Quantcast

തടവിലടയ്ക്കപ്പെട്ട നിരപരാധിത്വം; ഹാനി ബാബുവിന്റെ അടിയന്തര മോചനത്തിനുവേണ്ടി കുടുംബത്തിന്റെ തുറന്ന ഹരജി

അംബേദ്കറൈറ്റ് വീക്ഷണത്തിലുള്ള ജാതിവിരുദ്ധ പോരാട്ടത്തോടും സാമൂഹ്യനീതിയോടും പുലർത്തിയ അചഞ്ചലമായ പ്രതിബദ്ധതയാണ് ഹാനി ബാബു ചെയ്ത ഒരേയൊരു 'കുറ്റം'

MediaOne Logo

Web Desk

  • Updated:

    2021-05-05 18:10:50.0

Published:

5 May 2021 5:36 PM GMT

തടവിലടയ്ക്കപ്പെട്ട നിരപരാധിത്വം; ഹാനി ബാബുവിന്റെ അടിയന്തര മോചനത്തിനുവേണ്ടി കുടുംബത്തിന്റെ തുറന്ന ഹരജി
X

തെറ്റിൽ തന്നെ ഉറച്ചുനിൽക്കുക എന്നതാണ് ഏറ്റവും ഗുരുതരമായ തെറ്റ്. ബികെ-16ന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതും ഇതുതന്നെയാണ്. തുടക്കത്തിൽ കൊലപാതക-ഗൂഢാലോചനാ ആരോപണത്തോടെ പതിനാറ് പേരെ അറസ്റ്റ് ചെയ്ത ഭീമാ കൊറേഗാവ്-എൽഗാർ പരിഷദ് കേസ്, ഇന്ന് വ്യക്തിഗത കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി സ്ഥാപിച്ച ഒപ്പുരേഖപ്പെടുത്താത്തതും സ്ഥിരീകരിക്കാത്തതുമായ നാമമാത്ര എഴുത്തുകുത്തുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. എന്നിട്ടും ഭരണകൂടം ഇരുട്ടിൽ തപ്പി നീതി തടഞ്ഞുകൊണ്ടേയിരിക്കുന്നു.

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഹാനി ബാബു എം.ടി ആണ് പന്ത്രണ്ടാമതായി ബികെ-16ൽ അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹത്തെ പരിചയമില്ലാത്തവർക്കായി സൂചിപ്പിക്കട്ടെ: ഹാനി ബാബു ഹൈദരാബാദ് ഇഫ്‌ലുവിൽനിന്നും കോൺസ്റ്റാൻസ് യൂണിവേഴ്‌സിറ്റി ജർമനിയിൽനിന്നും ഡോക്ടറേറ്റ് ലഭിച്ച ഭാഷാപണ്ഡിതനാണ്. സ്വയം അംബേദ്കറൈറ്റായി തിരിച്ചറിഞ്ഞ് തന്റെ ജീവിതവും പ്രവർത്തനങ്ങളും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ജാതിവിരുദ്ധ പോരാട്ടങ്ങൾക്കായി ഉഴിഞ്ഞുവച്ച സത്യസന്ധനായ അധ്യാപകനും സോഷ്യൽ ആക്ടിവിസ്റ്റുമാണ് അദ്ദേഹം. മറ്റുള്ളവരുടെ അത്യാവശ്യങ്ങളെ തന്റെ ആവശ്യങ്ങളായി മാറ്റുന്ന അദ്ദേഹത്തെ, അടിയുറച്ച ജനാധിപത്യവിശ്വാസവും പ്രബുദ്ധതയും സൗഹാർദവുമുള്ള ധൈഷണികരിൽ ഒരാളായി വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ കാണുന്നതിൽ അദ്ഭുതമില്ലല്ലോ.

