Quantcast

രാകേഷ് ടികായത്തിന്റെ കണ്ണീർ വീണു; ഗാസിപ്പൂരിലേക്ക് അർധരാത്രി കർഷകരുടെ പ്രവാഹം

തന്റെ ഗ്രാമീണർ തനിക്കായി വെള്ളം കൊണ്ടുവരുന്നതു വരെ ഒരു തുള്ളി വെള്ളം കുടിക്കില്ലെന്നും ടികായത്ത് പ്രഖ്യാപിച്ചു

MediaOne Logo

  • Published:

    29 Jan 2021 4:24 AM GMT

രാകേഷ് ടികായത്തിന്റെ കണ്ണീർ വീണു; ഗാസിപ്പൂരിലേക്ക് അർധരാത്രി കർഷകരുടെ പ്രവാഹം
X

ന്യൂഡൽഹി: ഇന്നലെ വരെ രാകേഷ് ടികായത് ഭാരതീയ കിസാൻ യൂണിയൻ നേതാക്കളിൽ ഒരാൾ മാത്രമായിരുന്നു. ഗാസിപ്പൂരിൽ നിന്ന് കർഷകരെ ഒഴിപ്പിക്കുമെന്ന പരിഭ്രാന്തി പരന്ന വ്യാഴാഴ്ച രാത്രി അയാൾ കർഷകരുടെ രക്ഷകനായി അവതരിച്ചു. അയാളുടെ കണ്ണു നിറഞ്ഞതാണ് ഇന്നലെ ഗാസിപ്പൂരിലെ പ്രതിഷേധത്തെ തന്നെ മാറ്റി മറിച്ചത്.

നവംബർ അവസാനം മുതൽ പ്രദേശത്ത് തമ്പടിച്ച കർഷകരോട് ഒഴിഞ്ഞു പോകണമെന്നായിരുന്നു അധികൃതരുടെ നിർദേശം. ഇതിനായി ജില്ലാ ഭരണകൂടം നോട്ടീസും നൽകി. റിപ്പബ്ലിക് ദിനാഘോഷത്തിലെ അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ, ഏതു നിമിഷവും ഇതു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കർഷകർ. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ദേശീയ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ഈ ആശങ്കയ്ക്ക് ശക്തി പടർന്നു. അതിനിടെ ചില കർഷക സംഘടനകൾ സമരത്തിൽ നിന്ന് പിൻവലിഞ്ഞത് പുതിയ പ്രതിസന്ധിയായി.

വൈദ്യുതിയും വെള്ളവും മുടക്കി സർക്കാർ സമരത്തെ പരായപ്പെടുത്താൻ ആവതു ചെയ്തു കൊണ്ടിരുന്നു. കർഷകർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ കൂടിയായതോടെ സമരമുഖം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ടു.

ഈ വേളയിലാണ് രാകേഷ് ടികായത്ത് മാധ്യമങ്ങളെ കണ്ടത്. കീഴടങ്ങില്ലെന്നും തന്റെ ഗ്രാമീണർ തനിക്കായി വെള്ളം കൊണ്ടുവരുന്നതു വരെ ഒരു തുള്ളി വെള്ളം കുടിക്കില്ലെന്നും ടികായത്ത് പ്രഖ്യാപിച്ചു. വിതുമ്പിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഒഴിയില്ല. സർക്കാർ കർഷകർക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. പ്രതിഷേധസ്ഥലം ഒഴിയുന്നതിനേക്കാൾ ഭേദം ആത്മഹത്യ ചെയ്യുന്നതാണ്. അവർ കർഷകരെ ലാത്തികൊണ്ട് അടിച്ചു. അതിൽ പൊലീസിനെതിരെ അന്വേഷണം വേണം. കർഷകർ പ്രതിഷേധം തുടരും
രാകേഷ് ടികായത്ത്

ഇതിന്റെ വീഡിയോ കർഷകർക്കിടയിൽ വൈറലായി. ഇന്നലെ രാത്രി തന്നെ യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ നിന്ന് കൂടുതൽ കർഷകർ ഗാസിപ്പൂരിലേക്ക് പുറപ്പെട്ടു. നൂറു കണക്കിന് കർഷകരാണ് പുലർച്ചയോടെ ട്രാക്ടറുകളിൽ ഗാസിപ്പൂരിലെത്തിയത്.

യുപിയിലെ സിസൗലിയിലെ ടികായത്തിന്റെ വീടിനു മുമ്പിലും നൂറു കണക്കിന് കർഷകർ തടിച്ചുകൂടി. ഇതോടെ ഗാസിപ്പൂർ വിട്ടു പോകാൻ തീരുമാനിച്ച സഹോദരനും ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷനുമായ നരേഷ് ടികായത്ത് ഭാവി പരിപാടികൾ തീരുമാനിക്കാൻ മുസഫർ നഗറിൽ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചു.

ഗാസിപ്പൂരിലേക്ക് കർഷകർ കൂട്ടത്തോടെ എത്തിയതോടെ പൊലീസ് പതിയെ പിൻവാങ്ങി. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിക്കുള്ളിൽ ഒഴിഞ്ഞില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസിന്റെ മുന്നറിയിപ്പ്. യു.പി. പോലീസിന് പുറമേ കേന്ദ്രസേനയേയും സമരഭൂമിക്ക് ചുറ്റും വിന്യസിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗാസിപ്പുരിലേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story