Quantcast

റുവാണ്ട: പരസ്പരം മാപ്പുകൊടുത്ത ജനത

ആധുനിക ലോകം മൂന്നു മാസം കൺകെട്ടി നിന്നതിന്റെ ഫലമാണ് റുവാണ്ടൻ വംശഹത്യ എന്ന് വിശേഷിപ്പിക്കാം

MediaOne Logo

അഭിഷേക് പള്ളത്തേരി

  • Updated:

    2021-07-04 10:09:24.0

Published:

4 July 2021 9:52 AM GMT

റുവാണ്ട: പരസ്പരം മാപ്പുകൊടുത്ത ജനത
X

'ആയിരം മലകളുടെ നാട്' എന്നറിയപ്പെടുന്ന മനോഹരമായ മധ്യആഫ്രിക്കൻ രാജ്യമാണ് റുവാണ്ട. സുരക്ഷിതമായ ആഫ്രിക്കൻ രാജ്യം. പത്തു ലക്ഷത്തിനടുത്ത് ആളുകൾ നൂറു ദിവസത്തിനുള്ളില്‍ വംശഹത്യയിലൂടെ ജീവൻ നഷ്ടമായ രാജ്യം കൂടിയാണത്. 1994 ജൂലൈ നാലിന് ആ വംശഹത്യക്ക് അറുതി വന്ന ദിവസം, ലിബറേഷൻ ഡേ ആയി അവരാഘോഷിക്കുന്നു. ആധുനിക ലോകം മൂന്നു മാസം കൺകെട്ടി നിന്നതിന്റെ ഫലമാണ് റുവാണ്ടൻ വംശഹത്യ എന്ന് വിശേഷിപ്പിക്കാം. അക്കാലത്തേക്കുള്ള ഒരെത്തിനോട്ടമാണ് ചുവടെ.

1917 ൽ ബെൽജിയം റുവാണ്ടയെ ഭരിച്ചു തുടങ്ങുന്നു. എണ്ണത്തിൽ ന്യൂനപക്ഷമായ, അന്നത്തെ കാലത്തു കാലിവളർത്തൽ മൂലം സമ്പന്നമായ 'ടുട്‌സി' എന്ന ഗോത്രവിഭാഗത്തിനു ഭരണകൂടം കൂടുതൽ അധികാരവും സർക്കാർ ഉദ്യോഗങ്ങളും നൽകി. 'ഹുട്ടു ' എന്ന ഭൂരിപക്ഷ കർഷകവിഭാഗം ഈ വേർതിരിവ് പതിറ്റാണ്ടുകളോളം അനുഭവിച്ചു. 1959 ൽ ടുട്‌സികൾക്ക് എതിരെ ലഹള ആരംഭിച്ചു. 25000 ത്തിനു മുകളിൽ ടുട്‌സികൾ കൊല്ലപ്പെട്ടു. ലക്ഷകണക്കിന് പേർ അഭയാർഥികളായി അയൽരാജ്യമായ ഉഗാണ്ടയിലേക്കും കോംഗോയിലേക്കും ചേക്കേറി. 1962 ജൂലൈ ഒന്നിന് ബെൽജിയം ഭരണത്തിന് കീഴിൽ ഒന്നായിരുന്ന റുവാണ്ടയും ബുറുണ്ടിയും സ്വാതന്ത്ര്യം നേടി.

'ഹുട്ടു' നിയന്ത്രിത സർക്കാർ റുവാണ്ടയിൽ അധികാരത്തിൽ വന്നു. 1973ൽ ആദ്യത്തെ പ്രസിഡന്റിനെ പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭൃഷ്ടനാക്കി മറ്റൊരു ഹുട്ടു വംശജനായ പട്ടാളഓഫീസർ ജുവേനെൽ ഹബ്യാരിമന അധികാരം പിടിച്ചെടുത്തു. ഉഗാണ്ടയിൽ കഴിയുന്ന ടുട്‌സി വംശജർക്കു 1986ൽ അധികാരത്തിൽ വന്ന പുതിയ ഉഗാണ്ടൻ പ്രസിഡന്റ് യോവെരി മുസേവേനിയുടെ സഹായം ലഭിക്കുകയും ഉഗാണ്ടൻ ആർമിയിൽ അവരെ നിയമിക്കുകയും ചെയ്തു. (മുസേവനിയെ അധികാരത്തിൽ വരുവാൻ ടുട്‌സി വിഭാഗം കായികമായി സഹായിച്ചിരുന്നു.)