അതുകൊണ്ടുതന്നെ അടിസ്ഥാനരഹിതമായ ഭീമാ കൊറേഗാവ്-എൽഗാർ പരിഷദ് കേസിൽ അന്യായമായി സംശയിക്കപ്പെട്ട ഹാനി ബാബു നേരിടുന്ന ആസൂത്രിത ഭരണകൂടവേട്ട അങ്ങേയറ്റം അപലപനീയമാണ്. അഞ്ച് ദിവസത്തെ നിരർത്ഥകമായ ചോദ്യംചെയ്യലിനായി എൻഐഎ ബോംബെയിലേക്ക് വിളിപ്പിച്ച ഹാനി ബാബുവിനെ 2020 ജൂലൈ 28ന് ഭീമാ കൊറേഗാവ്-എൽഗാർ പരിഷദ് കേസിൽ അന്യായമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അറസ്റ്റിനുമുമ്പ് 2019 സെപ്റ്റംബറിലും അറസ്റ്റിനു ശേഷം 2020 ആഗസ്റ്റിലും ഹാനി ബാബുവിന്റെ വീട്ടിൽ നീണ്ടതും ഭയപ്പെടുത്തുന്നതുമായ റെയ്ഡ് നടത്തിയിരുന്നു. വാറണ്ടോ മതിയായ രേഖകളോ കൂടാതെ, തെളിവെടുപ്പിന്റെ അടിസ്ഥാന നടപടിക്രമങ്ങളെപ്പോലും അവഗണിച്ചുകൊണ്ട്, പുസ്തകങ്ങളും രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും യുഎപിഎയുടെ പേരിൽ പിടിച്ചെടുക്കുകയുണ്ടായി. ഇങ്ങനെ പിടിച്ചെടുത്ത വസ്തുക്കളെപ്പറ്റിയുള്ള കൃത്യമായ പട്ടികയോ ഹാഷ് വാല്ല്യുവോ നൽകാതിരിക്കുകവഴി അവയുടെ തെളിവ്മൂല്യത്തിൽ വിട്ടുവീഴ്ച ചെയ്യുകയും പിന്നീടുള്ള ദുരുപയോഗത്തിന് സാധ്യതയൊരുക്കുകയുമാണ് ചെയ്തത്. വാസ്തവത്തിൽ ഈ പരിശോധനയിലും പിടിച്ചെടുക്കലിലും ആദ്യന്തം പുലർത്തിയ ന്യായരഹിതസമീപനവും തുടർന്ന് മഹാമാരിയുടെ വ്യാപനം ഉച്ചസ്ഥായിയിലെത്തിയ ആദ്യഘട്ടത്തിനിടയ്ക്കുണ്ടായ സമൻസും അറസ്റ്റും ഹാനി ബാബുവിനെപ്പോലെ നിയമവാഴ്ചയിൽ അങ്ങേയറ്റം വിശ്വസിക്കുകയും എല്ലായ്‌പ്പോഴും ജനാധിപത്യപരമായ വഴികളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാളോടുള്ള കടുത്ത അനീതിയാണ്.

നിരപരാധിയായ ഹാനി ബാബു ഇതിനകം, തന്നെപ്പോലെ വിചാരണത്തടവുകാരെ നിറച്ച ബോംബെയിലെ തിങ്ങിനിറഞ്ഞ ഒരു ജയിലിൽ ഒൻപത് മാസം കഴിച്ചുകൂട്ടിക്കഴിഞ്ഞു. അറസ്റ്റിനുമുമ്പുണ്ടായ അഞ്ചുദിവസം നീണ്ട ചോദ്യംചെയ്യലിൽ, ഈ കേസിൽ നേരത്തെ അറസ്റ്റുചെയ്ത ആർക്കെങ്കിലുമെതിരെ മൊഴി കൊടുത്തുകൊണ്ട് ഒരു സാക്ഷിയാക്കാനുള്ള സമ്മർദ്ദം എൻഐഎ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടെന്ന് ഹാനി ബാബു ഞങ്ങളോട് സൂചിപ്പിച്ചിരുന്നു. അറസ്റ്റിനു മുമ്പ് ഹാനി ബാബുവിന്റെ മൊബൈലിൽനിന്നുള്ള അവസാനത്തെ കോളിൽ ഇത്തരത്തിൽ മറ്റുള്ളവരുടെ പങ്കിനെപ്പറ്റി തെറ്റായ വിവരങ്ങൾ നൽകുന്നത് താൻ നിരസിച്ചതിലുള്ള ഉദ്യോഗസ്ഥരുടെ അതൃപ്തിയെപ്പറ്റി സൂചനയുമുണ്ടായിരുന്നു.

