Quantcast

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കോടതി വിധിയുടെ കാണാപ്പുറങ്ങള്‍

മുസ്‍ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു രണ്ടു വിശദമായ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ നാമമാത്രമായ പദ്ധതികളാണിപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്.

MediaOne Logo
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കോടതി വിധിയുടെ കാണാപ്പുറങ്ങള്‍
X

സച്ചാര്‍/ പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുസ്‍ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ കേരളാ ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുകയാണ്. ഹൈക്കോടതി വിധി ഏതാനും സ്‌കോളര്‍ഷിപ്പുകളുടെ അനുപാതം ശരിയല്ലെന്നു പറയുകയാണ് ചെയ്തിരിക്കുന്നത് എന്ന മട്ടിലാണ് അതിനെ പൊതുവെ മനസ്സിലാക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. മുസ്‍ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു രണ്ടു വിശദമായ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ നാമമാത്രമായ പദ്ധതികളാണിപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്. ആ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുസ്‍ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനു മാറിവന്ന സര്‍ക്കാറുകള്‍ കാര്യമായ ഒരു നടപടിയും സ്വീകരിച്ചില്ല എന്നതും ആകെ നടപ്പാക്കിയ ഏതാനും സ്‌കോളര്‍ഷിപ്പുകളും പഠന കേന്ദ്രങ്ങളും മദ്രസാധ്യാപക ക്ഷേമനിധിയും തന്നെ മുസ്‍ലിം വിരുദ്ധമായ പ്രചാരണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതും മുസ്‍ലിം സമുദായത്തിനു മാത്രമായി നടപ്പാക്കേണ്ട പദ്ധതികള്‍ ന്യൂനപക്ഷ വകുപ്പ് രൂപീകരിച്ച് നേരത്തെ ഉണ്ടായിരുന്ന പദ്ധതികള്‍ ഉള്‍പ്പെടെ അതിന്റെ കീഴിലാക്കിയതും പിന്നീട് പടിപടിയായി അതിനെ പൂര്‍ണമായും അട്ടിമറിച്ചതും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അതേസമയം ഈ കോടതി വിധി മുന്നോട്ടുവെക്കുന്ന ഭരണഘടനാവിരുദ്ധവും അപകടകരവുമായ ചില നിയമവശങ്ങള്‍ കൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്.

പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി പ്രത്യേക പദ്ധതികള്‍ പാടില്ലേ?

കോടതി വിധിയിലെ ഏറ്റവും അപടകരമായ വശം ഏതെങ്കിലും പിന്നാക്ക ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അത് കേന്ദ്ര-സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകള്‍ സ്ഥാപിച്ച നിയമങ്ങളെ മറികടക്കുന്നതാണ് എന്നുമുള്ള നിരീക്ഷണമാണ്. ന്യൂനപക്ഷ കമ്മീഷനോ വകുപ്പിനോ കീഴില്‍ അത്തരം പദ്ധതികള്‍ നടപ്പാക്കരുത് എന്നതാണ് അതിന്റെ താല്‍പര്യം എന്ന് നമുക്ക് ഒറ്റനോട്ടത്തില്‍ തോന്നാം. പക്ഷെ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി നടപ്പാക്കപ്പെടുന്ന ഏതൊരു പദ്ധതിയും ഈ വിധിപ്രകാരം ചോദ്യം ചെയ്യപ്പെടാം. എല്ലാ പദ്ധതികളും ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതത്തില്‍ മാത്രമെ വീതിക്കപ്പെടാവൂ എന്നാണ് കോടതി നിരീക്ഷിക്കുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വിവേചനം കാണിക്കരുത് എന്ന ഭരണഘടനാ തത്വവും പൗരമാര്‍ക്ക് തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛേദങ്ങളും തെറ്റായി വ്യാഖ്യാനിച്ചാണ് കോടതി ഇത്തരമൊരു വിധിയിലേക്ക് എത്തിച്ചേരുന്നത്. എസ് സി / എസ് ടി വിഭാഗങ്ങളുടെ അകത്ത് ഉപവര്‍ഗീകരണം പാടില്ലെന്ന സുപ്രീംകോടതി വിധി ഉദ്ധരിച്ച് ന്യൂനപക്ഷം എന്നത് ഒരൊറ്റ കാറ്റഗറിയാണെന്നും അതിനകത്തും ഉപവര്‍ഗീകരണങ്ങള്‍ പാടില്ലെന്നും സ്ഥാപിക്കുകയാണ് കോടതി ചെയ്യുന്നത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ സംസ്‌കാരങ്ങളും വൈവിധ്യങ്ങളും സംരക്ഷിക്കുന്നതിനു പ്രത്യേകം പദ്ധതികള്‍ നടപ്പാക്കിയാല്‍ അത് ഭരണഘടനാ വിരുദ്ധമാണ് എന്നാണല്ലോ ഈ കോടതി വിധിയില്‍ നിന്നും അനുമാനിക്കാവുന്ന മറ്റൊരു കാര്യം. ഇന്ത്യയിലെ ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ അധികാര പങ്കാളിത്തത്തിലെ കുറവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയും വിശദമായി പഠിച്ച രണ്ടു കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി ആവിഷ്‌കരിച്ച പദ്ധതികള്‍ ന്യൂനപക്ഷ വകുപ്പിനു കീഴില്‍ നടപ്പാക്കുകയാണ് ഇവിടെ ചെയ്തത്.

പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരവും ആ കമ്മീഷന്‍ തന്നെ ആധാരമാക്കിയ പഠനങ്ങള്‍ പ്രകാരവും ഉദ്യോഗ പ്രാതിനിധ്യത്തിലും വിദ്യാഭ്യാസ രംഗത്തും ഏറെ മുന്നാക്കമാണ് എന്നു വ്യക്തമാക്കുന്ന സവര്‍ണ ക്രിസ്ത്യന്‍ സമൂഹത്തിനു കൂടി ജനസംഖ്യാനുപാതികമായി വീതിച്ചു നല്‍കണമെന്നാണ് കോടതി വിധിയുടെ മലയാളം. മുസ്‍ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാനായി മാത്രം ഒരു കമ്മീഷനെ നിയോഗിച്ചതും അതിന്റെ വെളിച്ചത്തില്‍ നടപ്പാക്കിയ പദ്ധതികളും ഭരണഘടനാ വിരുദ്ധമാണ് എന്നാണ് കോടതി പറഞ്ഞത്. മതന്യൂനപക്ഷമാണ് എന്ന കാരണത്താല്‍ മാത്രം ഉദ്യോഗ പ്രാതിനിധ്യത്തിലും സവര്‍ണ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക്, ഏറെ പിന്നിലുള്ള മുസ്‍ലിം സമുദായത്തിനും പിന്നാക്ക-ദലിത് ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളില്‍ എല്ലാം തന്നെ ജനസംഖ്യയനുസരിച്ചു പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന താല്‍പര്യമാണ് കോടതി വിധി സംരക്ഷിച്ചിരിക്കുന്നത്. ഇത് ഫലത്തില്‍ പിന്നാക്ക ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കോ ദലിത് ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കോ വേണ്ടി മാത്രമായി ഒരു പദ്ധതിയും നടപ്പാക്കരുത് എന്നുകൂടിയാണ് പറയുന്നത്. ഈ വിധി തുല്യത ഉറപ്പുവരുത്താനായി പിന്നാക്ക സമൂഹങ്ങള്‍ക്ക് ഏത് കാരണത്താലാണോ അവര്‍ പിന്നാക്കമായത് ആ കാരണം മുന്‍നിര്‍ത്തി അവരെ പ്രത്യേകം വര്‍ഗീകരിച്ചു പ്രത്യേകമായ പദ്ധതികള്‍ നടപ്പാക്കുന്നതിനു തടസ്സമില്ലെന്ന ഭരണഘടനാ മൂല്യത്തിന്റെ ലംഘനമാണ്. തുല്യത ഉറപ്പുവരുത്തുന്നതിനു കൂടുതല്‍ ഉള്ള സമുദായത്തിനും കുറവുള്ള സമുദായത്തിനും ജനസംഖ്യാനുപതികമായി ന്യൂനപക്ഷം എന്ന ഒരൊറ്റ ഏകകമായി എടുത്തു സര്‍ക്കാര്‍ പദ്ധതികളും വിഭവങ്ങളും വിതരണം ചെയ്യണം എന്നു പറയുന്നതാണ് ഭരണഘടനാ അനുഛേദം പതിനാലിന്റെ ലംഘനമാവുക. അതിനാല്‍ കേരളാ ഹൈക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണ്.

ജെ.ബി കോശി കമ്മീഷന്‍ പിരിച്ചു വിടേണ്ടിവരുമോ?

ന്യൂനപക്ഷങ്ങളെ ഒരൊറ്റ ഏകകമായി കണ്ടു മാത്രമേ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനാവൂ എന്ന വിധിയുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനായി മാത്രം നിയോഗിക്കപ്പെട്ട ജെ.ബി കോശി കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുകയാണ്. ഹൈക്കോടതി വിധി സ്വാഗതം ചെയ്ത ക്രിസ്ത്യന്‍ സംഘടനകളും കേരളാ കോണ്‍ഗ്രസുകളും മന്ത്രി എം.വി ഗോവിന്ദനുമൊക്കെ ഇക്കാര്യത്തിലും ഹൈക്കോടതിയുടെ വിധി അനുസരിച്ചാണോ സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടത് എന്നതുകൂടി വ്യക്തമാക്കണം. ഫലത്തില്‍ ന്യൂനപക്ഷങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഗണിച്ചു സംസ്ഥാനത്ത് ഒരു പദ്ധതിയും നടപ്പാക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിയുടെ താല്‍പര്യം. അങ്ങനെ ചെയ്യണമെങ്കില്‍ സവര്‍ണ/മുന്നാക്ക ക്രിസ്ത്യന്‍ സമൂഹത്തിനു കൂടി ജനസംഖ്യാ പങ്കാളിത്തം നല്‍കണം. എന്നുവെച്ചാല്‍ വിവേചനം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ മാത്രമേ പദ്ധതികള്‍ നടപ്പാക്കാനാവൂ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പരിവർത്തിത ക്രൈസ്തവർക്ക് വേണ്ടിയുള്ള പ്രത്യേക ക്ഷേമ പദ്ധതികളുടെയും നിയമ സാധുത ചോദ്യം ചെയ്യപ്പെടുകയാണ്.

