വിദേശ സന്ദർശകർക്ക് ഏറ്റവും പ്രിയങ്കരമായ 100 നഗരങ്ങളിൽ മക്കയും മദീനയും

വിദേശ സന്ദർശകർക്ക് ഏറ്റവും പ്രിയങ്കരമായ നഗരങ്ങളിൽ മക്കയും മദീനയും ഇടംപിടിച്ചു. ലോകത്തെ നാനൂറിലധികം നഗരങ്ങളുടെ കൂട്ടത്തിൽ സന്ദർശകർ തെരഞ്ഞെടുത്ത നൂറ് നഗരങ്ങളിൽ ഇരുപതാം സ്ഥാനത്ത് മക്കയും ഇരുപത്തി മൂന്നാം സ്ഥാനത്ത് മദീനയും ഇടം നേടി. ഹോങ്കോങ് ആണ് സന്ദർശകരുടെ ഏറ്റവും ഇഷ്ടടപെട്ട നഗരം.
ലോകത്ത് വിനോദ സഞ്ചാര വിപണികളെകുറിച്ച് പഠനം നടത്തുന്ന യൂറോ മോണിറ്റർ ഇന്റർനാഷണൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. 400 നഗരങ്ങളിൽ നിന്നും സഞ്ചാരികൾ ഏറ്റവും ഇഷ്ട്ടപ്പെടുന്ന 100 നഗരങ്ങളുടെ കൂട്ടത്തിൽ 20 ഉം 23 ഉം സ്ഥാനങ്ങളിലായാണ് മക്കയും മദീനയും ഇടം പിടിച്ചത്. അറബ് ലോകത്ത് മക്കക്ക് ഒന്നാം സ്ഥാനവും മദീനക്ക് രണ്ടാം സ്ഥാനവുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് മക്കയിൽ 98 ലക്ഷവും മദീനയിൽ 88 ലക്ഷവും സന്ദർശകർ എത്തിയതായാണ് കണക്ക്. 2.67 കോടി വിനോദ സഞ്ചാരികൾ സന്ദർശനം നടത്തിയ ഹോങ്കോങ് നഗരമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ചത്. രണ്ടാം സ്ഥാനത്ത് ബാങ്കോക്ക് നഗരമാണ്. ഇവിടെ ഈ വർഷം സന്ദർശനം നടത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 2.58 കോടിയാണ്. ലണ്ടൻ, മക്കാവ്, സിങ്കപ്പൂർ, പാരീസ് തുടങ്ങിയവയാണ് തൊട്ടു പിറകിൽ വരുന്ന നഗരങ്ങൾ. 1.6 കോടി സന്ദർശകരെത്തിയ ദുബായ് നഗരം ലിസ്റ്റിൽ ഏഴാം സ്ഥാനത്ത് ഇടംപിടിച്ചു. ആദ്യ 20 നഗരങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഡൽഹി, മുംബൈ എന്നിവയും ഇടംനേടിയിട്ടുണ്ട്.
Adjust Story Font
16