ഹാനി ബാബുവിനു മേലുള്ള 'കുറ്റാരോപണം'-അതുമാത്രം-ഒരു 'തെളിവായി' എടുത്തുകൊണ്ട് മാവോയിസ്റ്റ് എന്ന മുദ്രകുത്തി അനന്തമായി തടവിലിട്ടിരിക്കുന്നതിൽനിന്നും, ഹാനിബാബുവിന്റെ നീതിബോധത്തിന് പ്രതിഫലമായി എൻഐഎ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാൻ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ. ഇതിനുപുറമെ, പുതുതായി അറസ്റ്റ് ചെയ്തയാളെ ചോദ്യം ചെയ്യുകയും പുതിയ തെളിവുകൾ പരിശോധിക്കുകയും ചെയ്യേണ്ടതുണ്ടെന്ന കാരണം പറഞ്ഞ് അറസ്റ്റ് ചെയ്യപ്പെട്ട 16 പേരുടെയും ചാർജ് ഷീറ്റ് ഫയൽ ചെയ്യുന്നത് ദീർഘിപ്പിക്കുന്ന രീതിയിലുള്ള ആസൂത്രണമാണുണ്ടായിട്ടുള്ളത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള, പരസ്പരം പരിചയം പോലുമില്ലാത്ത, ബികെ-16ൽ പെട്ടുപോയ ആർക്കും, അവർ തന്നെ നിരപരാധികളായിരിക്കെ, മറ്റൊരാൾക്കെതിരെ വ്യാജമൊഴി കൊടുക്കാനായിട്ടില്ലെന്നിരിക്കേ, എൻഐഎ ഇപ്പോഴും പടച്ചുവിട്ട നുണയിൽ ഉറച്ചുനിന്നു കൊണ്ട്, ഈ കേസ് ഒരു തെറ്റല്ലെന്നു തെളിയിക്കാനുള്ള കഠിനശ്രമത്തിലാണ്.

ഹാനി ബാബുവിന്റെ കുടുംബാംഗങ്ങളായ ഞങ്ങളുടെ കടുത്ത മാനസികപീഡനവും വേദനയും, ഈ കോവിഡ് കാലത്തെ ഭീകരാവസ്ഥയിലുള്ള ഉൽക്കണ്ഠയും, പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ ജയിലുകളിലെ കോവിഡ്-19 കേസുകളുടെ ദ്രുതഗതിയിലുള്ള വർധനവിൽ ബോംബെ ഹൈക്കോടതി പോലും സ്വമേധയാ പൊതുതാൽപര്യ ഹരജി പരിഗണിക്കുന്ന സന്ദർഭത്തിൽ, നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.