സവര്‍ണ ക്രൈസ്തവ മേധാവിത്തം

സംസ്ഥാനത്ത് ദലിത് ആദിവാസി സമൂഹങ്ങള്‍ക്കും ഇതര പിന്നാക്ക സമൂഹങ്ങള്‍ക്കും പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കും വിവിധ പദ്ധതികള്‍ നടപ്പാക്കിയത് അവരുടെ പിന്നാക്കാവസ്ഥ വിവിധ പഠന റിപ്പോര്‍ട്ടുകളായി പുറത്തു വന്നതിനു ശേഷമാണ്. എന്നിട്ടും പല പദ്ധതികളും ഏട്ടിലെ പശുവാണ്. സച്ചാര്‍-പാലോളി കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ മിക്കവയും നടപ്പാക്കിയിട്ടില്ല. നടപ്പാക്കിയ പദ്ധതികള്‍ പലതും ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കുകയോ ആവശ്യമായ ഫണ്ടു വകയിരുത്തുകയോ ചെയ്തിട്ടില്ല. അതേസമയം ഒരു പഠന റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനമില്ലാതെയാണ് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ സ്ഥാപിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പല സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നത് ഈ കോര്‍പ്പറേഷനാണ്. കാബിനറ്റ് പദവി ഉള്‍പ്പെടെ വലിയ പരിഗണനയാണ് ഈ കോര്‍പ്പറേഷന് സര്‍ക്കാറുകള്‍ നല്‍കുന്നത്. കേരളാ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ചു തന്നെ ഏകദേശം പത്തു കോടി രൂപ സ്‌കോളര്‍ഷിപ്പിനു മാത്രമായി മുന്നാക്ക വികസന കോര്‍പ്പറേഷന് നല്‍കുന്നുണ്ട്. ഇതില്‍ വലിയൊരു പങ്ക് സവര്‍ണ ക്രിസ്ത്യന്‍ സമൂഹത്തിനാണ് ലഭിക്കുന്നത്. ഇതിനു പുറമെ സംസ്ഥാനത്ത് ജനസംഖ്യാനുപാതമോ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ നടപ്പാക്കിയ ഭരണഘടനാ വിരുദ്ധമായ സവര്‍ണ സംവരണ ആനുകൂല്യവും സവര്‍ണ ക്രിസ്ത്യന്‍ സമൂഹത്തിനുണ്ട്. അതും കൂടാതെ പിന്നാക്ക മുസ്‌ലിം/ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന നാമമാത്രമായ സ്‌കോളര്‍ഷിപ്പില്‍ കൂടി അവര്‍ക്ക് അനര്‍ഹമായ പങ്കുനല്‍കുക എന്ന ഉദ്ദേശം മാത്രമേ ഈ കോടതി വിധിയിലൂടെ നടപ്പാക്കപ്പെടുന്നുള്ളൂ.

സമഗ്രമായ പരിഹാരം വേണം

മുസ്‍ലിം സമുദായത്തിനു സച്ചാര്‍ കമ്മീഷനും പാലോളി കമ്മീഷനും കണ്ടെത്തിയ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു സമഗ്രമായ പാക്കേജ് പ്രഖ്യാപിച്ചു, ഫണ്ട് വകയിരുത്തി, അതിനു നിയമപരമായ സംരക്ഷണം നല്‍കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. അതേസമയം ന്യൂനപക്ഷ വകുപ്പിന് കീഴില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന ഭരണഘടനാ വിരുദ്ധമായ കോടതി വിധി സൃഷ്ടിച്ച സാഹചര്യം മറികടക്കുന്നതിനു ആവശ്യമായ നടപടികളും സര്‍ക്കാര്‍ ആലോചിക്കണം. ഈ വശങ്ങള്‍ ഒന്നും കാണാതെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ മുസ്‍ലിം സമുദായം നിരന്തരമായി ആവശ്യപ്പെടുന്ന, വിവിധ പദ്ധതികളും സമുദായത്തിന്റെ പ്രാതിനിധ്യവും സമഗ്രമായി പ്രതിപാദിക്കുന്ന ധവളപത്രം പുറത്തിറക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

Next Story