാ ഭവൻ, മാരാർജി ഭവൻ എന്നീ രമ്യഹർമ്മ്യങ്ങളിലേക്കും മടങ്ങി.

മണിയാശാൻ അരുളിച്ചെയ്തതുപോലെ കൊച്ചി ദാ പഴയ കൊച്ചിയായി. ഹസ്താങ്കിത ത്രിവർണ്ണ പതാകയും പദ്മാങ്കിത ദ്വിവർണ്ണ പതാകയും അരിവാൾ ചുറ്റികാലംകൃത ചെമ്പതാകയും ആഴ്ചകൾ നീണ്ട സ്പെഷ്യൽ ഡ്യൂട്ടി പൂർത്തിയാക്കി, പാർട്ടി ഓഫീസുകളുടെ ഭിത്തിയിൽ ചാരിയിരിപ്പ് തുടങ്ങി. തൃക്കാക്കരയിലെ ബേക്കറി തട്ടുകളിൽ ലഡുവിന്റെ സ്ഥാനത്ത് വീണ്ടും സമൂസയും ഉണ്ടമ്പൊരിയും ആധിപത്യം പുന:സ്ഥാപിച്ചു.

ഇപ്പോ നഗരത്തിൽ അവശേഷിക്കുന്ന ഒരേയൊരു പ്രശ്നം ഇ-വേസ്റ്റാണ്. എന്നുവെച്ചാൽ ഒരു പ്രചരണകാലം ബാക്കിവെച്ചുപോയ 'ഇലക്ഷൻ വേസ്റ്റ്'.! പുഞ്ചിരിക്കുന്ന ഫ്ലെക്സുകൾ സൈക്കിളിൽ വെച്ചുകെട്ടി കൊണ്ടുപോയി റീസൈക്കിൾ ചെയ്ത് കോഴിക്കൂടാക്കുന്നവർ ഒരിടത്ത്. ഫ്ലെക്സ് അടിച്ചതിന്റെ ബാക്കി കാശിനായി ഛോട്ടാ നേതാക്കളെ തിരയുന്നവർ വേറൊരിടത്ത്. മുൻകാലങ്ങളിൽ ഫ്ലെക്സുകാർക്ക് കിട്ടിയ മറുപടി അത്ര ഫ്ലെക്സിബിൾ അല്ലത്രേ!


അന്ന്, കൂലി അണ്ണൻ തരുമെന്ന് ഒരു കൂട്ടർ. ഇനിയും ചോദിച്ചാൽ കൂലി വരമ്പത്ത് തരുമെന്ന് വേറൊരു കൂട്ടർ. കൂലി കുഴലിൽ നിന്ന് തരുമെന്ന് വേറൊരു കൂട്ടർ. ഇതായിരുന്നു 'കാശ് തരൂല' എന്ന് അർത്ഥം വരുന്ന താത്വിക മറുപടികൾ.

അതെന്തെങ്കിലുമാകട്ടെ, നമ്മുടെ രാധാകൃഷ്ണൻ ചേട്ടന് ഇത്തിപ്പോരം വോട്ട് കുറഞ്ഞതിന്റെ പേരിൽ, മൂപ്പര് കുടുക്ക പൊട്ടിച്ച് കെട്ടിവച്ച കാശ് ഇവിടെ ഇലക്ഷൻ കമ്മീഷൻ തിരിച്ചു കൊടുക്കുന്നില്ല, പിന്നെയാ ഇത്....!

ഇക്കൊല്ലം ഇനി വേറെ മത്സരമില്ലേ?

യു.ഡി.എഫിന്റെ തട്ടകത്തിൽ തോൽവി നേരിട്ട എൽ.ഡി.എഫ് അണികളുടേതാണ് ഈ ചോദ്യം. തോൽവി സംബന്ധിച്ച്, സന്ദേശത്തിലെ സഖാവ് കുമാരപിള്ളയുടെ ശൈലിയിൽ വിശദീകരണം വന്നത് അത്ര ഏശുന്ന മട്ടില്ല.