അംബേദ്കറൈറ്റ് വീക്ഷണത്തിലുള്ള ജാതിവിരുദ്ധ പോരാട്ടത്തോടും സാമൂഹ്യനീതിയോടും പുലർത്തിയ അചഞ്ചലമായ പ്രതിബദ്ധതയാണ് ഹാനി ബാബു ചെയ്ത ഒരേയൊരു 'കുറ്റം' എന്ന് സംശയത്തിന്റെ ഒരു കണിക പോലുമില്ലാതെ ഞങ്ങൾക്ക് പറയാൻ കഴിയും. അതിനുവേണ്ടി ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഒബിസി സംവരണം പ്രാബല്യത്തിൽ വരുത്തുന്നതിനും എസ്‌സി/എസ്ടി വിവേചനം അവസാനിപ്പിക്കുന്നതിനും ആദ്യകാലത്ത് നിരന്തരം പോരാടിയവരിൽ ഒരാളായിരുന്നു അദ്ദേഹം. അതുപോലെ, സഹവിദ്യാർഥിയും പിന്നീട് സഹപ്രവർത്തകനുമായ, തൊണ്ണൂറ് ശതമാനവും ശാരീരിക വൈകല്യങ്ങളോടെ ഇപ്പോഴും ജയിലിൽ നീതിനിഷേധിക്കപ്പെട്ട് കഴിയുന്ന ജിഎൻ സായിബാബയ്ക്കുവേണ്ടി രൂപം നൽകിയ 'കമ്മിറ്റി ഫോർ ദ ഡിഫൻസ് ആൻഡ് റിലീസ് ഓഫ് സായിബാബ'യിലും ഹാനി ബാബു സജീവമായി ഇടപെട്ടിരുന്നു. സംവരണം നടപ്പാക്കുന്നതിനുവേണ്ടി ഉയർത്തുന്ന ശബ്ദങ്ങളും സ്വതന്ത്രവും നീതിപൂർവവുമായ വിചാരണയ്ക്കുവേണ്ടിയുള്ള ഒരു പൗരന്റെ അവകാശത്തിനായി ഉയർത്തുന്ന പ്രതിരോധങ്ങളും നിയമപ്രകാരമുള്ള പ്രവർത്തനങ്ങളായിരിക്കെ, ഇവയെ കുറ്റമായും മാവോയിസ്റ്റ് ബന്ധമായും വ്യാഖ്യാനിക്കുന്നത് ശരിക്കും അതിശയവും ഞെട്ടലും ഉളവാക്കുന്നു. വാസ്തവം അതാണെന്നിരിക്കെ മുകളിൽ സൂചിപ്പിച്ച വിഷയങ്ങളിലുള്ള ഹാനി ബാബുവിന്റെ ഇടപെടലുകളാണ് വക്രീകരിച്ചതും മർദ്ദകസ്വഭാവമുള്ളതുമായ നീതിലഭ്യതയുടെ നടപടിക്രമങ്ങളെപ്പറ്റി, അത് ആത്യന്തികമായി 'നീതി' അല്ലെങ്കിൽക്കൂടി, മനസിലാക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഇത് 2015ൽ എൽഎൽബി എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും അതുവഴി തുല്യാവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾക്ക് നിയമസഹായം നൽകിവരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലംതന്നെ ഹാനി ബാബു മാവോയിസ്റ്റ് ആണെന്ന കഴമ്പില്ലാത്ത ആരോപണത്തിന്റെ ഭ്രമജനകതയെ അടിവരയിടുന്നു. മറ്റുള്ളവരുടെ ഭാഷാശേഷി വർധിപ്പിക്കാൻ പരിശീലനം നൽകിയും, പുതിയ ഭാഷ ഒപ്പമുള്ളവരിൽനിന്ന് പഠിക്കാൻ ശ്രമിച്ചും, സഹതടവുകാർക്ക് നിയമോപദേശങ്ങൾ നൽകിയും, മറ്റുള്ളവരുടെ അവസ്ഥയെ മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന അർപ്പണമനോഭാവം ജയിലിനുള്ളിലും തുടരുകയാണെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.

കാതലായ ഒരു തെളിവും ഇതുവരെ എൻഐഎക്ക് പുറത്തുവിടാൻ സാധിക്കാത്തതിലൂടെ ഹാനി ബാബുവിന്റെ പൗരാവകാശങ്ങളും നിയമാവകാശങ്ങളും തുടർലംഘിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നു മാത്രമല്ല, പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ക്‌ളോൺ കോപ്പി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാനി ബാബുവിന്റെ അപേക്ഷ അനന്തമായി നീട്ടിവയ്ക്കുകവഴി അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്നത്തിനുവേണ്ടി നടത്തുന്ന പ്രതിരോധശ്രമങ്ങളെക്കൂടിയാണ് ദുർബലപ്പെടുത്തുന്നത്. നിരാകരണത്തിന് സമാനമായ ഇത്തരം അനന്തമായ നീട്ടിവയ്ക്കൽ ഒരു സൂചകമായി മാറുന്നത് മസാച്യുസെറ്റ്‌സിലെ ആഴ്‌സണൽ കൺസൾടിങ് എന്ന ഡിജിറ്റൽ ഫോറൻസിക് കമ്പനിയുടെ കണ്ടെത്തൽ കൂടി പുറത്തുവരുമ്പോഴാണ്. ബികെ-16ൽ ഒരാളായ റൊണാ വിൽസന്റെ കമ്പ്യൂട്ടറിൽ മലീഷ്യസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സൈബർചാരൻമാർ (ഹാക്കർ) നുഴഞ്ഞുകയറി സ്ഥാപിച്ച ഒരുകൂട്ടം രേഖകളെപ്പറ്റിയാണ് ഫോറൻസിക് റിപ്പോർട്ട്. ഈ കേസിന്റെ അടിത്തറയായ മാവോയിസ്റ്റ് ഇടപാടുകളുടെ ഏക തെളിവ് ഇത്തരത്തിൽ ഒരു ലാപ്പ്‌ടോപ്പിൽ സ്ഥാപിച്ച് മറ്റ് ലാപ്പ്‌ടോപ്പുകളിലേക്ക് വ്യാപിച്ച ഒരുകൂട്ടം രേഖകളാണെന്നത് കേസിന്റെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്നു.

