തൊഴില്‍ വിപണിയെ കുറിച്ച് പഠിക്കാന്‍ നിര്‍ദേശം സൗദി മന്ത്രിസഭ
പ്രധാന പ്രൊഫഷനുകളെ കുറിച്ചും, സ്വദേശിവല്‍ക്കരണ തോത് സംബന്ധിച്ച വിവരങ്ങളും തൊഴില്‍ മന്ത്രാലയം അറിയിക്കണം.

സൗദിയില്‍ നിലവിലെ തൊഴില്‍ വിപണിയെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സർക്കാർ വകുപ്പുകൾക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി. വിദേശികള്‍ കൂടുതലായി ഒഴിഞ്ഞ് പോകുന്ന തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണ തോതില്‍ മാറ്റം വരുത്താനും മന്ത്രിസഭ നിർദേശം നല്‍കി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
60 ദിവസത്തിനകം രാജ്യത്തെ തൊഴില്‍ കമ്പോളത്തിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. റോയല്‍ കോര്‍ട്ട് മേധാവി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ ഈസ ഇത് സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സ്വകാര്യമേഖലയിലെ തൊഴിലാളികളെ കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശമുണ്ട്.
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. പ്രധാന പ്രൊഫഷനുകളെ കുറിച്ചും, സ്വദേശിവല്‍ക്കരണ തോത് സംബന്ധിച്ച വിവരങ്ങളും തൊഴില്‍ മന്ത്രാലയം അറിയിക്കണം.
വിദ്യാഭ്യാസ മന്ത്രാലയത്തേയും ഹദഫ്, സാങ്കേതിക തൊഴില്‍ പരിശീലന കേന്ദ്രം എന്നിവയെയുമാണ് തൊഴില്‍ മന്ത്രാലയം ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടത്. വിദേശികള്‍ കൂടുതലായി ഒഴിഞ്ഞ് പോകുന്ന തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണ തോതില്‍ മാറ്റം വരുത്താനും, സ്വദേശികള്‍ ഇല്ലാത്തതോ കുറവുള്ളതോ ആയ മേഖലകളെ പ്രത്യേകം നിര്‍ണ്ണയിക്കുവാനും നേരത്തെ തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശമുണ്ടായിരുന്നു.
Adjust Story Font
16