"അതായത് ഉത്തമാ....യു.ഡി.എഫും ട്വന്റി 20യും പി.ടി.യുടെ കാലത്ത് പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ബി.ജെ.പിയും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തെരഞ്ഞെടുപ്പ് നമ്മുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം."

ഈ ന്യായീകരണം പോരെന്നും ഏറ്റ തോൽവിക്ക് ജയിച്ച് പകരം വീട്ടണമെന്നുമാണ് അണികളുടെ പക്ഷം. പക്ഷേ ജയിക്കണമെങ്കിൽ ഒരു മത്സരം വേണ്ടേ?...

അതിനായി ഉപതിരഞ്ഞെടുപ്പ് വരാൻ കൊതിക്കുന്നത്, കാർന്നോര് കട്ടിലൊഴിയാൻ കാത്തിരിക്കുന്നതുപോലെ ഒരു അക്രമമല്ലേ?

പിന്നെ വേറെന്താ വഴി ?

വഴിയുണ്ട്! ഇക്കൊല്ലത്തെ മത്സരങ്ങൾ എല്ലാം തീർന്നിട്ടില്ല!

ഒരെണ്ണം ബാക്കിയുണ്ട്!

അതേത് മത്സരം....?

കാവിലെ പാട്ടുമത്സരം!

അതായത്,

ആറാമത് മട്ടന്നൂർ മുനിസിപ്പാലിറ്റി ഭരണസമിതി തിരഞ്ഞെടുപ്പ്...! അടുത്ത മാസം കളമൊരുങ്ങും. ആഗസ്റ്റിൽ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം.

എന്നാലും സിറ്റിംഗ് നഗരസഭ പിടിക്കുന്നതൊക്കെ ഒരു കാര്യമാണോ?

ഒരു നിയമസഭാ മണ്ഡലം നിലനിർത്തിയതിന് ഇത്രയും അർമാദമാകാമെങ്കിൽ നഗരസഭ പിടിക്കുന്നതും വലിയ കാര്യമാണ്.

അത് നേരാണ്. കണ്ണൂരിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിനേക്കാൾ ഗമയുള്ള കാര്യമാണ്.

അതേയ്... നിയമസഭയേക്കാൾ അത്ര മോശം സഭയൊന്നുമല്ല നഗരസഭ. അപ്പോൾ കൊടികളായ കൊടികൾ വേഗം നടുനിവർത്തുക. ലഡുകളായ ലഡുകൾക്കായി വേഗം മാവ് കുഴയ്ക്കുക.

'എയർ ഇന്ത്യ-വന്ദേ ഭാരത് ' മാതൃകയിൽ കെ.എസ്.ആർ.ടി.സി 'ഗിയർ എന്ത്യേ-വന്ദേ കേരൾ' പദ്ധതി പ്രഖ്യാപിച്ച് തൃക്കാക്കരയിലുണ്ടായിരുന്ന സകല ശുഭ്രവസ്ത്ര വിഭൂഷിത സുസ്മേര വദനന്മാരെയും ഉടൻ മട്ടന്നൂരെത്തിക്കുക.

മട്ടന്നൂർ എന്ന മോൺസ്റ്റർ


കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങൾ 1200. ഇവയിൽ 1199 ഇടത്തും തിരഞ്ഞെടുപ്പ് പ്രക്രിയ ഒരേ സമയത്താണ്. പക്ഷേ, മട്ടന്നൂർ ഇത്തിരി വൈകി, കുറച്ച് മീഡിയ കവറേജ് ഒക്കെ നേടി ഒറ്റയക്ക് മത്സരിക്കും.

അതിനൊരു കാരണമുണ്ട്.

1990ൽ നായനാർ സർക്കാരാണ് മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കിയത്. എന്നാൽ പിന്നീട് അധികാരത്തിലെത്തിയ കെ.കരുണാകരൻ മട്ടന്നൂരിനെ വീണ്ടും ഗ്രാമപഞ്ചായത്താക്കി. മട്ടന്നൂർ നഗരസഭയായി മാറുമ്പോൾ നികുതിഭാരം വർദ്ധിക്കുമെന്നും മട്ടന്നൂരിന് നഗരസ്വഭാവമില്ലെന്നും പ്രാദേശിക യു.ഡി.എഫ് നേതാക്കൾ വാദിച്ചപ്പോൾ സർക്കാർ വഴങ്ങുകയായിരുന്നു.

