Quantcast

കരിപ്പൂര്‍ - ജിദ്ദ വിമാന സര്‍വീസിന് സീറ്റില്ല; ഉംറ ഗ്രൂപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

ഉംറ സർവീസ് ഗ്രൂപ്പുകൾ നേരത്തെ തന്നെ ഭൂരിപക്ഷം സീറ്റുകളും കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്തിടുകയും, തീര്‍ഥാടകരിൽ നിന്നും ഉയർന്ന നിരക്ക് ഈടാക്കുകയും ചെയ്യുന്നതായുള്ള ആക്ഷേപം നിലനിൽക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    14 Dec 2018 7:49 AM IST

കരിപ്പൂര്‍ - ജിദ്ദ വിമാന സര്‍വീസിന് സീറ്റില്ല; ഉംറ ഗ്രൂപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം
X

ജിദ്ദ - കരിപ്പൂർ നേരിട്ടുള്ള സൗദി എയർലൈൻസ് വിമാനസർവീസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ഉയർന്ന ടിക്കറ്റ് നിരക്കും സീറ്റുകൾ ലഭ്യമല്ലാത്തതും പ്രവാസികളെ നിരാശപ്പെടുത്തുന്നു. നാട്ടിൽ നിന്നുള്ള ഉംറ സേവന ഗ്രൂപ്പുകൾ നേരത്തെതന്നെ സീറ്റുകൾ ഒന്നിച്ചു ബുക്ക് ചെയ്യുന്നതുകൊണ്ടാണ് മറ്റു യാത്രക്കാർക്ക് സീറ്റുകൾ ലഭിക്കാതിരിക്കുന്നത്. ഇത്തരം ഗ്രൂപ്പുകൾക്ക് സീറ്റുകൾ പരിമിതപ്പെടുത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം.

പ്രവാസി സംഘടനകളടക്കമുള്ള വിവിധ കൂട്ടായ്‍മകളുടെ ഏറെ നാളത്തെ സമരങ്ങളും ഇടപെടലുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള നിരന്തര പ്രതികരണങ്ങളുടെയുമെല്ലാം ഫലമായാണ് ജിദ്ദ-കരിപ്പൂർ നേരിട്ടുള്ള സൗദി എയർലൈൻസ് വിമാനസർവീസ് യാഥാർഥ്യമായത്. സർവീസ് ആരംഭിച്ച ആദ്യ ദിനം ജിദ്ദ - കരിപ്പൂർ വിമാനത്താവളങ്ങളിൽ ആവേശകരമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എന്നാൽ സർവീസാരംഭിച്ചു ഒരാഴ്ച പിന്നിടുമ്പോൾ പ്രവാസികളുടെ ആവേശവും സന്തോഷവും കുറഞ്ഞുവരുന്നതായാണ് സൂചനകൾ. ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസിൽ അവധിക്കു പോവാനാവശ്യമായ സീറ്റുകൾ ലഭ്യമല്ല എന്നുള്ളതും ഉള്ള സീറ്റുകൾക്ക് തന്നെ ഉയർന്ന നിരക്ക് നൽകേണ്ടിവരുന്നു എന്നതുമാണ് പ്രവാസികളെ നിരാശരാക്കുന്നത്.

ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കു നേരിട്ടുള്ള സൗദി എയർലൈൻസ് സർവീസിന് ഇരുവശത്തേക്കുമുള്ള യാത്രാടിക്കറ്റിനു കേവലം 2,100 റിയാൽ ഈടാക്കുമ്പോൾ അതേ ദിവസങ്ങളിൽ ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 3,300 റിയാലാണ്. നാട്ടിൽ നിന്നുള്ള ഉംറ സർവീസ് ഗ്രൂപ്പുകൾ വളരെ നേരത്തെ തന്നെ ഭൂരിപക്ഷം സീറ്റുകളും കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്തിടുകയും ശേഷം തീര്‍ഥാടകരിൽ നിന്നും ഉയർന്ന നിരക്ക് ഈടാക്കുകയും ചെയ്യുന്നതായുള്ള ആക്ഷേപം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഉംറ ഗ്രൂപ്പുകൾക്ക് അനുവദിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ഒരു നിശ്ചിത ക്വാട്ട ഏർപ്പെടുത്തണമെന്നും ബാക്കി സീറ്റുകൾ പ്രവാസികൾക്ക് അനുവദിക്കണമെന്നുമാണ് പൊതുവായ ആവശ്യം.

ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കു നേരിട്ടു സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ കൂടി തയ്യാറാവുകയാണെങ്കിൽ പ്രശ്നത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാവുമെന്നാണ് സൗദിയിലെ പടിഞ്ഞാറൻ മേഖലകളിലെ മലബാർ പ്രവാസികളുടെ പ്രതീക്ഷ.

TAGS :

Next Story