ഉഗാണ്ടയിൽ രൂപീകരിച്ച റുവാണ്ടൻ പാട്രിയോട്രിക് ഫ്രണ്ട് (ആർപിഎഫ്) 1990ൽ റുവാണ്ട ആക്രമിക്കുകയും ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെടുകയും ചെയ്തു. ഇതിനിടയിൽ പോൾ കഗമേ എന്ന യുവനേതാവ് പാട്രിയോട്രിക് ഫണ്ട് വിഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. 1992 ൽ ഹബ്യാരിമന ആർപിഎഫുമായി സമാധാനഉടമ്പടിയിൽ ഏർപ്പെട്ടെങ്കിലും ഇടയ്ക്കിടെ കലാപങ്ങൾ സാധാരണമായിരുന്നു. 1994 ജനുവരിയിൽ ഹുട്ടു വിഭാഗം തങ്ങളുടെ അധികാരത്തിനു എപ്പോഴും തടസമായി നിൽക്കുന്ന ടുട്‌സികളെ ആക്രമിക്കാൻ ഒരുങ്ങുന്നു എന്നുള്ള രഹസ്യ വിവരം യുഎൻ പീസ് കീപ്പിങ് ഫോഴ്‌സ് കമ്മാണ്ടർ റോമിയോ ഡലിയർ അറിയിച്ചെങ്കിലും അമേരിക്കയും യുഎന്നും അത് തള്ളിക്കളഞ്ഞു. 1994 ഏപ്രിൽ 6 നു പ്രസിഡന്റ് ഹബ്യാരിമന ടാൻസാനിയയിൽ നിന്ന് സമാധാനചർച്ചക്കു ശേഷം തിരിച്ചുവരുമ്പോൾ കിഗാലി എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപ് റോക്കറ്റ് ആക്രമണത്തെ തുടർന്നുണ്ടായ വിമാന അപകടത്തിൽ കൊല്ലപ്പെടുന്നു. കൂടെയുണ്ടായിരുന്ന ബുറുണ്ടി പ്രെസിഡന്റും ഉദ്യോഗസ്ഥരും ഈ അപകടത്തിൽ കൊല്ലപ്പെട്ടു.

ഇത് ടുട്‌സി റിബലുകൾ ആസൂത്രണം ചെയ്തതാണ് എന്നായിരുന്നു ഹുട്ടു വിഭാഗത്തിന്റെ ആരോപണം. ഏപ്രിൽ ഏഴു മുതൽ ടുട്‌സികളെ തെരഞ്ഞുപിടിച്ചു കൊന്നു. തീവ്ര ഹുട്ടു വിഭാഗം തന്നെ ആസൂത്രണം ചെയ്തതാണ് ഈ റോക്കറ്റ് ആക്രമണം എന്നും ആരോപണമുണ്ട്. സത്യം ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ല. മെലിഞ്ഞു പൊക്കം കൂടുതലുള്ള ടുട്‌സികളെ പാൻഗാസ് എന്നറിയപ്പെടുന്ന വാൾ കൊണ്ടാണ് കൂടുതലും വെട്ടിയരിഞ്ഞത്. ടുട്‌സികൾ അഭയം തേടിയ പള്ളികളും സ്‌കൂളുകളും എല്ലാം കൊലക്കളമാക്കി അവർ നഗരവും ഗ്രാമവും എല്ലാം കയറി ഇറങ്ങിവംശഹത്യ തുടർന്നു. കൊച്ചുകുഞ്ഞുങ്ങളെ പോലും അവർ വെറുതെ വിട്ടില്ല. ടുട്‌സി സ്ത്രീകളെ കല്യാണം കഴിച്ച ഹുട്ടു പുരുഷന്മാരെ കൊണ്ട് അവരുടെ ഭാര്യമാരെ വകവരുത്താൻ കൽപ്പിച്ചിരുന്നു. റേഡിയോ വഴി കലാപത്തിന് ഹുട്ടു സേന അംഗങ്ങൾ ആഹ്വാനം നല്കുകയും അഭ്യസ്തവിദ്യരായ ഡോക്ടർമാർ. ജഡ്ജിമാർ,അധ്യാപകർ എല്ലാം സ്വന്തം അയൽക്കാരായ ടുട്‌സികളെ കൊലപ്പെടുത്തുവാൻ മുന്നിട്ടിറങ്ങി എന്നതാണ് യാഥാർഥ്യം. മാസ്സ് ഹിസ്റ്റീരിയ ബാധിച്ച മൂന്ന് മാസങ്ങൾ ആയിരുന്നു പിന്നീട്.