ഇപ്രകാരം പ്രസിദ്ധീകരിക്കപ്പെട്ട നിരവധി കണ്ടെത്തലുകളെപ്പറ്റി, ഒരു വർഷത്തിന് ശേഷംപോലും കോടതി സ്വമേധയാ ഒരു നിരീക്ഷണം ഇതുവരെ നടത്താത്തതും, 'തെളിവുകളാ'യി സമർപ്പിക്കപ്പെട്ടിട്ടുള്ള രേഖകൾക്കുമേൽ ഫോറൻസിക് വിശകലനത്തിനും വേഗത്തിലുള്ള സ്വതന്ത്രാന്വേഷണത്തിനും ഉത്തരവിടാത്തതും ഞങ്ങളെ അമ്പരപ്പിക്കുന്നു. ഏതൊരു ജനാധിപത്യരാജ്യത്തും അടിയന്തരമായി ലഭ്യമാകുന്ന ഇത്തരം നടപടിക്രമങ്ങൾ അവഗണിച്ചുകൊണ്ട് സ്വീകരിക്കുന്ന നീട്ടിവയ്ക്കൽതന്ത്രങ്ങൾ നീതി ലഭിക്കുന്നതിന് പ്രതിബന്ധം തീർക്കാനുള്ള ഉപാധിയായി മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളൂ. എന്നുമാത്രമല്ല, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മിക്ക രാജ്യങ്ങളും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുമ്പോൾ, ബികെ-16ൽനിന്നുമുള്ള ആവർത്തിച്ച ജാമ്യാപേക്ഷകൾ, വയസോ ആരോഗ്യസ്ഥിതിയോ പോലും കണക്കിലെടുക്കാതെ ഒറ്റയടിക്ക് നിരസിക്കുകയാണ് ചെയ്യുന്നത്. ആയതിനാൽ വിവിധ ജയിലുകളിൽ വർധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളും മരണങ്ങളുംമൂലം ജയിലിലെ അവസ്ഥയെപ്പറ്റി ഞങ്ങൾ അങ്ങേയറ്റം ഉത്കണ്ഠാകുലരാണ്. ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ കഠിനമായ ലംഘനമല്ലാതെ മറ്റൊന്നുമല്ല. കോവിഡ് എന്ന നാട്യത്തിൽ തുടക്കം മുതൽ ഹാനി ബാബുവിന് വ്യക്തിപരമായ സന്ദർശനങ്ങൾ പോലും വിലക്കിയത് മനുഷ്യാവകാശ ലംഘനങ്ങളുടെ എല്ലാ അതിർവരമ്പുകളെയും ഭേദിക്കുന്നതാണ്. കൂടാതെ, ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇടയ്ക്കിടെ അദ്ദേഹത്തിനയച്ച പുസ്തകങ്ങളടങ്ങിയ പാഴ്‌സലുകൾ വരെ നിരസിച്ചിട്ടുണ്ട്; പലപ്പോഴും കത്തുകൾ അയക്കുന്നതും സ്വീകരിക്കുന്നതും ഫോൺ കോളുകൾ ചെയ്യുന്നതുപോലും ബന്ധപ്പെട്ട അധികാരികളുടെ തന്നിഷ്ടപരമായ നിയന്ത്രണങ്ങളിൽക്കൂടിയാണെന്നാണ് മനസിലാക്കുന്നത്.

ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന ഈ മഹാമാരി ബാധിക്കാത്ത ഒരു വ്യക്തിയോ കുടുംബമോ സ്ഥാപനമോ (കോടതിയുൾപ്പെടെ) ഉണ്ടാകില്ല. ഈ പ്രത്യേകഘട്ടത്തിൽ, നീതിയുടെ നിരന്തര പരീക്ഷണത്തിനും പരിഹാസത്തിനും വിധേയരാകുന്ന, ഭരണഘടന ഉറപ്പുതരുന്ന ജനാധിപത്യാവകാശങ്ങളിൽ വിശ്വസിക്കുകയും അതിനെ ഉയർത്തിപ്പിടിക്കുകയും ചെയ്തതിന്റെ പേരിൽ, ഹാനി ബാബുവിനെ പോലെ, വിചാരണാതടവുകാരായി ജയിലിൽ കഴിയുന്നവരുടെ കുടുംബത്തിനുണ്ടാകുന്ന ഇരട്ട ആഘാതം വാക്കുകൾ കൊണ്ട് വിവരിക്കുക അസാധ്യമാണ്. ആശയവിനിമയം, ക്രയവസ്തുക്കൾ, പണം തുടങ്ങിയവയ്ക്കുമേലുള്ള കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ വിചാരണയും കാത്ത് എന്നെന്നേക്കുമായ് തടവിലടയ്ക്കപ്പെട്ടവരുടെ സംഘർഷം അവാച്യമാണ്. പുറത്ത് നാം നിസാരമായി കരുതുന്ന പലതും ജയിലിനുള്ളിൽ അമൂല്യമാണെന്ന് അപൂർവംവരുന്ന ഹാനി ബാബുവിന്റെ കത്തുകളിലൊന്നിൽ സൂചിപ്പിക്കുന്നുണ്ട്. പോസ്റ്റൽ സ്റ്റാമ്പിന്റെയും പേപ്പറിന്റെയും പേനയുടെയുമൊക്കെ ദൗർലഭ്യവും, ലഭ്യമാകുമ്പോഴുള്ള അതിന്റെ താങ്ങാനാകാത്ത വിലയും മൂലം അപൂർവമായി മാത്രമേ കത്തുകൾ എഴുതാൻ സാധിക്കുന്നുള്ളൂ. എന്നിട്ടും തനിക്ക് ന്യായമായി അവകാശപ്പെട്ട ജീവിതം നീതിന്യായവ്യവസ്ഥ തിരിച്ചുതരുമെന്ന ഹൃദയപൂർവമായ പ്രതീക്ഷയും അചഞ്ചല വിശ്വാസവും ഹാനിബാബുവിന്റെ എഴുത്തുകളിൽ പ്രകടമാണ്.

ഇനിയും വിചാരണയ്ക്ക് വരുത്തുന്ന കാലതാമസം ഹാനി ബാബുവിനെ അദ്ദേഹത്തിന്റെ വ്യക്തിപരവും അക്കാദമികവും ബൗദ്ധികവുമായ ജീവിതത്തിൽനിന്നും വീണ്ടും അകറ്റിക്കൊണ്ടുപോവുകയാണ്. സുപ്രീംകോടതിയുടെ സമീപകാലത്തെ ഒരു നിരീക്ഷണം ഉറപ്പിച്ചുപറയുന്നത് കാലതാമസം വരുത്താതെയുള്ള വിചാരണ, അത് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരായാൽപ്പോലും ഒരു മൗലികാവകാശമാണെന്നാണ്. നടപടിക്രമങ്ങൾ തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ ഇനിയും തുടരാതിരിക്കട്ടേ!

ഹാനി ബാബുവിന്റെ കുടുംബാംഗങ്ങളായ ഞങ്ങൾ ഇതിനാൽ അഭ്യർത്ഥിക്കുന്നു: 1) പ്രതിഭാഗത്തിന് സ്വതന്ത്രാന്വേഷണം നടത്താനും അതിവേഗം വിചാരണ ആരംഭിക്കുന്നതിനുമായി ക്‌ളോൺകോപ്പികൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും എത്രയും വേഗം ലഭ്യമാക്കുക. 2) വിചാരണ ആരംഭിക്കുംവരെ നിലവിലെ നിയമവ്യവസ്ഥകൾക്കനുസരിച്ച് എല്ലാ കുറ്റാരോപിതർക്കും എത്രയും വേഗം ജാമ്യം അനുവദിക്കുക.

അല്ലാത്തപക്ഷം വളഞ്ഞുതിരിഞ്ഞതും നിർദയവുമായ, പുറത്തുകടക്കാനാവാത്ത വലയമെന്ന പഴി നിയമവാഴ്ച സ്വയം വിളിച്ചുവരുത്തുകയാണ്.

എന്ന്

ഭാര്യ ജെനി, മകൾ ഫർസാന, മാതാവ് ഫാത്തിമ, സഹോദരന്മാരായ ഹരീഷ്, അൻസാരി

TAGS :

Next Story