എന്നാൽ ഈ നടപടിയെ ചോദ്യം ചെയ്ത് ഇടതുമുന്നണി കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചു. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിൽ മട്ടന്നൂരിൽ തദ്ദേശ ഭരണം സ്തംഭിച്ചു.

മട്ടന്നൂർ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ 1995 ൽ തിരഞ്ഞെടുപ്പ് നടന്നു. 1996ൽ നായനാർ വീണ്ടും അധികാരത്തിലെത്തിയതോടെ മട്ടന്നൂർ പിന്നെയും നഗരസഭയായി. 1997ൽ ഭരണ സമിതിയെ തെരഞ്ഞെടുത്തു. അന്നുമുതലാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഒറ്റയാനായി മട്ടന്നൂർ നഗരസഭ മാറിയത്.

മട്ടന്നൂരിന്റെ മട്ടും ഭാവവും


നഗരസഭയിൽ എൽ.ഡി.എഫിന് നിലവിൽ ശക്തമായ സീറ്റ് നിലയാണ്. 2017ൽ ആകെയുള്ള 35 ഡിവിഷനുകളിൽ 28 ഇടത്തും ഇടതുമുന്നണി വിജയിച്ചു. എങ്കിലും യു.ഡി.എഫ് തീരുമാനം പോരാടാനാണ്. തൃക്കാക്കരയിലെ ക്ഷീണം മട്ടന്നൂരിൽ തീർക്കാമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. തൃക്കാക്കര വിജയത്തിന്റെ ഹാങ്ങോവർ മാറുംമുൻപ് ഒന്ന് മുട്ടി നോക്കിയാൽ മെച്ചമുണ്ടാകുമെന്നാണ് ഐക്യമുന്നണി വിലയിരുത്തൽ.

മട്ടന്നൂർ നഗരസഭ ഇടതിന്റെ ശക്തിദുർഗമാണെങ്കിലും യു.ഡി.എഫിനെ എഴുതിത്തള്ളാൻ പറ്റില്ല. കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകൾ മതിയെന്നിരിക്കെ, 2012ൽ അവർ 14 സീറ്റുകളിൽ വിജയിച്ച ചരിത്രമുണ്ട്.

തൃക്കാക്കരയിൽ പോൾ ചെയ്ത വോട്ടുകൾ മാത്രം 1.35 ലക്ഷമാണ്.

മട്ടന്നൂർ നഗരസഭയിൽ ആകെ വോട്ടർമാർ 40,000 ൽ താഴെയും. അതുകൊണ്ടുതന്നെ തൃക്കാക്കരയ്ക്ക് ബദൽ അല്ല മട്ടന്നൂർ.

എങ്കിലും ഇടതു-വലത് മുന്നണികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കാരണം, ഇക്കൊല്ലം ഇനി ജയിച്ചു കാണിക്കാൻ ഇതല്ലാതെ വേറെ മത്സരമില്ല!

വാൽക്കഷ്ണം:

പ്രചാരണം മന്ത്രിമാരെ ഏൽപ്പിക്കാതിരുന്നാൽ മാത്രം മതി, മട്ടന്നൂർ നിഷ്പ്രയാസം പിടിക്കാമെന്ന് ഇടത് വിശാരദർ പറയുന്നു.

പക്ഷേ, ടാഗ് ലൈൻ പഴയത് മതിയത്രേ.

"ഉറപ്പാണ് മട്ടന്നൂറ്;

ഉറപ്പാണ് നൂറ്...."

മട്ടന്നൂരിനെ മട്ടൻ+നൂറ് എന്ന് പിരിച്ചു കണ്ടാൽ, ആ സെഞ്ച്വറിയുടെ ഇഞ്ചുറിക്ക് തെല്ല് ആശ്വാസമാകും.!

TAGS :

Next Story