Quantcast

സൗദിയില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കമ്മീഷന്‍ നിലവില്‍ വന്നു

MediaOne Logo

Web Desk

  • Published:

    14 Dec 2019 1:26 AM IST

സൗദിയില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കമ്മീഷന്‍ നിലവില്‍ വന്നു
X

സൗദിയില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കമ്മീഷന്‍ നിലവില്‍ വന്നു. ഭരണാധികാരി സല്‍മാന്‍ രാജാവാണ് കമ്മീഷനെ നിയമിച്ച് രാജ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലെ മൂന്ന് അഴിമതി വിരുദ്ധ ഏജന്‍സികളെ ലയിപ്പിച്ചാണ് പുതിയ കമ്മിഷനെ പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍, സിവില്‍, സൈനിക ഉദ്യോഗസ്ഥ തലത്തിലെ അഴിമതികള്‍ തടയുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ കമ്മീഷന്‍. കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ എന്ന പേരിലാണ് പുതിയ ഏജന്‍സി. നിലവില്‍ അഴിമതി വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളെ തമ്മില്‍ ലയിപ്പിച്ചാണ് പുതിയ കമ്മീഷന്‍ നിലവില്‍ വന്നത്. ഇതോടെ കണ്‍ട്രോള്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ്, അഡ്മിനിട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ എന്നീ ഏജന്‍സികള്‍ ഇല്ലാതായി. പുതിയ ഏജന്‍സിയുടെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ താല്‍ക്കാലിക അധ്യക്ഷന്‍ സ്ഥാനം ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ പ്രസിഡന്റ് വഹിക്കും. അഴിമതിയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ പ്രത്യേകം അന്വേഷിക്കുന്നതിന് കമ്മീഷന് കീഴില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പ്രൊസിക്യൂഷന്‍ യൂനിറ്റും രൂപവല്‍ക്കരിക്കും. രാജ്യത്തെ മുഴുവന്‍ അഴിമതി കേസുകളുടെയും വിചാരണ റിയാദിലെ പ്രത്യേക കോടതിക്കായിരിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഉദ്യോഗസ്ഥരുടെ വരുമാനം സ്വന്തം വരുമാനത്തിനും മറ്റു വരുമാന സ്രോതസ്സുകള്‍ക്കും നിരക്കാത്ത നിലയില്‍ കണ്ടെത്തിയാല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കും. ഈ ഘട്ടത്തില്‍ സമ്പാദനം നിയമാനുസൃതമാണെന്ന് തെളിയിക്കേണ്ട ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കും. അല്ലാത്ത പക്ഷം നിയമ നടപടിക്ക് വിധേയമാക്കപ്പെടും.

TAGS :

Next Story