അക്കാലത്ത് അരങ്ങേറിയ ക്രൂരതകൾ വർണ്ണിക്കുക അസാധ്യം. ഇക്കാലയളവിൽ കണ്ണു മൂടിക്കെട്ടിയ ലോകം ഈ വംശഹത്യയെ ഒരു ചെറിയ വാർത്തയായി മാത്രമേ കണ്ടുള്ളൂ. അയ്യായിരം പേർ അടങ്ങുന്ന അധികസേനയെ വിട്ടു തരാൻ യുഎൻ പീസ് കീപ്പിങ് കമാൻഡർ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും നാമമാത്രമുണ്ടായിരുന്ന ഫോഴ്‌സിനെ തിരിച്ചു വിളിക്കുകയാണ് യുഎൻ ചെയ്തത്. 1994 ഏപ്രിൽ മുതൽ ജൂലൈ വരെ ഏകദേശം നൂറു ദിവസം നീണ്ട ഈ കലാപത്തിൽ പത്തു ലക്ഷത്തിനടുത്ത് ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടു. എട്ടു ലക്ഷത്തിലേറെ ടുട്‌സികളും ഒരു ലക്ഷത്തിനടുത്തു ഹുട്ടുകളും കൊല്ലപ്പെട്ടു എന്നാണ് കണക്ക്.

ജൂലൈ മാസമാകുമ്പോഴേക്കും ആർപിഎഫ് പോരാളികൾ കിഗാലി നഗരം കീഴ്‌പെടുത്തി. ഹുട്ടു നിയന്ത്രിത സർക്കാർ പുറത്താകുകയും ചെയ്തു. ഇരുപതു ലക്ഷത്തിനിടക്ക് ഹുട്ടു വംശജർ അഭയാർഥികളായി അയൽരാജ്യമായ കോംഗോയിലേക്ക് ചേക്കേറി. വംശഹത്യക്ക് നേതൃത്വം നൽകിയ ഭൂരിഭാഗം പേരും അഭയാർത്ഥികൾ എന്ന വ്യാജേന രക്ഷപ്പെടുകയാണ് ചെയ്തത്. ഹുട്ടു വിഭാഗവുമായി അനുരഞ്ജനത്തിന് തയ്യാറായ പോൾ കഗാമേ വൈസ് പ്രസിഡന്റ് ആവുകയും പ്രസിഡന്റ് ആയി ഹുട്ടു വിഭാഗം നേതാവ് ബിസിമുൻഗുവിനെ തെരഞ്ഞെടുക്കുകയും ചെയ്തു. 2000 മുതൽ പോൾ കഗാമേ പ്രസിഡന്റ് ആയി തുടരുന്നു.

ഇത്രയും വലിയൊരു വംശഹത്യ മറക്കാൻ പഠിച്ച ജനതയാണ് റുവാണ്ടയിലുള്ളത്. അവരിന്ന് സഹവർത്തിത്വത്തിന്റെ പാത പിന്തുടർന്ന് പുരോഗമനത്തിന്റെ ദിശയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ലോകം ഒരു നിമിഷം വിചാരിച്ചിരുന്നെങ്കിൽ തടയാമായിരുന്ന ആ വംശ ഹത്യ, ഇന്നും നീറുന്ന ഓർമ്മയായി, ചരിത്രത്തിലെ കറുത്ത ഏടായി നിലനിൽക്കുന്നു. അവരുടെ ലിബറേഷൻ ഡേ തീർച്ചയായും ലോകം അംഗീകരിക്കേണ്ടതും അനുമോദിക്കേണ്ടതുമാണ്. പരസ്പരം മാപ്പു കൊടുക്കാൻ തയ്യാറായ ഒരു ജനതയുടെ വീര ചരിതം കൂടിയാണത്. ഇനിയുമൊരു വംശഹത്യ മനുഷ്യകുലം നേരിടരുത് എന്ന ഓർമ്മപ്പെടുത്തലാണ് ജൂലൈ നാല്.

TAGS :

Next Story